(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
എന്റെ വീട്ടിലെ ലൈബ്രറിയിലുണ്ടായിരുന്ന മാസികകളും മറ്റും ഒന്നു പൊളിച്ചു ക്രമീകരിക്കുന്നതിനിടയില്‍, പത്രങ്ങളുടെ ഒരു കൂട്ടം കണ്ടുകിട്ടി. 1957-ലെ ദിനപത്രങ്ങളാണധികവും. അതിനുപിന്നില്‍ 1946 വരെയുള്ള ചിലതും ഇടയ്ക്കു കാണാന്‍ കഴിഞ്ഞു. ഈ പത്രങ്ങളെ ഞാനിവിടെ രണ്ടായി തരം തിരിക്കുന്നു. ഒന്നാമത്തേത് ഇന്നു ജീവിച്ചിരിക്കുന്നവ. അത് പത്തില്‍ കൂടില്ല. മരിച്ചുപോയവ കുറെക്കൂടി കൂടുതലാണ്. രണ്ടിനത്തിലുംപെട്ട കുറെ പത്രങ്ങള്‍ ഒന്നു മറിച്ചുനോക്കുകയാണിവിടെ. കൂട്ടിനു നിങ്ങളെയും വിളിക്കുന്നു.
ആദ്യം മലയാള മനോരമതന്നെയാവട്ടെ. ഇന്നു നമ്മുടെ ഏറ്റവും പ്രചാരമുള്ള ദിനപത്രം. 1954 ജൂണ്‍ 30-ലെ ലക്കം. പേജ് 8. വലിപ്പം ഇന്നത്തേതുതന്നെ. വില കാണുന്നില്ല. മുന്‍വശത്തെ ചിത്രം, പ്രധാനമന്ത്രി നെഹ്റുവും ചൈനയിലെ ചൗ-എന്‍ലായും പാലം വിമാനത്താവളത്തില്‍. ’96 കോടി ഏഷ്യന്‍ ജനതയുടെ നേതാക്കന്മാര്’ എന്നു ചിത്രത്തിനടിയില്‍ എഴുതിയിരിക്കുന്നു. ‘ഇന്ത്യാ-ചൈനാ ഭായി ഭായി’ എന്നു പറയുന്ന കാലമായിരുന്നു അത്. ഒന്നാം പേജിലെ പ്രധാന പരസ്യം ‘ഗര്ഭരക്ഷാഗുളിക.’ മുഖപ്രസംഗം കോണ്‍ഗ്രസ്സും പി. എസ്. പി. യും.’ ഗോവയിലെ നില ഗുരുതരം എന്നൊരു വാര്‍ത്ത മുന്‍പേജില്‍ ഉണ്ട്. പോര്‍ട്ടുഗീസ് ഭരണത്തിലാണെന്ന് ഗോവ. (1961 ഡിസംബര്‍ 19-ന് ഗോവ സ്വതന്ത്രയായി; ഇന്ത്യയോടു ചേര്‍ക്കപ്പെട്ടു.
ഇപ്പോള്‍ സംസ്ഥാനപദവിയും ലഭിക്കുന്നു). 1957 ഒക്ടോബര്‍ 3-ലെ ലക്കമാണ് മറ്റൊന്ന്. വില ഏഴു നയാപൈസാ. ഇന്ന് 90 പൈസ. (പതിമൂന്നിരട്ടി. മുപ്പതു വര്‍ഷത്തില്‍). മദ്രാസ് ഗവര്‍ണര്‍ എ.ജെ. ജോണിന്റെ ശവസംസ്കാരത്തെപ്പറ്റിയുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് ഒന്നാം പേജില്‍ മുഴുവന്‍. ഒക്ടോബര്‍ 3-ന് കോട്ടയത്ത് ആരംഭിക്കുന്ന സാഹിത്യപരിഷത്തിന്റെ 26-ാം സമ്മേളനം സംബന്ധിച്ച് ഒരു സപ്ളിമെന്റാണു നാലു പേജ്. മുഖപ്രസംഗവും പരിഷത്തുതന്നെ. പത്രാധിപര്‍ കെ. എം. ചെറിയാന്.
ഇനി ‘മാതൃഭൂമി’ യിലേക്കു വരാം. 1957 ആഗസ്റ്റ് 12 തിങ്കള്‍. പ്രധാന വാര്‍ത്ത രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ തിരുവനന്തപുരം സന്ദര്‍ശനം. ട്രെയിനിലാണ് രാഷ്ട്രപതി എത്തിയത്. അടുത്തത് ആഗസ്റ്റ് 14 ലക്കം. ഒന്നാം പേജില്‍ ഫോട്ടോ-രാഷ്്രടപതിയെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുംകൂടി സ്വീകരിക്കുന്നു. ഇ. എം. എസ്., മുണ്ടശ്ശേരി, ടി. വി. തോമസ് എന്നിവരെ വ്യക്തമായി കാണാം. ഗവര്‍ണര്‍ ബി. രാമറാവുവിന്റെ പിന്‍വശം. അകത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയുടെ അനാച്ഛാദനം സംബന്ധിച്ച റിപ്പോര്‍ട്ട്. ഏതാണ്ട് നാലു കോളം. സ്വദേശാഭിമാനിയുടെ ‘വൃത്താന്തപത്രപ്രവര്‍ത്തനം’ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് പ്രകാശിപ്പിക്കുവാന്‍ രാഷ്്രടപതിയെ ക്ഷണിച്ചുകൊണ്ട് ഞാന്‍ പ്രസംഗിച്ച വിവരവും റിപ്പോര്‍ട്ടിലുണ്ട്. ആഗസ്റ്റ് 19-ഉം 20-ഉം ആണ് മറ്റു രണ്ടു ലക്കങ്ങള്‍. ‘കേരള വിദ്യാഭ്യാസബില്ലില്‍ ഗണ്യമായ മാറ്റങ്ങള്‍’ ആണ് പ്രധാന വാര്‍ത്ത. ജോസഫ് മുണ്ടശ്ശേരിയുടെ പ്രസിദ്ധമായ ബില്‍. ലോകവിജ്ഞാനം മുഴുവനും പ്രാേദശികഭാഷകളിലൂടെ നേടാന്‍ കഴിയണം. കേരള ഗ്രന്ഥശാലാസംഘത്തിന് ആഫീസിനുവേണ്ടി 24,000 രൂപ ചെലവാക്കി ഗവണ്മെന്റ് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഇതില്‍ കാണുന്നു. തിരു-കൊച്ചിയിലെ അന്നത്തെ അരിവില എത്രയാണെന്നറിയണോ? മന്നിനു 17 ക. മുതല്‍ 19.ക വരെ. മാതൃഭൂമി മിക്ക ദിവസവും ആറു പേജാണ്. തിങ്കളാഴ്ച നാലുമാത്രം. വില ഏഴുപൈസ. പത്രാധിപര്‍ കെ. പി. കേശവമേനോന്. അടുത്തത് കേരള കൗമുദിയാണ്. മൂന്നു പത്രമുണ്ട് എന്റെ കൈയില്‍. 1950 മെയ് 9 ആണ് ആദ്യലക്കം. ഒന്നാം വശത്ത് 1125 മേടം 26 എന്നാണ് തീയതി അച്ചടിച്ചിരിക്കുന്നത്. പേജ് 4. വില കാണുന്നില്ല. 1957 ആഗസ്റ്റ് 13 ആണ് അടുത്തത്. പേജ് നാലുതന്നെ. വില 8 നയാപൈസ. ആദ്യപേജില്‍ തീയതിക്കു മാറ്റമുണ്ട്—ക്രിസ്തുവര്‍ഷമായി. പത്രാധിപര്‍ കെ. സുകുമാരന്‍ ബി.എ. ആണ്. ഒരു വാര്‍ത്തയുടെ തലക്കെട്ടു കാണുക. ‘മുണ്ടശ്ശേരിയെ ദഹിപ്പിച്ചു—ശവപ്പെട്ടിയെടുക്കാന് ആളില്ലാഞ്ഞതിനാല്‍.’ വിദ്യാഭ്യാസബില്ലിനെ പ്രതിഷേധിക്കാന്‍ കൂടിയ യോഗത്തിന്റെ റിപ്പോര്‍ട്ടാണ്. സെപ്തംബര്‍ 29 ഞായറാഴ്ചത്തെ പത്രം. ആറു പേജാണ്. പ്രധാന വാര്‍ത്ത: ‘ദക്ഷിണമേഖലയ്ക്ക് ഒരു പൊതുപോലീസ് സൈന്യം—ആഭ്യന്തരവകുപ്പുമന്ത്രി പാന്ത് അനുകൂലിക്കുന്നു. (ഇപ്പോഴത്തെ പ്രതിരോധമന്ത്രി കെ. സി. പന്തിന്റെ പിതാവ്). ‘എസ്. എന്‍. ഡി. പി. വാര്‍ഷികസമ്മേളനം വി. ജി. സുകുമാരനെ പ്രസിഡന്റായും കെ.ആര്. നാരായണനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.’ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട്.
ദീപികയുടെ നാലു ലക്കങ്ങളാണുള്ളത്. ആദ്യത്തേത് 1946 സെപ്തംബര്‍ 13. ഇന്നു 100 തികഞ്ഞ ദീപികയ്ക്ക് അന്ന് 60 കഴിഞ്ഞിരുന്നു. സൈസ് സാധാരണ പത്രങ്ങളെക്കാള്‍ കുറവാണ്. 4 പേജ്. വില ഒരണ. പത്രാധിപരുടെ പേരു കാണാനില്ല. ‘പട്ടിണി പരിഹരിക്കാന്‍ ഒരു ആഗോളപദ്ധതി—ഡോ. പി. ജെ. തോമസിന്റെ മദ്രാസ് പ്രസംഗം’ ആണു പ്രധാന വാര്‍ത്ത. മറ്റൊരു വാര്‍ത്ത തിരുവിതാംകൂര്‍ ദിവാന് സര് സി. പി. രാമസ്വാമി അയ്യര്‍ വൈസ്രോയിയുമൊന്നിച്ചു ഭക്ഷണം കഴിച്ചു എന്നാണ്. സി. പി., സര്‍ദാര്‍ പട്ടേലുമായി സുദീര്‍ഘമായി സംസാരിച്ചു എന്നും പിറ്റേന്നു ഗാന്ധിജിയേയും നെഹ്റുവിനേയും കാണുമെന്നുകൂടി റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏത്തക്കായുടെ പരമാവധി വില രണ്ടു ചക്രമായി നിശ്ചയിച്ചു എന്നും ഇതേ പത്രത്തിലുണ്ട് (രണ്ടു ചക്രം-ഏഴു പൈസ).
1957 ഒക്ടോബര്‍ 2-ലെ ദീപിക. വലിപ്പം സാധാരണ പത്രങ്ങളുടേതുതന്നെ. എ. ജെ. ജോണിന്റെ ചരമവാര്‍ത്തയാണ് ഒന്നാംപേജിലെ പ്രധാന വാര്‍ത്ത. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനം സ്വീകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡോ. ജോണ്‍ മത്തായി പ്രസ്താവിച്ചതാണു മറ്റൊന്ന്. (പിന്നീട് അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചു). സാഹിത്യപരിഷത്ത് പ്രമാണിച്ച് ഒരു നാലുപേജ് സപ്ലിമെന്റ് ഉള്‍പ്പെടെ എട്ടു പേജാണ് പത്രം. വില 13 ന. പൈസ. 1957 ആഗസ്റ്റ് 14, സെപ്തംബര്‍ 28 എന്നീ തീയതികളിലേതാണ് ദീപികയുടെ മറ്റു രണ്ടു ലക്കങ്ങള്‍. ‘വിദ്യാഭ്യാസ ബില്ല്—ഒരു രാഷ്ട്രീയ ഡൈനാമിറ്റ്’ ഇതാണ് ഒരു മുഖപ്രസംഗം. മറ്റൊരു റിപ്പോര്‍ട്ടുകൂടി കാണുക: ‘കോട്ടയത്തെ സംയുക്തമഹാസമ്മേളനം—കെ.എ. ദാമോദരമേനോന്‍, പി.ടി. ചാക്കോ, പനമ്പിള്ളി, ബാഫക്കിതങ്ങള് മുതലായവര്‍ പ്രസംഗിക്കുന്നു.’ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ തൂത്തെറിയാനുള്ള ശ്രമം ഈ റിപ്പോര്‍ട്ടുകളില്‍ നിഴലിച്ചുകാണുന്നു.
ഇനി ജനയുഗത്തിന്റെ രണ്ടു ലക്കങ്ങള്‍. ഒന്ന് 1954 ഡിസംബര്‍ 8. നാലു പേജ്. ഒന്നേകാലണ. പത്രാധിപര്‍ എന്‍. ഗോപിനാഥന്‍നായര്‍. ഡിസംബര്‍ 24 മുതല്‍ 28 വരെ തിരുവനന്തപുരത്തു നടക്കുന്ന സാഹിത്യപരിഷത്തിന്റെ അറിയിപ്പ് ഇതിലുണ്ട്. ‘ഇക്കൊല്ലം പാമ്പുകടി കൂടുതലുണ്ടാവും’ എന്നാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. ജപ്പാനിലെ യോഷ്ദാ മന്ത്രിസഭ രാജിവെക്കുന്നു എന്നതത്രെ പ്രധാന വാര്‍ത്ത. 1957 ആഗസ്റ്റ് 31-ലെ ജനയുഗവുംകൂടി നോക്കാം. വില ഒന്നേകാലണയ്ക്കു പകരം 8 നയാപൈസ ആയിട്ടുണ്ട്. ‘വിദ്യാഭ്യാസബില്ലിന്റെ എല്ലാ വകുപ്പും നിയമസഭ പാസ്സാക്കി’യതാണ് ഒന്നാം പേജിലെ ഒന്നാമത്തെ വാര്‍ത്ത. ‘കശുവണ്ടിത്തൊഴിലാളി സമരം തുടരുന്നു; പാരിപ്പള്ളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.’ ഇതാണ് മറ്റൊന്ന്. മൂന്നു മുഖ്യമന്ത്രിമാരുടെ നന്നാലു മാസത്തെ ചെലവ് അസംബ്ലിയിലെ ഒരു ചോദ്യത്തിനുത്തരമായി പുറത്തുവന്നത് ഈ ജനയുഗത്തിലുണ്ട്. ഇ.എം.എസി.ന് 5145 ക. പനമ്പിള്ളിക്ക് 9433 ക. പട്ടത്തിന് 9373 ക. യും.
1954-ലെയും ’57-ലെയും ഓരോ ദേശാഭിമാനി ഇനി ഹാജരാക്കട്ടെ. നാലു പേജ്. വില ഒരണ. പത്രാധിപര്‍ വി.ടി. ഇന്ദുചൂഡന്. 1954 നവംബര്‍ 24-ന്റെ പത്രത്തിലെ പ്രധാന വാര്‍ത്ത: ‘വിഷിന്സ് കി അന്തരിച്ചു എന്നതാണ്. മൂന്നു കോളം വേലിക്കകത്ത് അതിപ്രാധാന്യം നല്‍കിയാണ് വാര്‍ത്ത ചേര്‍ത്തിരിക്കുന്നത് (വിഷിന്‍സ്കി ഐക്യരാഷ്ട്രസഭയില്‍ സോവിയറ്റ് പ്രതിനിധിസംഘത്തിന്റെ നേതാവായിരുന്നു). മുഖപ്രസംഗവും വിഷിന്സ്കിതന്നെ.
1957 സെപ്തംബര്‍ 28-ലെ ദേശാഭിമാനിയിലെ ഒരു റിപ്പോര്‍ട്ട് ഇതാ: ‘മന്ത്രി മജീദിനെ ആക്രമിക്കാന്‍ ശ്രമം. കാഞ്ഞിരപ്പള്ളിയില്‍ നടന്ന സംഭവം. അക്രമികള്‍ ഡി.സി.സി. പ്രസിഡണ്ടിന്റെ ജീപ്പ് ഉപയോഗിച്ചു.’ ‘കേരളത്തിലെ സാമൂഹ്യവികസനപ്രവര്ത്തനം ആറുമാസം മുമ്പ് (കോണ്‍ഗ്രസ് ഭരണത്തില്‍) നിരാശാജനകമായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്രമന്തി എസ്. കെ. ഡെയുടെ ആഹ്ലാദവും സംതൃപ്തിയും.’ ഇത് മറ്റൊരു റിപ്പോര്‍ട്ടാണ്.
ചന്ദ്രികയുടെ രണ്ടു ലക്കമാണ് അടുത്തത്. 1951 നവംബര്‍ 14 ആണ് ഒന്ന്. പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇവയാണ്: ‘വിന്സ്റ്റന് ചര്‍ച്ചിലിന്റെ അമേരിക്കന്‍ യാത്ര ജനുവരി ആദ്യം.’ ‘ഈജിപ്റ്റിന്റെ നിലയ്ക്കും മാറ്റമുണ്ടാവില്ല.’ ‘ഡോ. എ. രാമസ്വാമി മുതലിയാര്‍ തിരുവിതാംകൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി നിയമിക്കപ്പെട്ടു.
1957 ഒക്ടോബര്‍ 4-ന്റെ ചന്ദ്രികയില്‍ വന്ന ചില വാര്‍ത്തകളും കുറിപ്പുകളും:
(1) ഒക്ടോബര്‍ 4-ന് കേരള സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഒഴിവു നല്കിയിരിക്കുന്നു; അന്തരിച്ച മദ്രാസ് ഗവര്‍ണര്‍ എ.ജെ. ജോണിന്റെ സ്മരണയ്ക്കുവേണ്ടി. (2) ജബല്‍പ്പൂര്‍ സര്‍വകലാശാല ഗാന്ധിജയന്തിദിനത്തില്‍ ആഭ്യന്തരമന്ത്രി പണ്ഡിറ്റ് ഗോവിന്ദ വല്ലഭ പന്ത് ഉദ്ഘാടനം ചെയ്തു. (3) സാഹിത്യപരിഷത്ത് സമ്മേളനം കോട്ടയത്ത് കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീര്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രികയുടെ പത്രാധിപര്‍ ’51-ലും ’57-ലും സി. എച്ച്. മുഹമ്മദ്കോയതന്നെ. പ്രതത്തിന് നാലു പേജ്. ’51-ല്‍ വില ഒരണ. ’57-ല്‍ ഏഴ് ന. പ.
കേരളഭൂഷണമാണ് മറ്റൊരു പത്രം. 1950 സെപ്തംബര്‍ 6. ഒന്നാംപേജില്‍ എന്റെ ‘കറുപ്പും വെളുപ്പും’ എന്ന കോളമുണ്ട്. 1957 ആഗസ്റ്റ് 31. ‘വിദ്യാഭ്യാസബില്ലിന്റെ രണ്ടാംവായന പൂര്‍ത്തിയായി’ എന്നതാണു പ്രധാന വാര്‍ത്ത. ഡോ. ജോണ്‍ മത്തായി വൈസ്ചാന്‍സലര്‍ ആകാന്‍ സമ്മതിച്ചുവെന്നതാണ് മറ്റൊന്ന്. ഇനി ഒരു വാര്‍ത്തയുടെ തലക്കെട്ട് കാണുക! മുണ്ടശ്ശേരിക്ക് ഒരു കോളാമ്പി സ്പീക്കര്‍ വച്ചുകൊടുക്കണമെന്ന് പട്ടം.’ ഒന്നുരണ്ടു വാര്‍ത്തകള്‍ കൂടി: സുപ്രസിദ്ധ ഹാസ്യനടന് എന്‍. എസ്. കൃഷ്ണന് (49) മരിച്ചു. പി.എസ്.പി.യില്നിന്ന് സി. ജി. ജനാര്ദ്ദനന് രാജിവച്ചു.
1957 ഒക്ടോബര്‍ 6-ലെ കേരളഭൂഷണംകൂടി നോക്കാം: ‘അത്യാകര്‍ഷകമായ കുട്ടികളുടെ സമ്മേളനം. പരിഷത്ത് നഗരിയെ കോള്മയിര് കൊള്ളിച്ച കലാപ്രകടനങ്ങള്‍.’ ഭൂഷണത്തിന്റെ മാനേജിങ് എഡിറ്റര്‍ എ. വി. ജോര്‍ജ്ജും എഡിറ്റര്‍ കെ. സി. സഖറിയായും ആയിരുന്നു.
തൃശൂരെ എക്സ്പ്രസ്സ്. 1955 മാര്‍ച്ച് 16. പത്തുവര്‍ഷമേ ആയിട്ടുള്ളു തുടങ്ങിയിട്ട്. പത്രാധിപര്‍ കെ. കൃഷ്ണന്. നാലു പേജ്. അരയണ. (വലിപ്പം സാധാരണ പത്രത്തിന്റെ പകുതിമാത്രം). തൃശൂര്‍ ജലവിതരണ പദ്ധതിയുടെ ശിലാസ്ഥാപനം തിരു-കൊച്ചി മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന് നിര്‍വഹിച്ചതും, തിരു-കൊച്ചിയില്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും വിഭജിച്ചതുമാണ് രണ്ടു വാര്‍ത്തകള്‍. 1957 ആഗസ്റ്റ് 8-ലെ എക്സ്പ്രസ്സിന്റെ നാലു പേജില്‍ പകുതിയും അലിഞ്ഞുപോയിരിക്കുന്നു. അകത്ത് പുസ്തകാഭിപ്രായമുണ്ട് — ഇടശ്ശേരിയുടെ ‘അളകാവലി’, കേശവദേവിന്റെ ‘മുന്നോട്ട്’ തുടങ്ങി അഞ്ചാറു പുസ്തകങ്ങള്‍. ഇടശ്ശേരിയുടെ പുസ്തകം നിരൂപണം ചെയ്തിരിക്കുന്നത് പുത്തേഴത്ത് രാമമേനോന്. ആഗസ്റ്റ് 13-ലെ പത്രംകൂടിയാവട്ടെ: ‘ആയുര്‍വ്വേദം കൂടുതല്‍ ഉപയോഗിക്കണം.
രാഷ്ട്രപതിയുടെ ഉദ്ബോധനം തിരുവനന്തപുരത്ത്.’ ഇതാണ് ഒന്നാംവശത്തെ പ്രധാന വാര്‍ത്ത.
കേരളാ ടൈംസ് ആണ് ഇനി. 1957 ഒക്ടോബര്‍ 2. ഒന്നാം പുസ്തകം ഒന്നാം ലക്കം. എറണാകുളം. നാലു പേജ്. വില ആറു നയാപൈസ (ഒരണ). പത്രാധിപര്‍: ജേക്കബ് കിത്തു ബി. എ. ടൈംസിന്റെ ലക്ഷ്യങ്ങളെപ്പറ്റി ഒന്നാം പേജില്‍ അറിയിപ്പും അകത്തു മുഖപ്രസംഗവും. ഇത്രയും കൊണ്ടു ജീവിച്ചിരിക്കുന്ന പത്രങ്ങള്‍ തീര്‍ന്നു. ബാക്കി അടുത്തതിലാവാം.
മെയ് 12, 1987