(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
കുറച്ച് അസാധാരണമായ ഒരു പുസ്തകപ്രകാശനം ഗാന്ധിജയന്തി ദിനത്തില്‍, അതും രാവിലെ, തിരുവനന്തപുരത്തു നടത്തി. പുസ്തകം, പ്രശസ്ത ജീവചരിത്രകാരനായ കൃഷ്ണകൃപലാനിയുടെ ‘ഗാന്ധി: എ ലൈഫ്.’ മലയാളതര്ജ്ജമയുടെ പേര് ‘മഹാത്മാഗാന്ധി.’ ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രസാധകര്, ദില്ലിയിലെ നാഷണല്‍ ബുക് ട്രസ്റ്റ് ഇന്ത്യ, മലയാളം ഡി.സി. ബുക്സിന്റേതും.
ഗാന്ധിജിയുടെ 127-ാം ജന്മദിനമായ ഒക്ടോബര്‍ രണ്ടിന്, മലയാളവിവര്‍ത്തനം പ്രകാശിപ്പിക്കണമെന്ന് ഇ.എം.എസ്സിനോടു ഞങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. 200-ലധികം പേജ് വരുന്ന ഇംഗ്ലീഷ് പുസ്തകം കൃത്യം 30 ദിവസത്തില്‍ വിവര്‍ത്തനം ചെയ്തുതരണമെന്ന് എം.പി. സദാശിവനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹവും സമ്മതിച്ചു. ഇതേ ദിവസംതന്നെ രണ്ടുമാസം കഴിഞ്ഞ് തിരുവനന്തപുരത്ത് യോഗം നടത്താനുള്ള ആഡിറ്റോറിയവും ഏര്‍പ്പാടുചെയ്തു. യോഗം നടത്തുന്നതിന് 10 ദിവസംമുമ്പ് ക്ഷണക്കത്ത് അച്ചടിച്ച് എല്ലാവര്ക്കും അയച്ചു. പത്രങ്ങള്‍ക്കു പരസ്യവും നല്കി. ഇത്രയും കഴിഞ്ഞപ്പോള്‍ അറിവുകിട്ടി. ഞങ്ങള്‍ ഏര്‍പ്പാടുചെയ്തിരുന്ന ഹാള്‍, അബദ്ധത്തില്‍ മറ്റൊരു കൂട്ടര്‍ക്കു കൊടുത്തുപോയി എന്ന്. ഇത് അബദ്ധമായാലും സുബദ്ധമായാലും ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി.
തര്‍ജ്ജമ കൃത്യസമയത്ത് കിട്ടി. അച്ചടിയും നിശ്ചിത സമയത്തു തീര്‍ന്നു. മീറ്റിങ്ങിന് 20 ദിവസംമുമ്പാണ് പത്രവാര്‍ത്ത കണ്ടത്: ഇ.എം.എസ്സിന് അസുഖം. രണ്ടാഴ്ച വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. എങ്കിലും രോഗം സാരമില്ല, യോഗത്തിനു വരുമെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. പെട്ടെന്നാണ്, ജനകീയാസൂത്രണ സമിതി രണ്ടാം തീയതി രാവിലെ 10.30-നു ചേരാന്‍ തീരുമാനിച്ചു എന്ന വിവരം കിട്ടിയത്. അതിന്റെ അതിപ്രധാനമായ യോഗമാണ്. ചെയര്മാന് എന്ന നിലയില്‍ ഇ.എം.എസ്സിന് അതിനു പോയേ പറ്റൂ. ഞാന്‍ യോഗദിവസം ഒരു മണിക്കൂര്‍ മുമ്പ് ഇ.എം.എസ്സിനെ വീട്ടില്‍ ചെന്നുകണ്ടു. 10.30-നു പകരം കൃത്യം 10.25ന് യോഗസ്ഥലത്ത് എത്തിയാല്‍ അഞ്ചുമിനിട്ട് കഴിയുമ്പോള്‍ തിരിയെ വിടാമെന്നായിരുന്നു എന്റെ വ്യവസ്ഥ. അദ്ദേഹം അഞ്ചുമിനിറ്റ് മുമ്പെത്തി. സദസ്സ് നിറഞ്ഞതാണ്. എല്ലാവരും നേരത്തെ വന്നിരിക്കുന്നു. ഇ.എം.എസ്സിനെ ഇരുത്തിയിട്ട് ഞാന്‍ സദസ്സില്‍ ഇങ്ങനെ പറഞ്ഞു: ”മീറ്റിങ് തുടങ്ങേണ്ടത് 10.30-നാണ്. അഞ്ചുമിനിറ്റ് മുമ്പേ തുടങ്ങുന്നതു ക്ഷമിക്കണം. ഇ.എം.എസ്സിനെ വിട്ടിട്ട് സ്വാഗതപ്രസംഗം തുടങ്ങിയ മറ്റു പരിപാടികള്‍ നടത്തും.”
ഇ.എം.എസ്. കൃത്യം അഞ്ചുമിനിട്ട് മാത്രം സംസാരിച്ചിട്ട്, പുസ്തകം പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി ജുബ്ബാ രാമകൃഷ്ണപിള്ളയ്ക്ക് നല്കിക്കൊണ്ടു പ്രകാശനം ചെയ്തു. തുടര്‍ന്ന് സ്വാഗതം, ഡോ.കെ. രാമചന്ദ്രന്‍നായരുടെ അധ്യക്ഷപ്രസംഗം, പി. ഗോപിനാഥന്‍നായര്‍, ചെറിയാന് ഫിലിപ്പ് എന്നിവരുടെ പ്രസംഗം. എം.പി. സദാശിവന് കൃതജ്ഞത പറഞ്ഞു. ഇടയ്ക്കു നറുക്കെടുപ്പുമുണ്ടായി. മൂന്നു ഭാഗ്യവാന്മാര്ക്ക് മഹാത്മാഗാന്ധി, ഗാന്ധിജിയുടെ ആത്മകഥ, ഗാന്ധിസാഹിത്യസംഗ്രഹം എന്നിവ ലഭിച്ചു. ഇംഗ്ലീഷില്‍, കേന്ദ്രസര്‍ക്കാരിന്റെ പബ്ലിക്കേഷന്‍ ഡിവിഷന് പ്രസിദ്ധീകരിച്ച ‘കംപ്ലീറ്റ് വര്‍ക്സ് ഓഫ് ഗാന്ധി’ (100 വാല്യം) എന്ന പുസ്തകം പ്രദര്‍ശനത്തിനു വച്ചിരുന്നു. 50,000 ക.വരെ വില വയ്ക്കാവുന്ന ഈ 100 വാല്യവും കൂടി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 2500 ക. മാത്രം വാങ്ങിക്കൊണ്ടാണ്.
മഹാത്മാഗാന്ധി ഭയപ്പെട്ട അപചയം കോണ്‍ഗ്രസ്സില്‍ മാത്രമല്ല ആ പാര്‍ട്ടിയെ പുറംതള്ളി അധികാരത്തില്‍ വന്ന ജനതാദള്‍ നേതാക്കളെയും ബാധിച്ചിരിക്കയാണെന്ന് മഹാത്മാഗാന്ധിയുടെ ജീവചരിത്രം പ്രകാശിപ്പിച്ചുകൊണ്ട് ഇ.എം.എസ്. പറഞ്ഞു. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുന്‍പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ദേവഗൗഡ ശ്രമിച്ചത്, ഇതാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് ഗാന്ധിജിയെ ദുഃഖിപ്പിച്ചത് ഇന്ത്യ-പാക് വിഭജനമായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍, അതിനെക്കാള്‍ അദ്ദേഹത്തെ ദുഃഖിപ്പിച്ചത് കോണ്‍ഗ്രസ് ഭരണാധികാരികളുടെ അപചയമായിരുന്നു.” ഇ.എം.എസ്.
തുടര്‍ന്നു: കോണ്‍ഗ്രസ് അധികാരം കയ്യാളുന്ന പാര്‍ട്ടിയാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. പുതിയൊരു സംഘടനയുടെ രൂപരേഖ തയ്യാറാക്കുന്നതിനിടയിലാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്. അദ്ദേഹം ഭയപ്പെട്ട അപചയം ഏറ്റവും രൂക്ഷമായിരിക്കയാണ് ഇന്നെന്നും ഇ.എം.എസ്. ചൂണ്ടിക്കാട്ടി. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സമൂഹം ഉണ്ടാകണം. ഗാന്ധിയന്‍ സാഹിത്യത്തിലേക്കു വെളിച്ചംവീശുന്ന ഗ്രന്ഥങ്ങള്‍ ആവശ്യമാണെന്നും അത്തരം പുസ്തകമാണ് കൃഷ്ണകൃപലാനിയുടെ ഗാന്ധി എന്നും ഇ.എം.എസ്. പ്രസ്താവിച്ചു.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സമുന്നതനായ നേതാവാണ് ഇ.എം.എസ്. എന്നും; ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധിയനുമാണ് അദ്ദേഹമെന്നും ഡോ. രാമചന്ദ്രന്‍നായര്‍ അഭിപ്രായപ്പെട്ടു. കളിമണ്ണില്നിന്നു മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഗാന്ധിജിയെപ്പറ്റി പറയാറുണ്ട്. കളിമണ്ണില്നിന്നു വജ്രം വാര്‍ത്തെടുക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. ഇ.എം.എസ്. ഗാന്ധിയുഗത്തിന്റെ ആരംഭത്തില്‍തന്നെ തന്റെ ആദര്‍ശങ്ങളും ഗാന്ധിയുടെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച ആളാണ്.
ഏറ്റവും അധികം പ്രതിഫലം; വര്‍ഷം മൂന്നുലക്ഷം രൂപ; കിട്ടുന്ന എഴുത്തുകാരനാണ് ഇ.എം.എസ്. എന്നും രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ആ തുക അദ്ദേഹം കൈകൊണ്ടു തൊടില്ല. നേരെ പാര്‍ട്ടി ഫണ്ടിലേക്കു പോകുന്നു. മാര്‍ക്സിസ്റ്റുകാരുടെ കൂട്ടത്തിലെ ഗാന്ധിയനാണ്, ഇ.എം.എസ്. എന്നും അദ്ദേഹം പ്രസ്താവിച്ചു. കൃപലാനിയുടെ, മഹാത്മാഗാന്ധി മലയാളത്തിലെ ഗാന്ധിസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നും അധ്യക്ഷന്‍ പറയുകയുണ്ടായി. ഗാന്ധി സ്മാരകനിധിയും ഡി.സി. ബുക്സും കറന്റ് ബുക്സും ഗാന്ധിയന്‍ പുസ്തകങ്ങള്‍ കുറഞ്ഞവിലയ്ക്ക് ജനമധ്യത്തിലിറക്കാന് ശ്രമിക്കുന്ന സ്ഥാപനങ്ങളാണെന്ന് വാര്‍ദ്ധയിലെ സേവാഗ്രാം ആശ്രമത്തിന്റെ പ്രസിഡന്റ് കൂടിയായ പി.ഗോപിനാഥന്‍നായര്‍ പറഞ്ഞു. ഇ.എം.എസ്സിനെപ്പറ്റി അധ്യക്ഷന്‍ പറഞ്ഞ പല കാര്യങ്ങളോടും അദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചു. കൃഷ്ണകൃപലാനിയും താനും ഒന്നിച്ച് ടാഗോറിന്റെ വിശ്വഭാരതിയില്‍ കഴിച്ചുകൂട്ടിയ കാലം ഗോപിനാഥന്‍നായര്‍ അനുസ്മരിക്കയുണ്ടായി. പോര്‍ബന്തര്‍ മുതല്‍ രാജ്ഘട്ട്വരെയുള്ള ഗാന്ധിജിയെ ഈ ഗ്രന്ഥത്തില്‍ കൃപലാനി വിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു. മാര്‍ക്സിസത്തില്‍ ഒട്ടുവളരെ നല്ല കാര്യങ്ങളുണ്ടെന്നും ഇപ്പോള്‍ പരീക്ഷിച്ച മാര്‍ഗ്ഗം പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ ആദര്ശങ്ങളോടെല്ലാം യോജിപ്പില്ലെങ്കിലും ഗാന്ധിയന്‍ ജീവിതരീതി ജീവിതത്തില്‍ പകര്‍ത്തിയ ഇ.എം.എസ്സിനു ഗാന്ധിജിയെപ്പറ്റിയുള്ള ഗ്രന്ഥം പ്രകാശിപ്പിക്കാന്‍ എല്ലാ അര്‍ഹതയുമുണ്ടെന്ന് ദേശീയവേദി പ്രസിഡന്റ് ചെറിയാന് ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള കക്ഷികളിലെ ഛോട്ടാ നേതാക്ക•ാര്പോലും രമ്യഹര്‍മ്മ്യങ്ങളില്‍ കഴിഞ്ഞുകൂടുമ്പോള്‍ മകളുടെ വാടകവീട്ടിലെ കുടുസുമുറിയില്‍ ഇ.എം.എസ്. കഴിയുന്നതുതന്നെ ഇതിനു നല്ല തെൡാണ്.