( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) സെപ്തംബര്‍, 1983
കാരൂര്‍ എന്നു പറഞ്ഞാല്‍ കാരൂര്‍ നീലകണ്ഠപിള്ള. ബാലചന്ദ്രന് എന്നത് ഒരു കൊച്ചു പുസ്തകത്തിന്റെ പേരാണ്. കേശവപിള്ള എന്നാല്‍, തിരുവല്ല കേശവപിള്ള. ഞാന്‍ എന്നു വച്ചാല്‍ ഞാന്‍തന്നെ. കാരൂര്‍ എട്ടു വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞു. കേശവപിള്ള ഒന്നര വര്‍ഷം മുമ്പും. ഇനി കഥയിലേക്കു കടക്കട്ടെ. അതിനു മുമ്പ് ഒരു കാര്യംകൂടി. ഈയിടെ ‘പാട്ടബാക്കി’ എന്ന നാടകത്തിന്റെ കര്‍ത്തൃത്വത്തെപ്പറ്റി നടന്ന തര്‍ക്കത്തിനിടയില്‍ കാരൂരിന്റെ പേരില്‍ പ്രസിദ്ധപ്പെടുത്തിയ ‘ബാലചന്ദ്രന്റെ’ കര്‍ത്താവ് തിരുവല്ല കേശവപിള്ളയാണെന്ന് പെരുന്ന കെ. എന്‍. നായര്‍ മാതൃഭൂമിയില്‍ എഴുതുകയുണ്ടായി. ഇതേപ്പറ്റി ചിലരൊക്കെ എന്നോടു നേരിട്ടും കത്തുമൂലവും അന്വേഷിക്കയും ചെയ്തു. മുപ്പത്തിമൂന്നു വര്‍ഷത്തിനു ശേഷമെങ്കിലും സത്യാവസ്ഥ വെളിപ്പെടുത്തേണ്ടതാവശ്യമാണെന്ന് എനിക്കു ബോദ്ധ്യം വന്നു.
1950 ഫെബ്രുവരിയോ, മാര്‍ച്ചോ അല്ലെങ്കില്‍ അതിനടുത്തതോ ആയ മാസം.
ഞാന്‍ അന്ന് കോട്ടയം വൈ. എം. സി.എ.യിലാണ് താമസം. ഒരു ദിവസം രാവിലെ അഞ്ചിന് ഉണര്‍ന്നു പത്രം വായിക്കാന്‍ തുടങ്ങി. ‘തലസ്ഥനവാര്ത്ത’കളിലെ ഒരു ചെറിയ ഇനം കണ്ണില്‍പ്പെട്ടതോടെ പത്രംവായന നിര്‍ത്തി. രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ വിദ്യുത്പ്രവാഹംപോലെ തലയ്ക്കുള്ളില്കൂടി എന്തോ ഒക്കെ കടന്നുപോയി. ഞാന്‍ പത്രവുമെടുത്ത് കാരൂര്സാറിന്റെ വീട്ടിലേക്കു നടന്നു. 20 മിനിറ്റ് നടപ്പുണ്ട്. ചെന്നു വിളിച്ച ഉടനെ അദ്ദേഹം എഴുന്നേറ്റുവന്നു.
മുഖവുരയൊന്നും കൂടാതെ ഞാന്‍ ഇങ്ങനെ തുടങ്ങി: ‘ഇന്നത്തെ മനോരമയിലൊരു വാര്‍ത്ത കണ്ടു. അതെപ്പറ്റി ഒന്നാലോചിക്കണമെന്നുതോന്നി.’
‘എന്തു വാര്‍ത്ത?’
‘പാഠപുസ്തകകമ്മറ്റിക്കു പുസ്തകം സമര്‍പ്പിക്കാനുള്ള അവസാനദിവസം 27-ാം തീയതിയാണ്. നമുക്ക് ഒന്നു നോക്കിയാലോ?’
‘അതിന് ഇനി 18 ദിവസമല്ലേ ഉള്ളു. ഇതിനിടയ്ക്ക് ഒന്നും നടക്കുകയില്ലല്ലോ.’
ഞാന്‍ സ്വല്പമൊന്നു ശബ്ദമുയര്‍ത്തി പറഞ്ഞു: ‘സാര്‍ പറഞ്ഞതു ശരിയാ. സാധാരണഗതിയില്‍ നടക്കുകയില്ല. പക്ഷേ, നടത്തണമെന്നുവച്ചാല് നടക്കും.’
‘ആകട്ടെ, അതിനു പറ്റിയ പുസ്തകമൊന്നുമില്ലല്ലോ നമുക്കു കൈയില്‍.’
‘ഇതെല്ലാം ഞാന്‍ ഇങ്ങോട്ടു വന്ന വഴിക്ക് ആലോചിച്ചു. പുസ്തകം ഉണ്ടാക്കണം. അച്ചടിക്കണം. 27-നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കയും വേണം. എല്ലാം വിഷമം പിടിച്ച കാര്യംതന്നെ. എങ്കിലും…’
‘ഏതാ പുസ്തകം?’
‘കാരൂര്സാറിന്റെ ഒരു പുസ്തകംതന്നെ വേണം.’
‘എന്റെ കൈയില്‍ പുസ്തകമൊന്നുമില്ലല്ലോ, അതിനു പറ്റിയത്.’
‘പുതുതായി എഴുതിയേ മതിയാവൂ.’
നടക്കാത്ത കാര്യം എന്ന മട്ടില്‍ കാരൂര്‍സാര്‍ തലയൊന്ന് ആട്ടി.
ഞാനിങ്ങനെ തുടര്‍ന്നു:
‘ഇതിനൊക്കെ മാര്‍ഗം ആലോചിച്ചിട്ടുണ്ട്.’
അതൊന്നു കേട്ടോട്ടെ എന്ന മട്ടില്‍ അദ്ദേഹം എന്നെ ഒന്നു നോക്കി. എന്‍.ബി.എസ്സും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘവും തമ്മില്‍ ലയിച്ചത് 1949 ജൂണിലായിരുന്നു. എന്‍.ബി.എസ്. കളരിക്കല്‍ ബസാറില്ത്തന്നെ തുടര്‍ന്നു. സംഘം വയസ്കരെയുള്ള കെട്ടിടത്തിലും. എന്‍.ബി.എസ്സിന്റെ ചുമതല ഞാനും സംഘം ആഫീസിന്റെ ചുമതല കാരൂരും വഹിച്ചു. എനിക്കു സഹായത്തിന് ഒരു അറ്റന്‍ഡര്‍ ഉണ്ടായിരുന്നു. കാരൂര്സാറിന് അതുമില്ല (സെക്രട്ടറിമുതല്‍ പ്യൂണ്‍വരെ സകലതും തന്നത്താനെ ചെയ്യണം). എന്റെ മനസ്സില്‍ തയ്യാറാക്കി അടുക്കിവച്ചിരുന്ന പദ്ധതി സാവധാനം അവതരിപ്പിച്ചു:
‘സാറിനു സമയം കിട്ടില്ലെന്നതു ശരിയാ. മറ്റാരെക്കൊണ്ടെങ്കിലും എഴുതിക്കണം. കുട്ടികളുടെ ഒരു കഥ ആയിരിക്കണം. അമ്പതു പേജില്‍ താഴെ മതി വലിപ്പം. സാര്‍ അതിന്റെ ഔട്ട്ലൈനൊക്കെ ശരിയാക്കി ഏല്പിച്ചാല് മതി. പക്ഷേ…പക്ഷേ…പുസ്തകം…പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത് കാരൂര്‍ നീലകണ്ഠപിള്ളയുടെ പേരിലാവണം.’
അഞ്ചുപത്തു മിനിറ്റു നേരത്തെ വാദപ്രതിവാദത്തിനുശേഷം അദ്ദേഹം എനിക്കു വഴങ്ങി–നൂറു ശതമാനം. ആയിടയ്ക്ക് തിരുവല്ല എന്‍. കേശവപിള്ള എഴുതിയ ഒന്നോ രണ്ടോ കഥകള്‍ ഞാന്‍ വായിച്ചിരുന്നു. കുട്ടികള്‍ക്കു പറ്റിയ പാകമായ ശൈലി. ആ ഓര്മ വച്ചുകൊണ്ടാണ്, ഞാന്‍ കേശവപിള്ളയുടെ പേരു നിര്‍ദ്ദേശിച്ചത്. കാരൂര്സാറും ഞാനുംകൂടി ഉച്ചയ്ക്കുമുമ്പ് തിരുവല്ലയിലെത്തി. അവിടെനിന്ന് വള്ളംകുളം കേശവപിള്ള എന്ന അദ്ധ്യാപകനെ കണ്ടുപിടിച്ചു. കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തെ ധരിപ്പിച്ചു. 100 രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. ഒരാഴ്ചത്തെ സമയവും നല്കി. ഏഴാം ദിവസം ഞങ്ങള്‍ വീണ്ടും അവിടെയെത്തി. സാധനം റെഡി. കൈയെഴുത്തുപ്രതി മറിച്ചും തിരിച്ചുമൊക്കെ ഒന്നു നോക്കി. സമ്മതിച്ചിരുന്ന പ്രതിഫലം നല്കി. അദ്ദേഹം സന്തോഷത്തോടെ തുക സ്വീകരിച്ചു.
കാരൂര്സാറിനോട് കൈയെഴുത്തുപ്രതിയില്‍ ആവശ്യമായ മാറ്റങ്ങള്ചെയ്ത് പിറ്റേന്നുതന്നെ അച്ചടിക്കാന്‍ ഏല്പിക്കണമെന്നു പറഞ്ഞിട്ടാണു ഞാന്‍ പിരിഞ്ഞത്. അടുത്ത ദിവസം കണ്ടപ്പോള്‍ കൈയെഴുത്തുപ്രതി തിരുത്തൊന്നുമില്ലാതെയാണ് എന്നെ കാണിച്ചത്. രണ്ടോമൂന്നോ ദിവസത്തിനകം സംഘത്തിന്റെ കമ്മിറ്റി വിളിച്ചുകൂട്ടി. ‘കാരൂര്‍ നീലകണ്ഠപിള്ളയുടെ ബാലചന്ദ്രന് എന്ന പുസ്തകം, ഗ്രന്ഥകാരനു 100 രൂപ പ്രതിഫലം നല്കി സംഘത്തിലേക്കു പകര്‍പ്പവകാശം വാങ്ങാനും അച്ചടിപ്പിച്ചു പാഠപുസ്തക കമ്മിറ്റിക്ക് സമര്‍പ്പിക്കാനും’ തീരുമാനമെടുത്തു.
പുസ്തകം അച്ചടിച്ചു. വളരെ കുറച്ചു പ്രതി മാത്രം. പാഠപുസ്തകകമ്മറ്റിയുടെ പരിഗണനയ്ക്കയച്ചു. ഒടുവില്‍ വിവരം കിട്ടി ‘ബാലചന്ദ്രന്’ രണ്ടാം ഫാറത്തിലേക്കു ശുപാര്ശചെയ്തുവെന്ന്. പക്ഷേ, ഒന്നല്ല, മൂന്നു പുസ്തകങ്ങളാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. മൂന്നില്‍നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കേണ്ടത് ക്യാബിനറ്റ് കമ്മിറ്റിയാണ്. മറ്റേ രണ്ടു പുസ്തകങ്ങളും അത്യുന്നത സാഹിത്യകാരന്മാരുടേതുമാണ്.
അന്ന് കേരളസംസ്ഥാനമില്ല, തിരു-കൊച്ചിയാണ്. മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള. വിദ്യാഭ്യാസമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനും. രണ്ടു പേരെയും കാണാന്‍ നിശ്ചയിച്ചു. മുഖ്യമന്ത്രിയുമായി എനിക്കു വളരെ അടുത്ത ബന്ധമുണ്ടായിരുന്നു; പനമ്പിള്ളിയുമായി സാമാന്യ അടുപ്പവും. രണ്ടുപേരെയും കണ്ട് ഈ ഒരു പുസ്തകം അംഗീകരിച്ചു കിട്ടിയാല്‍ എഴുത്തുകാരുടെ ഒരു സഹകരണ സംഘം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തി. ഗ്രന്ഥകര്‍ത്താവിന് ചെറിയൊരു പ്രതിഫലം നല്കി സംഘം കോപ്പിറൈറ്റ് വാങ്ങിയ പുസ്തകമാണെന്നും ഇരുവരെയും ധരിപ്പിച്ചു. സംഘത്തിന്റെ കാര്യമായതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നതെന്നും 1948-ലെ കാര്യം (എനിക്കു മന്ത്രിസഭ അനുവദിച്ചുതന്ന പാഠപുസ്തകം നിരസിച്ച കഥ) ഓര്മിക്കണമെന്നുംകൂടി പറയാന്‍ മറന്നില്ല.
മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും അനുഭാവം സംഘത്തിനുവേണ്ടി നേടിയെടുക്കാന്‍ എനിക്ക് എളുപ്പം കഴിഞ്ഞു.
ബാലചന്ദ്രന് പാഠപുസ്തകമായി. എട്ടണ വിലവച്ച് അമ്പതിനായിരവും ഇരുപത്തയ്യായിരവും ഒക്കെ പതിപ്പുകള്‍ അച്ചടിച്ചു. സംഘത്തിന് ഇരുപതിനായിരം രൂപയ്ക്കടുത്ത തുക ആദായമായി കിട്ടി! അതിനുമുമ്പ് അഞ്ചു വര്‍ഷത്തില്‍ പതിനഞ്ചില്‍ താഴെ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധപ്പെടുത്തിയ സംഘം അക്കൊല്ലം അമ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ സംഘം മുന്നോട്ടു കുതിച്ചുപാഞ്ഞു. ഇപ്പോഴും ബാലചന്ദ്രന്റെ പുതിയ പതിപ്പ് അച്ചടിക്കുന്നുണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ബാലസാഹിത്യകൃതികളില്‍ ഏറ്റം മികച്ചതാണ്, ബാലചന്ദ്രന് എന്ന് ചില നിരൂപകന്മാര് എഴുതിയിട്ടുള്ള കാര്യവും ഓര്മിക്കാന്കൊള്ളാം.
ഈ പുസ്തകത്തിന്റെ പേരില്‍ കാരൂര്‍സാറിനെ അധിക്ഷേപിച്ചും വിമര്‍ശിച്ചുമെല്ലാം ചില സാഹിത്യകാരന്മാര്‍തന്നെ സംസാരിച്ചു കേട്ടിട്ടുണ്ട്. ഈ ഏര്‍പ്പാടില്‍ കാരൂര്‍ നീലകണ്ഠപിള്ളയ്ക്ക് ഒരൊറ്റ രൂപപോലും കിട്ടിയിട്ടില്ല എന്ന കാര്യം ഈ വിമര്ശകന്മാര്ക്കറിഞ്ഞുകൂടല്ലോ. ഇതിലെ കൊള്ളരുതായ്മ എത്രയായാലും അതിന്റെ 90 ശതമാനത്തിന്റെയും തെറ്റ് എന്റേതാണ്; എന്റേതാണ്; എന്റേതുമാത്രമാണ്. 1982 ജനുവരി ഏഴ്. തിരുവല്ല കേശവപിള്ള നിര്യാതനായ വാര്‍ത്ത രാവിലെ പത്രത്തില്‍ കണ്ടു. നീണ്ട വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത ബന്ധമൊന്നുമില്ലായിരുന്നു എനിക്ക്. എങ്കിലും രാവിലെതന്നെ ഭാര്യയുമൊത്ത് വള്ളംകുളത്തിന് പുറപ്പെട്ടു. വഴിക്ക്, പഴയ കഥ ഭാര്യയോടു പറഞ്ഞു. റീത്തുവച്ചിട്ടു തിരിഞ്ഞപ്പോള്‍ കേശവപിള്ളയുടെ അനുജനെ കണ്ടു. ‘ഞങ്ങള്‍ തമ്മില്‍ കുറച്ചധികം പഴയ ഒരു ബന്ധമുണ്ട്.’ എന്നു പറഞ്ഞു മടങ്ങി. സംഘത്തില്‍നിന്ന് ആരും അവിടെ എത്തിയിരുന്നുമില്ല.