( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും) 26-3-1995
ഞാനന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. മാര്‍ച്ച് പതിനാറാം തീയതി വ്യാഴാഴ്ച. മുഖ്യമന്ത്രി കരുണാകരന് അന്ന് രാജിവയ്ക്കുമെന്നും എനി ക്കറിയാമായിരുന്നു. അതു വൈകിട്ട് ഗാന്ധിപാര്‍ക്കില്‍ കൂടുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും നേരത്തേ മനസ്സിലാക്കാന്‍ കഴിഞ്ഞു. എങ്കിലും കരുണാകരന് പ്രസംഗിക്കുന്നിടത്ത് പോയിനില്‍ക്കാന്‍ എനിക്കു തോന്നിയില്ല. കാരണം-കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയുമെല്ലാം സ്വബോധം നഷ്ടപ്പെട്ട മട്ടിലായിരുന്നു.
കരുണാകരന് ഇപ്പോഴുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെക്കാള് വലിയ പാരമ്പര്യമില്ലേ? അതു മറന്നിട്ട് സംസാരിക്കാമോ? ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ-സാംസ്കാരിക നിലവാരമുള്ള ജനങ്ങളുടെ മുഖ്യമന്ത്രിയാണ് താനെന്ന കാര്യമെങ്കിലും ഓര്‍മ്മിക്കേണ്ടേ? ഒന്നോ ഒന്നരയോ മാസം മുന്‍പ്, അന്തരീക്ഷം നല്ലതല്ലെന്നു മനസ്സിലായ നിമിഷത്തില്‍തന്നെ രാജിവച്ച് ഇറങ്ങിപ്പോയിരുന്നെങ്കില്‍ അദ്ദേഹത്തെപ്പറ്റിയുള്ള മതിപ്പ് കൂടില്ലായിരുന്നോ? രാജിവെച്ചതിന്റെ ശേഷവും എന്തെല്ലാമാണ് കരുണാകരന് കാട്ടിക്കൂട്ടിയത്? 1948-ല്‍ തനിക്കെതിരായി ആരോ ഒപ്പിട്ടുവെന്നു പറഞ്ഞുകേട്ട ഉടനെ മുഖ്യമന്ത്രിപദം (അന്ന് പ്രധാനമന്ത്രി എന്ന പദവിയായിരുന്നു) വലിച്ചെറിഞ്ഞ പട്ടം താണുപിള്ളയെ കുറച്ചു പ്രായം ചെന്നവര്‍ ഓര്‍മ്മിച്ചുപോകും. തുടര്‍ന്ന് തിരു-കൊച്ചിയില്‍നിന്നും കേരളത്തില്‍നിന്നുമായി എത്രയോ മുഖ്യമന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവന്നിട്ടുണ്ട്. അവരിലാരും ആ കസേരയില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ മുതിര്‍ന്നിട്ടില്ല.
പ്രധാനമന്ത്രി പറഞ്ഞാലേ താനെന്തെങ്കിലും ചെയ്യുകയുള്ളു എന്നു പറഞ്ഞ കരുണാകരന്, ഒരു ഘട്ടത്തില്‍ സ്വീകരിച്ചത് മകന്റെ ഉപദേശമായിരുന്നു എന്നു തോന്നുന്നു. സഞ്ജയ്ഗാന്ധിയുടെ ഉപദേശം സ്വീകരിച്ച (1975) ഇന്ദിരാഗാന്ധിയെ ഇവിടെ ഓര്‍മ്മിക്കുന്നതില്‍ തെറ്റില്ല.
ആന്റണിയെ പിന്താങ്ങുമോ എന്ന് പത്രക്കാര് ചോദിച്ചപ്പോള്‍ ‘അതിലും മോശമായ കാര്യം’ പ്രധാനമന്ത്രി പറഞ്ഞാല്‍പോലും താനത് ചെയ്യുമെന്നാണ്, കരുണാകരന് പറഞ്ഞത്. അതു പരീക്ഷിക്കാനായിരിക്കും പിറ്റേദിവസംതന്നെ നരസിംഹറാവു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആന്റണിയുടെ പേരു നിര്‍ദ്ദേശിക്കാന്‍ കരുണാകരനോട് ആവശ്യപ്പെട്ടത്. കരുണാകരന് അതു ചെയ്യേണ്ടിവന്നു. അതിന്റെ പാപം കഴുകിക്കളയാനായിരിക്കും അന്നു രാത്രിതന്നെ ഗുരുവായൂര്‍ക്ക് പോയതും. ഗുരുവായൂരിലെ ഭണ്ഡാരത്തില് മുന്െപാരിക്കലുമുണ്ടായിട്ടില്ലാത്തത്ര ഭീമമായ തുക വീണു എന്ന് പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു.
ആന്റണിയെ നേതൃസ്ഥാനത്തേക്ക്, രണ്ടു കേന്ദ്രനിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ തെരെഞ്ഞടുത്തുകഴിഞ്ഞിട്ടുംകൂടി കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഞാനിവിടെ കുറിക്കുന്നില്ല. ഏതായാലും ആന്റണി കിട്ടിയ എല്ലാ അവസരവും ശരിക്ക് ഉപയോഗിച്ച് പകരംവീട്ടി എന്നു പറയട്ടെ. ഇടത്തെ ചെകിടിന് അടിച്ചാല്‍ വലത്തെ ചെകിടും കൂടി കാണിച്ചുകൊടുക്കുക എന്ന മട്ടില്‍. ഡല്‍ഹിയില്‍നിന്ന് വന്നിറങ്ങിയ പാടെ കരുണാകരന്റെ വസതി (ക്ലിഫ്ഹൗസ് എന്ന കൊട്ടാരം)യിലേക്കാണ് ആന്റണി പോയത്. ആന്റണി എത്തിയിട്ടുണ്ടെന്നറിഞ്ഞ കരുണാകരന് നീന്തല്‍ക്കുളത്തിലെ കുളിയുടെ ദൈര്‍ഘ്യം കൂട്ടിയെന്നാണ് പത്രറിപ്പോര്‍ട്ട്. ആന്റണി തന്നെ കാത്ത് അവിടെ കുറെനേരം ഇരിക്കട്ടെ, എന്നു കരുതി. പാവം കരുണാകരന്! ഈ ദിവസങ്ങളിലെങ്ങാനും സാക്ഷാല്‍ ഗാന്ധി ക്ളിഫ് ഹൗസിലേക്ക് കയറിച്ചെന്നിരുന്നെങ്കില് കരുണാകരനിങ്ങനെ പറഞ്ഞേനെ ”ആ മൂപ്പിലാനോട് അവിടെയെങ്ങാന്‍ നില്ക്കാന് പറ. ഞാനിവിടെ നീന്തല്‍ പൂര്‍ത്തിയാക്കട്ടെ.”
‘കരുണാകരവിലാപം’ എന്ന പേരില്‍ ഏതെങ്കിലും കവിക്കുവേണമെങ്കില് ഒരു വിലാപകാവ്യം എഴുതാനുള്ള വകയുണ്ട് എന്നു മാത്രം പറഞ്ഞ് ഈ ചിന്ത ഇവിടെ അവസാനിപ്പിക്കുന്നു. കരുണാകരന് രാജിവെച്ചതിന്റെ ആറാം ദിവസം ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കൂടെ ആറു മന്ത്രിമാരും. അതിലഞ്ചു പേരും പാര്ട്ടിനേതാക്കന്മാരാണ്. എങ്ങനെ ‘സല്‍ഭരണം’ നടക്കുമെന്ന കാര്യത്തില്‍ സംശയമുള്ളവരാണ് ജനങ്ങളില്‍ 90 ശതമാനവും. മൂന്നര വര്‍ഷത്തിലധികം നീണ്ട ഭരണത്തിന് ഒരു മേന്മയുണ്ട്. തിരുവിതാംകൂറും കൊച്ചിയും പിന്നെ തിരു-കൊച്ചിയും ഒടുവില്‍ കേരളവുമായി മലയാളക്കരയില്‍ സ്വാതന്ത്ര്യത്തിനുശേഷം ഭരണം നടത്തിയ മറ്റൊരു മന്ത്രിസഭയ്ക്കും കഴിയാത്ത വിധത്തില്‍, അത്ര ആഴത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച മറ്റൊരു മന്ത്രിസഭ ഉണ്ടായിട്ടില്ല. ഇതൊരു മേന്മയല്ലേ?
ആരും നെറ്റിചുളിക്കേണ്ടാ. 1948 മാര്‍ച്ച് 24-ന് ഒന്നാമത്തെ തിരുവിതാംകൂര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ദിവസംമുതല്‍ 47 വര്‍ഷങ്ങളിലൂടെ കടന്നുപോയ എല്ലാ മുഖ്യമന്ത്രിമാരെയും എനിക്കു നേരിട്ടറിയാം. പലരുമൊന്നിച്ച് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും ജയിലില്‍ പോകാനുമൊക്കെയുള്ള ‘ഭാഗ്യം’ സിദ്ധിച്ചിട്ടുണ്ട്. മുന്‍പറഞ്ഞ ആ മാര്‍ച്ച് 24-ന് (1948) കോണ്‍ഗ്രസ്സിലെ എന്റെ പ്രാഥമികാംഗത്വംവരെ ഞാന്‍ രാജിവച്ചു. എന്നിട്ട് രാഷ്ട്രീയം കൂടാതെ കുറച്ചുകൂടി ‘മാന്യമായ ജീവിതം’ നയിക്കണമെന്ന് എനിക്കു തോന്നി. അത് ഇന്നുവരെ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്.