( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 14-12-1997
മലബാറിലെ കൗമുദിടീച്ചറുടെ കഥ പ്രസിദ്ധമാണ്. മഹാത്മാഗാന്ധിയുടെ കേരളസന്ദര്‍ശനത്തിനിടയില്‍ ഒരു യോഗത്തില്‍ ഗാന്ധിജിയെ കാണാനായി പോയതാണ്, കൊച്ചു കൗമുദി. പ്രസംഗത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് അവള് കഴുത്തിലും കൈയിലും കിടന്ന ആഭരണങ്ങള്‍ മുഴുവനും ഊരി ഗാന്ധിജിയെ ഏല്പിച്ചു, സ്വാതന്ത്ര്യസമ്പാദനത്തിനു സഹായിക്കാന്‍വേണ്ടി. കൗമുദിയെപ്പറ്റി ഗാന്ധിജി അദ്ദേഹത്തിന്റെ പത്രത്തില്‍ എഴുതിയിരുന്നു.
ഈ ദിവസങ്ങളില്‍ ഗാന്ധിജിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണി കേരള പര്യടനത്തിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ കാടാച്ചിറയില്‍ ചെന്നു കൗമുദിടീച്ചറെ നേരില്‍ കണ്ടു. കൗമുദിടീച്ചറെ ഗാന്ധികുടുംബത്തിലെ ഒരംഗമായിട്ടാണ് തങ്ങള്‍ കാണുന്നതെന്ന് എഴുത്തുകാരിയായ സുമിത്ര പറഞ്ഞു. 60 വര്‍ഷം മുമ്പായിരുന്നു ആഭരണസംഭവം. പത്രക്കാരോട് സംസാരിക്കുന്നതിനിടയില്‍ ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നു വിളിച്ചുകൂടാ എന്നവര്‍ പറഞ്ഞു. അത് ഗാന്ധിജിയുടെ ആത്മാവിന് ഇഷ്ടപ്പെടില്ല.