(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
1556-ല്‍ ഇന്ത്യയില്‍ അച്ചടിസാങ്കേതികവിദ്യ എത്തുകയും ഗോവയില്‍ ആദ്യ അച്ചടിശാല സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ ഇന്ത്യ ആധുനിക അച്ചടിവിദ്യയുള്ള പ്രഥമ ഏഷ്യന്‍ രാജ്യമായിത്തീര്‍ന്നു. അച്ചടി തുടങ്ങാനുള്ള ശ്രമങ്ങള്‍, ഇന്ത്യയില്‍ ഇതിനുമുമ്പുതന്നെ ഉണ്ടായിട്ടുണ്ട്. ഭാരതീയ ഭാഷകളില്‍ ക്രൈസ്തവസാഹിത്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടായിരുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ (1506-1552) എന്ന മിഷനറി, ഇന്ത്യയില്‍ അച്ചടിശാലകള്‍ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമായി ആവശ്യപ്പെട്ടിരുന്നത് ഒരുദാഹരണം. 1556-ല്പോലും, ഗോവയില്‍ അച്ചടി ആരംഭിച്ചതു യാദൃച്ഛികമായിട്ടായിരുന്നു. പോര്‍ച്ചുഗല്‍ രാജാവ് അബിസീനിയയിലേക്കയച്ച ഒരു ലെറ്റര്പ്രസ്സും ഒരു സംഘം സാങ്കേതിക വിദഗ്ദ്ധരും വഴിമധ്യേ ഗോവയിലെത്തി. ഗോവയില്‍വച്ച്, അബിസീനിയയിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം നടന്നുവെങ്കിലും, അബിസീനിയ മനസ്സുമാറ്റിയെന്നും പോര്‍ച്ചുഗീസ് മിഷനറിമാരെ സ്വീകരിക്കുകയില്ലെന്നുമുള്ള വാര്‍ത്ത വന്നു. അങ്ങനെ പ്രസ്സും സാങ്കേതികവിദഗ്ദ്ധരും ഗോവയില്‍ തങ്ങുകയും അവിടത്തെ സെന്റ് പോള്‍സ് കോളജില്‍ ‘ഇന്ത്യയിലെ പ്രഥമ അച്ചടിശാല’ സ്ഥാപിക്കപ്പെടുകയും ചെയ്തു. പോര്‍ച്ചുഗലിലെ കോയിമ്പ്രയിലെ മതസ്ഥാപനത്തിന് സെന്റ് പോള്‍സ് കോളജിനെ ഒരു പ്രധാന ദൈവശാസ്ത്രപഠനകേന്ദ്രമാക്കി വികസിപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നു. മതവിഷയകമായ പ്രബന്ധത്തിന്മേലുള്ള വാദങ്ങളില്‍ പ്രബന്ധകാരന് പണ്ഡിതസഭയില്‍ പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു എന്നതാണ് അന്ന് സെന്റ് പോള്‍സില്‍ നിലവിലുണ്ടായിരുന്ന കാര്യക്രമം.
പ്രസ്സ് സ്ഥാപിക്കപ്പെട്ട ഉടന്‍തന്നെ, ‘conclusos’ എന്ന ദൈവശാസ്ത്രചര്ച്ചയുടെ സംഗ്രഹമായിരുന്നു ആദ്യം അച്ചടിക്കേണ്ടിവന്നത് (1556). സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള കുത്തിക്കെട്ടാത്ത കടലാസ്ഷീറ്റുകളായിരുന്നു ഇവ. ഈ രേഖയുടെ ഒരു കോപ്പിപോലും ലഭ്യമല്ല ഇന്ന്. ഗോവയിലച്ചടിച്ച ആദ്യ പുസ്തകങ്ങളിലൊന്ന് പോര്‍ച്ചുഗീസ് ഭാഷയിലായിരുന്നു. സെന്റ് ഫ്രാന്‍സീസ് സേവ്യറുടെ ഉീരേൃശിമ ഇവൃശേെമീ (1557). ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ കോപ്പികളും ലഭ്യമല്ല. തുടക്കത്തില്‍ ജോവാവോ ദെ ബസ്തമാന്തേ എന്ന സ്പെയിന്‍കാരനായിരുന്നു പ്രസ്സിന്റെ ചുമതല; സഹായിയായി ലിസ്ബണില്‍ അച്ചടിയില്‍ പരിശീലനം നേടിയ ഒരിന്ത്യക്കാരനും.
അച്ചടി കേരളത്തില്‍
ഇന്നു ലഭ്യമായ രേഖകള്‍പ്രകാരം ഇന്ത്യയിലെ അടുത്ത അച്ചടിയുടെ കേന്ദ്രം ദക്ഷിണകേരളത്തിലെ പുരാതന തുറമുഖമായ കൊല്ലത്തായിരുന്നു. ഹെന്റിക്വസ്, മാനുവല്‍ ഡി സാവോപെഡ്രോ എന്നിവര്‍ പോര്ച്ചുഗീസില്നിന്നും തമിഴിലേക്കു തര്ജ മചെയ്ത പതിനാറു പേജുള്ള പുസ്തകം 1578-ല്‍ ഇവിടെ അച്ചടിച്ചു. ഈ കൃതിയുടെ ലഭ്യമായ ഏക കോപ്പി, ഇന്ന് ഹാര്‍വാഡ് സര്‍വകലാശാലാ ലൈബ്രറിയിലാണുള്ളത്. തമിഴ്പതിപ്പിന്റെ പേര് ‘തമ്പിരാന് വണക്കം’ എന്നായിരുന്നു. കൊല്ലം സെന്റ് സേവിയര്‍ കോളജ് എന്നാണ് അച്ചടിശാലയുടെ പേര് വന്നിരിക്കുന്നത്. മധ്യകേരളത്തിലെ തുറമുഖനഗരമായ കൊച്ചിയില്‍ 1579-ല്‍ അച്ചടിച്ച, പോര്ച്ചുഗീസില്നിന്നും തമിഴിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട 116 പേജുള്ള ‘Doctrina Christao’ സോര്‍ബോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ഡോ. പി.ജെ. തോമസ് കണ്ടെത്തി. എന്നാല്‍ ഇന്നത് ലൈബ്രറിയില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. 1580-ല്‍ കൊച്ചിയില്‍തന്നെ അച്ചടിച്ച മറ്റൊരു തമിഴ്കൃതിയോടൊപ്പം ഈ പുസ്തകത്തിന്റെ മറ്റൊരു കോപ്പി ബോഡ്ലിന് ലൈബ്രറിയില്‍ കണ്ടെത്തി. രണ്ടാമതു പറഞ്ഞ പുസ്തകത്തിന് 214 പേജുകളുണ്ട്; പ്രതിപാദ്യം കുമ്പസാരമാണ്. സഭയുടെ കോളജുമായി ബന്ധപ്പെട്ടതായിരുന്നു, കൊച്ചിയിലെ പ്രസ്സും. ഭാരതത്തിലെ ആദ്യകാല അച്ചടികേന്ദ്രങ്ങളെല്ലാം ഗോവ മുതല്‍ കന്യാകുമാരിവരെ പശ്ചിമതീരം നീളെയായിരുന്നുവെന്നും അവ സഭയുടെ അധീനതയിലുള്ള കോളജുകളുമായി ബന്ധപ്പെട്ടിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്. കേരളതീരത്തെ പഴക്കമേറിയ അച്ചടി തമിഴിലായിരുന്നു. തമിഴ്ഭാഷയുടെ പൗരാണികത്വവും വികാസവും മിഷണറിമാരെ ആകര്ഷിച്ചുകാണണം. പല ആദ്യകാല മിഷണറിമാര്‍ക്കും തമിഴായിരുന്നു ‘മലബാര്‍ ഭാഷ.’ കൂടാതെ, തമിഴുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലിപികളുടെ സംഖ്യ ഉയര്‍ന്നതും ഉച്ചാരണത്തില്‍ സംസ്കൃതത്തിലെ എല്ലാ സ്വനിമങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാണ് മലയാളം. പതിനാറാം ശതകത്തില്‍ രണ്ടോ മൂന്നോ അച്ചടിശാലകളുണ്ടായിരുന്ന കേരളത്തിന് ഒരു മലയാളം അച്ചടിശാലയ്ക്കായി പത്തൊമ്പതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടിവന്നു എന്നത് ഒരു വിരോധാഭാസമാണ്. കൊച്ചിക്കു സമീപം വൈപ്പിക്കോട്ടയില്‍ 16-ഉം 17-ഉം നൂറ്റാണ്ടുകളില്‍ മലയാളം, സിറിയന്‍ ഭാഷകളിലെ അച്ചടിജോലികള്‍ ഏറ്റെടുത്തിരുന്ന ഒരു അച്ചടികേന്ദ്രം ഉണ്ടായിരുന്നതായി ചില പണ്ഡിതന്മാര് വിശ്വസിക്കുന്നു. എന്നാല്‍ ഇതിനിയും തെളിയിക്കേണ്ടതുണ്ട്. കൊച്ചിക്കടുത്ത് അമ്പഴക്കാടായിരുന്നു കേരളത്തിലെ മറ്റൊരു ആദ്യകാല അച്ചടികേന്ദ്രം. തീര്‍ച്ചയായും ഇവിടത്തെയും അച്ചടി തമിഴിലായിരുന്നു.
മലയാളം അച്ചടി
1678-1703 കാലത്ത് ആംസ്റ്റര്‍ഡാമില്‍വച്ച് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പന്ത്രണ്ടു വാല്യങ്ങളുള്ള റഫറന്‍സ് കൃതിയിലാണ് മലയാളം ആദ്യമായി അച്ചടിക്കപ്പെട്ടത്. കേരളത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ഓരോ ചിത്രത്തിനും ചുവടെ ചെടികളുടെ പേരുകള്‍ മലയാളലിപികളിലും കൊടുത്തിരുന്നു. മലയാളം പേരുകള്‍ അച്ചടിക്കുന്നതിനു വേണ്ടി തടിക്കട്ടയില്‍ നിര്‍മ്മിച്ച അച്ചുകളായിരുന്നു ഉപയോഗിച്ചത്. ഇതിനെ മലയാളം അച്ചടിയുടെ പ്രാരംഭമായി നമുക്കു കരുതാനാവില്ല. അതിനാല്‍, ‘മലയാളം അച്ചടിയുടെ പിതാവ്’ എന്ന ബഹുമതി ഇറ്റാലിയന്‍ കാര്‍മലൈറ്റ് മിഷണറിയായിരുന്ന ക്ലെമന്റ് പിയാനിയൂസിന് ലഭിക്കുന്നു. ‘മലയാളത്തിലെ ആദ്യം അച്ചടിക്കപ്പെട്ട പുസ്തക’മായ സംക്ഷേപവേദാര്‍ത്ഥം തയ്യാറാക്കി, 1772-ല്‍ റോമിലെ ബഹുഭാഷാപ്രസ്സില് അച്ചടിച്ചത് അദ്ദേഹമാണ്. 21 X 13 സെ.മീ. വലുപ്പത്തില്‍ 276 പേജുകളുള്ള ഈ പുസ്തകം സംഭാഷണരൂപത്തില്‍ രചിക്കപ്പെട്ടതും കത്തോലിക്കാസഭയുടെ ശാസനങ്ങള്‍ പ്രതിപാദിക്കുന്നതുമാണ്. ഈ പുസ്തകം 1980-ല്‍ ലിപ്യന്തരണ (transliteration) ത്തോടെ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
1772-ല്‍ റോമിലെ ബഹുഭാഷാ പ്രസ്സില്‍, Alphabetum Grandonico-Malabaricum Sive Samcrudonicum എന്ന ലാറ്റിന്‍ പുസ്തകവും അച്ചടിക്കുകയുണ്ടായി. മലയാള ലിപി സമ്പ്രദായത്തെക്കുറിച്ചു വിവരിക്കുന്ന ഈ പുസ്തകത്തില്‍ അച്ചടിയിലേക്കു മലയാളത്തെ കൊണ്ടുവരുന്നതിലുള്ള പ്രാരംഭവിഷമതകളെക്കുറിച്ചും വിവരിക്കുന്നു. അനേകം പേജുകളിലായി മലയാള ലിപികളുടെ ചാര്‍ട്ട് ഈ പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ പ്രിന്ററായ ജൊഹാനസ് ക്രിസ്റ്റോഫോറസ് അമദേത്യൂസ് എഴുതിയ 28 പേജുള്ള ആമുഖം ഇതിലുണ്ട്. പിയാനിയൂസും അമദേത്യൂസും മലയാള രചനാരീതിയുടെ പരിണാമം നിര്‍ണയിക്കുന്നുണ്ട്. ഈ രണ്ടു പുസ്തകങ്ങളുടെ അച്ചടിക്കായി അവര്‍ 1128 അച്ചുകള്‍ നിര്‍മ്മിച്ചു. മലയാളം ലിപികളുടെ വൈവിധ്യം ഇതു കാണിക്കുന്നു. മറ്റു ലിപികളോടൊപ്പം അനായാസം അവര്‍ ലിപികളുടെ ആകൃതി വ്യത്യാസപ്പെടുത്തി. മിക്ക ലിപികള്‍ക്കും പകരം ലിപികള്‍ ഒട്ടേറെയുണ്ട്. ഏകസ്വരരചനാസമ്പ്രദായമായിരിക്കാം ഇതിന്റെ ഭാഗികമായ കാരണം. യൂറോപ്യന്‍ ഭാഷകളില്‍ കാണുന്നതുപോലെ, എല്ലാത്തരം ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ എണ്ണം ലിപികള്‍ ഉപയോഗിച്ചുവരുന്നു. റോമിലെ ബഹുഭാഷാപ്രസ്സില് ഉപയോഗിച്ചത് ചതുരാകൃതിയിലുള്ള ഭാഷാലിപികളായിരുന്നു; അന്ന് കേരളത്തില്‍ നിലനിന്നിരുന്ന രചനാസമ്പ്രദായത്തില്നിന്ന് സ്വീകരിച്ചതുമൂലമാവണം ഇത്. പ്രശസ്ത മിഷണറിയായിരുന്ന പൗലിനോസ് ബര്ത്തെലോമിയൂസ് എന്ന പണ്ഡിതന്റെ പല കൃതികളിലും സംസ്കൃത ശ്ലോകങ്ങള്‍ ഉദ്ധരിക്കാനായി റോമില്‍ നിര്‍മ്മിച്ച മലയാളം അച്ചുകള്‍ ഉപയോഗിക്കുകയുണ്ടായി. ഇത്തരം ലാറ്റിന്‍ കൃതികളില്‍ മിക്കവയും റോമിലാണച്ചടിച്ചത്. 1791-ല്‍ മലയാളം പഴഞ്ചൊല്ലുകളുടെ ആദ്യസമാഹാരം റോമില്‍നിന്നു പ്രസിദ്ധീകരിച്ചു- ‘Centum Adagia Malabaricum cum textu originali et versione latina.’
1799-ല്‍ ബോംബെയില്‍ മലയാളം അച്ചടിക്കപ്പെട്ടിരുന്നു എന്നതിനുള്ള പ്രമാണരേഖകള്‍ ഇന്നു ലഭിച്ചിട്ടുണ്ട്. റോബര്‍ട്ട് ഡ്രമ്മണ്ടിന്റെ ഗ്രാമര്‍ ഓഫ് ദ മലയാളം ലാംഗ്വേജ് 1799-ല്‍ ബോംബെയിലെ കൂറിയര്‍ പ്രസ്സിലാണ് അച്ചടിച്ചത്. 1811-ല്‍ ഇതേ പ്രസ്സില്‍ ആദ്യ മലയാളം ബൈബിളും (നാലു സുവിശേഷങ്ങള്‍ മാത്രം) അച്ചടിക്കുകയുണ്ടായി.
ബെയ്ലിയും ഗുണ്ടര്‍ട്ടും
കേരളത്തിലെ ആദ്യ മലയാളം പ്രിന്റിങ് പ്രസ്സ് സി.എം.എസ്. മിഷണറിമാര്‍ കോട്ടയത്തു സ്ഥാപിച്ചു. ബെഞ്ചമിന്‍ ബെയ്ലിയായിരുന്നു ഈ രംഗത്തെ അഗ്രേസരന്‍. ബൈബിള്‍ സൊസൈറ്റി രേഖകള്‍പ്രകാരം, 1821-ല്‍ ഇംഗ്ലണ്ടില്‍നിന്നും ഒരു അച്ചടിയന്ത്രം കോട്ടയത്തേക്ക് അയച്ചിരുന്നു. അച്ചടിയന്ത്രത്തെക്കുറിച്ച് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് 1820-ല്‍ കല്ക്കട്ടയില്നിന്നും കോട്ടയത്തേക്ക് അയച്ചിരുന്നുവെന്നാണ്. എന്നാല്‍, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്നിന്നുള്ള അറിവുപയോഗിച്ച് ബെഞ്ചമിന്‍ ബെയ്ലി കോട്ടയത്ത് ഒരു അച്ചടിയന്ത്രം നിര്‍മ്മിച്ചു എന്നാണ് പൊതുവെയുള്ള വിശ്വാസം. 1824-ല്‍, കുട്ടികള്‍ക്കായുള്ള ഒരു കഥാസമാഹാരം ഇംഗ്ലീഷില്‍നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കോട്ടയത്ത് അച്ചടിച്ചു. ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ ഈ പുസ്തകത്തിന്റെ ഒരു കോപ്പി ലഭ്യമാണ്. 1820-നും 1829-നും ഇടയ്ക്ക് നിരവധി മലയാളം പുസ്തകങ്ങള്‍ കോട്ടയത്ത് അച്ചടിച്ചു എന്നു കാണിക്കുന്ന പരോക്ഷമായ തെളിവുകളുണ്ട്.
ബെഞ്ചമിന്‍ ബെയ്ലിയുടെ മേല്‍നോട്ടത്തില്‍ പുതിയനിയമം വിവര്‍ത്തനം ചെയ്ത് കോട്ടയത്ത് അച്ചടിക്കുന്ന അവസരത്തില്‍ അദ്ദേഹം ചതുരാകൃതിയിലുള്ള മലയാളം ലിപികള്‍ ഉപേക്ഷിച്ച് വട്ടെഴുത്ത് സ്വീകരിക്കുകയുണ്ടായി. മലയാളം അച്ചടിയില്‍ ഈ മാര്‍ഗദര്‍ശി അവതരിപ്പിച്ച ഏകപക്ഷീയമായ ലിപിപരിഷ്കരണം ലിപികളുടെ എണ്ണം 1128-ല്‍നിന്നും 500 ആക്കി കുറച്ചു. (ലിപികളുടെ എണ്ണം ബെയ്ലിക്ക് കുറെക്കൂടി കുറയ്ക്കാമായിരുന്നു എന്ന് ഇന്ന് പല പണ്ഡിതന്മാരും ഖേദിക്കുന്നു. അനേകവര്‍ഷങ്ങള്‍ കേരളത്തിലെ പ്രസ്സുകളെല്ലാം മലയാളം അച്ചടിക്കുന്നതിന് 400 അച്ചുകള്‍ ഉപയോഗിച്ചിരുന്നു. ലിപിപരിഷ്കാരത്തിനായി പിന്നീട് ഒരു കമ്മിറ്റി രൂപീകൃതമാവുകയും 1968-ല്‍ അതിന്റെ ശുപാര്‍ശപ്രകാരം ലിപികളുടെ എണ്ണം കുറച്ച് തൊണ്ണൂറിലെത്തിച്ചു). ബൈബിളിന്റെ അച്ചടിക്കുവേണ്ടി പ്രത്യേകമായി വെള്ളിയില്‍ വാര്‍ത്തെടുത്ത 500 അച്ചുകള്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ ബൈബിള്‍ കോട്ടയത്ത് അച്ചടിച്ചു. ബെഞ്ചമിന്‍ ബെയ്ലി 1849-ല്‍ ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും 1846-ല്‍ ഒരു മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും തയ്യാറാക്കുകയുണ്ടായി. ബെഞ്ചമിന്‍ ബെയ്ലിയെ ആധുനിക മലയാളം അച്ചടിയുടെ പിതാവായി യഥാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാനാവും.
1840-ല്‍ മംഗലാപുരത്ത് ഒരു കല്ലച്ചുയന്ത്രം (ലിത്തോഗ്രഫി) ഉണ്ടായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എഡിറ്റുചെയ്ത പ്രശസ്തമായ കേരളോല്പത്തി ഇവിടെ കല്ലച്ചില്‍ അടിച്ചിറക്കി. ഗുണ്ടര്‍ട്ടിന്റെ പ്രചോദനാത്മകമായ നേതൃത്വത്തിന്‍കീഴില്‍ 1845-ല്‍ തലശ്ശേരിയില്‍ ലിത്തോഗ്രഫി ആരംഭിച്ചു. തലശ്ശേരി പ്രസ്സില്‍ മലയാളത്തിലെ ആദ്യ രണ്ട് ആനുകാലികങ്ങള്‍ (1847) അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. മതപരമായ അനേകം ചെറുഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും ഇവിടെ അച്ചടിക്കുകയുണ്ടായി. തലശ്ശേരിയിലെ കല്ലച്ചില്‍ അടിച്ച രണ്ടു ബൃഹദ്ഗ്രന്ഥങ്ങളാണ് സഭാചരിത്രവും (1847), ലോകചരിത്രവും. ഇ.ജി. ഗോസ്നറുടെ ലഘുലേഖയിലെ മനോഹരചിത്രങ്ങള്‍ അച്ചടിക്കുന്നതിന് ബ്ലോക്കുകളുപയോഗിച്ചു. മലയാളം വ്യാകരണത്തിന്റെ ഒന്നാം ഭാഗം (1851), പുതിയ നിയമം (1854), പദ്യകൃതികള്‍-പഴയനിയമം (1857) എന്നിവ തലശ്ശേരിയിലെ കല്ലച്ചിലടിച്ച ചില പ്രമുഖ പുസ്തകങ്ങളാണ്. പരിഷ്കരിച്ച ജര്‍മന്‍ അച്ചടിയന്ത്രം മംഗലാപുരത്ത് (1862) സ്ഥാപിതമായി. ജര്‍മന്‍ മിഷണറിമാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഇത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, രണ്ടാം ലോകമഹായുദ്ധകാലത്ത് അടച്ചുപൂട്ടുന്നതുവരെ, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അച്ചടിശാലയായി വാഴ്ത്തപ്പെട്ടിരുന്നു. പാഠപുസ്തകങ്ങള്‍, വൈദികസാഹിത്യം, നിഘണ്ടുക്കളും വ്യാകരണങ്ങളുംപോലെ നിലവാരമുള്ള റഫറന്‍സ് കൃതികള്‍ മുതലായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള പുസ്തകങ്ങള്‍ കോട്ടയത്തെ സി.എം.എസ്. പ്രസ്സിലും മംഗലാപുരത്തെ ബാസല്‍മിഷന്‍ പ്രസ്സിലും അച്ചടിച്ചവയായിരുന്നു. ഉദാഹരണത്തിന് 1872-ല്‍ മംഗലാപുരത്തടിച്ച ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു അച്ചടിനിലവാരത്തില് ഇന്നും വെല്ലാനാവാത്തതാണ്! അവരുടെ അച്ചടിയുടെ ഏറ്റവും നല്ല മാതൃകകളാണ് അവിടങ്ങളില്‍ അച്ചടിച്ച മലയാളം ബൈബിള്‍. ഇന്ത്യക്കാര്‍ക്ക് അച്ചടിശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്കിയ 1835-ലെ പ്രസ്സ് ആക്ട്, കോഴിക്കോടും കൊച്ചിയും പോലെയുള്ള സ്ഥലങ്ങളില്‍ പുതിയ പ്രസ്സുകളാരംഭിക്കുന്നതിന്റെ സൂചന നല്കി. സി.എം.എസ്. മിഷണറിമാരില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് തിരുവിതാംകൂര്‍ ഗവണ്മെന്റ് 1835-ല്‍ സ്വാതിതിരുനാളിന്റെ നേതൃത്വത്തിന് കീഴില്‍ തിരുവനന്തപുരത്ത് ഒരു അച്ചടിശാലയ്ക്കു തുടക്കംകുറിച്ചു. മാന്നാനത്തും വരാപ്പുഴയിലും റോമന്‍ കത്തോലിക്കരും അച്ചടിശാലകള്‍ സ്ഥാപിച്ചു. ഇവയെല്ലാംചേര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയില്‍ മലയാളം അച്ചടിയുടെ ഒരു പുതുയുഗത്തിനു ജന്മമേകി. മലയാളം അച്ചടിയുടെ ചരിത്രസ്മാരകങ്ങളായി ഇവിടെ പരാമര്‍ശിച്ച മിക്കവാറും എല്ലാ കൃതികളും ട്യൂബിന്‍ജന്‍ യൂനിവേഴ്സിറ്റിയിലെ മലയാള പുസ്തകങ്ങളുടെ അപൂര്‍വ ശേഖരത്തില്‍ ലഭ്യമാണെന്ന വസ്തുത ഇവിടെ എടുത്തു പറയേണ്ടതാണ്. അവയെല്ലാംതന്നെ, തീര്‍ച്ചയായും ഡോ. ഹെര്‍മന്‍ ഗുണ്ടര്ട്ടിലൂടെ ട്യൂബിന്ജനിലെത്തുകയാണുണ്ടായത്. ടിച്ച മലയാളം ബൈബിള്‍. ഇന്ത്യക്കാര്‍ക്ക് അച്ചടിശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്കിയ 1835-ലെ പ്രസ്സ് ആക്ട്, കോഴിക്കോടും കൊച്ചിയും പോലെയുള്ള സ്ഥലങ്ങളില്‍ പുതിയ പ്രസ്സുകളാരംഭിക്കുന്നതിന്റെ സൂചന നല്കി. സി.എം.എസ്. മിഷണറിമാരില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് തിരുവിതാംകൂര്‍ ഗവണ്മെന്റ് 1835-ല്‍ സ്വാതിതിരുനാളിന്റെ നേതൃത്വത്തിന് കീഴില്‍ തിരുവനന്തപുരത്ത് ഒരു അച്ചടിശാലയ്ക്കു തുടക്കംകുറിച്ചു. മാന്നാനത്തും വരാപ്പുഴയിലും റോമന്‍ കത്തോലിക്കരും അച്ചടിശാലകള്‍ സ്ഥാപിച്ചു. ഇവയെല്ലാംചേര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയില്‍ മലയാളം അച്ചടിയുടെ ഒരു പുതുയുഗത്തിനു ജന്മമേകി. മലയാളം അച്ചടിയുടെ ചരിത്രസ്മാരകങ്ങളായി ഇവിടെ പരാമര്‍ശിച്ച മിക്കവാറും എല്ലാ കൃതികളും ട്യൂബിന്‍ജന്‍ യൂനിവേഴ്സിറ്റിയിലെ മലയാള പുസ്തകങ്ങളുടെ അപൂര്‍വ ശേഖരത്തില്‍ ലഭ്യമാണെന്ന വസ്തുത ഇവിടെ എടുത്തു പറയേണ്ടതാണ്. അവയെല്ലാംതന്നെ, തീര്‍ച്ചയായും ഡോ. ഹെര്‍മന്‍ ഗുണ്ടര്ട്ടിലൂടെ ട്യൂബിന്ജനിലെത്തുകയാണുണ്ടായത്.
മലയാള പുസ്തകങ്ങൾ
1970-ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മലയാളം ഗ്രന്ഥസൂചിയില്‍ കാണുംപ്രകാരം 1850-നുമുമ്പ് മലയാളത്തില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളുടെ ആകെ എണ്ണം 42 മാത്രമാണ്. തുടര്‍ന്നുള്ള അഞ്ചു ദശകകാലത്ത് പുസ്തക ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായി.
കാലം എണ്ണം
1851-1860 34
1861-1870 147
1871-1880 297
1881-1890 265
1891-1900 392
ട്യൂബിംഗന്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ മലയാള ഗ്രന്ഥശേഖരം കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ ഈ കണക്കുകള്‍ ഉയര്‍ന്നേക്കാം. ഇതുവരെ ശ്രദ്ധയില്‍പ്പെടാതിരുന്ന 15-20 മലയാളം കൃതികളെങ്കിലും, 1986-ല്‍ ഈ ഗ്രന്ഥശേഖരം കണ്ടെത്തിയ പ്രൊഫ. സ്കറിയ സക്കറിയയുടെ ലേഖനങ്ങളിലൂടെ പൊതുശ്രദ്ധയില്വരികയുണ്ടായി. ആല്ബ്രഹ്ത് ഫ്രന്‍സും സ്കറിയ സക്കറിയയും ചേര്‍ന്ന് എഡിറ്റുചെയ്ത ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സീരീസ് (ഒഏട) എന്ന ഗ്രന്ഥപരമ്പരയില്‍ ഇതിലെ അപൂര്വഗ്രന്ഥങ്ങളില് ചിലതു പൊതുജനങ്ങള്‍ക്ക് വിശകലനത്തിനായി പുറത്തിറക്കുകയുണ്ടായി. 1971-ല്‍ ആല്‍ബര്‍ട്ടൈന്‍ ഗൗര്‍ എഡിറ്റുചെയ്ത കാറ്റലോഗ് ഓഫ് മലയാളം ബുക്സ് ഇന്‍ ദി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മാതൃകയില്‍ ട്യൂബിന്‍ജന്‍ യൂണിവേഴ്സിറ്റിയിലെ മലയാളം കൃതികളുടെ സമഗ്രമായ ഒരു കാറ്റലോഗ് തയ്യാറാക്കേണ്ടത് ആവശ്യമാണ്. താളിയോലകള്‍, കൈയെഴുത്തുപ്രതികള്‍, അപൂര്‍വഗ്രന്ഥങ്ങള്‍ എന്നിവയുടെ എണ്ണത്തില്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ പുസ്തകശേഖരത്തെ അതിശയിക്കുന്നു ട്യൂബിന്‍ജനിലെ മലയാളം ഗ്രന്ഥശേഖരം എന്നാണ് ഇതുവരെ ലഭ്യമായ സൂചനകളില്നിന്നു തോന്നുന്നത്.
മലയാളം പ്രസാധനം
ഈ ശതകത്തിന്റെ ആരംഭത്തോടെ മലയാളം അച്ചടിയിലും പ്രസാധനത്തിലും ദ്രുതപുരോഗതിയായിരുന്നു. ഈ നൂറ്റാണ്ടിലെ ആദ്യ ആറു ശതകങ്ങളിലെ പുസ്തകങ്ങളുടെ എണ്ണം പരിഗണിച്ചുനോക്കാം.
കാലം എണ്ണം
1901-1910 665
1911-1920 1552
1921-1930 2064
1931-1940 3170
1941-1950 3167
1951-1960 7462
1950-’60 കാലത്തു പുസ്തകങ്ങളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന ശ്രദ്ധാലുവായ ഏതൊരു വായനക്കാരനും പെട്ടെന്നു ശ്രദ്ധിക്കും. കേരളത്തില്‍ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം ഒറ്റ രാഷ്ട്രീയഘടകമായിത്തീര്ന്നതും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പൂര്‍ണസ്വാധീനം അനുഭവപ്പെട്ടതും ഈ കാലയളവിലായിരുന്നു. ഇക്കാലത്ത്, 1945-ല്‍ സ്ഥാപിതമായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം (ടജഇട) വളരെ സജീവമായിത്തീര്ന്ന് കേരളത്തിലെ പ്രസാധകരുടെയെല്ലാമിടയ്ക്ക് സമുന്നത സ്ഥാനം കൈവശപ്പെടുത്തുകയുണ്ടായി. എഴുത്തുകാര്‍ക്ക് ഏറ്റവും ഉയര്‍ന്ന റോയല്‍റ്റി ശതമാനം നല്കുന്ന പ്രസാധന സ്ഥാപനം സംഘമായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്. ‘ഒരു ദിവസം ഒരു പുസ്തകം’ എന്ന നയം അവര്‍ സ്വീകരിച്ചു. അടുത്ത ഏതാനും ദശകങ്ങളില്‍ ഗവണ്മെന്റ് ഏജന്‍സികളും സ്വകാര്യ സംരംഭകരും പ്രസാധനരംഗത്തേക്കു പ്രവേശിക്കുകയും മലയാളം പുസ്തകങ്ങളുടെ ഗുണനിലവാരവും സംഖ്യയും വര്‍ധിക്കുകയും ചെയ്തു. വിജ്ഞാനകോശം, പദകോശം, വിവിധ ഏകഭാഷാ, ബഹുഭാഷാ നിഘണ്ടുക്കള്‍, വ്യാകരണകൃതികള്‍, ശബ്ദനിഘണ്ടുക്കള് എന്നിങ്ങനെയുള്ള റഫറന്‍സ് കൃതികള്‍ അച്ചടിക്കപ്പെട്ടു. 1962-ല്‍ എസ്.പി.സി.എസ്. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവും വ്യാകരണവും പുനഃപ്രസിദ്ധീകരിച്ചു. ശാസ്ത്രകൃതികള്ക്കും ബാലസാഹിത്യത്തിനും കൂടുതല്‍ ഊന്നല്‍ നല്കി. എങ്കിലും കവിത, നോവല്‍, ചെറുകഥ, ലേഖനം, ജീവചരിത്രം എന്നീ സാഹിത്യകൃതികളാണ് ഇന്നും പ്രസാധനരംഗത്ത് മേധാവിത്വം പുലര്‍ത്തുന്നത്.
നൂതന പ്രവണതകളും
വെല്ലുവിളികളുംകഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ മലയാളം അച്ചടി അതിവേഗം പുരോഗതി പ്രാപിച്ചു. പത്രസ്ഥാപനങ്ങളും പ്രമുഖ പ്രസാധന സ്ഥാപനങ്ങളും വഴി ആധുനിക അച്ചടിസംവിധാനങ്ങള് കടന്നുവന്നു. മിക്ക ദിനപത്രങ്ങളും ആനുകാലികങ്ങളും വളരെ പെട്ടെന്ന് പുതുസാങ്കേതികവിദ്യ സ്വീകരിച്ചു. എന്നാല്‍ വളരെ കുറച്ച് പ്രസിദ്ധീകരണസ്ഥാപനങ്ങള്ക്കുമാത്രമേ, പുതിയ സാങ്കേതികവിദ്യ, അത് അവരുടെ ശേഷിക്കുമപ്പുറത്തായതിനാല്, ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളൂ. കേരളത്തിലെ പതിനായിരം അച്ചടിശാലകളില്‍ നൂറെണ്ണത്തിനുമാത്രമേ പുതിയ ലിപിസമ്പ്രദായം സ്വീകരിക്കാനായുള്ളൂ.ഇന്ന് മലയാളത്തില്‍ ശരാശരി രണ്ടിലേറെ പുസ്തകങ്ങള്‍ പതിവായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍പോലും, റേഡിയോ, ടെലിവിഷന്‍, ജനപ്രിയ ആനുകാലികങ്ങള്‍ എന്നിവ പുസ്തകവില്പനയെ ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ചേതീരൂ. ശക്തമായൊരു ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ അഭാവവും വായനയെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ പ്രചാരവും കേരളീയരുടെ പാരായണശീലത്തില് കുറവുവരുത്തിയിട്ടുണ്ട്. പ്രമുഖ പ്രസാധനശാലകളെല്ലാം അവയുടെ പ്രസിദ്ധീകരണങ്ങള്‍ കുറഞ്ഞത് മൂന്നിലൊന്നായി ചുരുക്കുകയും കോപ്പികളുടെ എണ്ണത്തില്‍ കുറവുവരുത്തുകയും ചെയ്തു.
ഇന്ന് മലയാള വായനക്കാര്‍ തങ്ങളുടെ തിരഞ്ഞെടുക്കല്‍ ആയിരം ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ നൂറോളമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ അവരുടെ തിരയല്‍ വളരെ വ്യാപകമായിരുന്നു. മറ്റു രാജ്യങ്ങളിലെ പ്രസാധകരുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ പ്രസാധകര്‍ക്ക് ഒരു പ്രധാന പ്രാതികൂല്യമുണ്ട്—-വളരെ ഉയര്‍ന്ന വിലയ്ക്ക് തരംതാണ കടലാസ് വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇതു പുസ്തകങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണമാകുന്നു. കേരളത്തിലെ പ്രധാന പുസ്തകോപഭോക്താക്കളില് 75% വ്യക്തികളാണ്. കേരളത്തിലെ വ്യാപാരത്തിന്റെ ഒരു പ്രത്യക്ഷ ലക്ഷണമാണിത്. മുന്‍കാലങ്ങളില്‍ അഗ്രിമസ്ഥാനത്ത് അദ്ധ്യാപകരായിരുന്നു; ഇന്ന് എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളാണ് അതീവതാത്പര്യമെടുക്കുന്നത്. പരിമിതവരുമാനക്കാരായ അനേകം സര്‍ക്കാരുദ്യോഗസ്ഥര്‍ ഒരു ഗൃഹലൈബ്രറിക്കു രൂപം നല്കാന് അഭിലഷിക്കുന്നവരാണ്. 1950-കളില്‍ എസ്.പി.സി.എസ്. തുടക്കംകുറിച്ച പ്രിപബ്ലിക്കേഷന്‍ പദ്ധതിയും ബുക്ക്ക്ലബ്ബും വഴി അംഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം അനുവദിക്കുന്ന പദ്ധതികള്‍ കേരളീയരുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചു.
കേരളത്തിലെ വായനക്കാര്‍ അതീവശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരും റഫറന്‍സ് കൃതികള്‍ ഏറെ ഇഷ്ടപ്പെടുന്നവരുമാണെന്ന് വിശ്വസിക്കുന്നതിനു കാരണമുണ്ട്. ഏകഭാഷാ, ദ്വിഭാഷാ നിഘണ്ടുക്കള്‍ ധാരാളമായി പതിനായിരത്തിലേറെ കോപ്പികള്‍ വില്ക്കാന് കഴിഞ്ഞേക്കും. നാലു വാല്യങ്ങളുള്ള ഡെസ്ക് എന്സൈക്ലോപീഡിയയും ഇരുപതു വാല്യങ്ങളുള്ള മാക്രോപീഡിയയും പന്തീരായിരത്തിനുമേല്‍ കോപ്പികള്‍ വില്ക്കാന് കഴിയും.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സീരീസിന്റെ ഭാഗമായി 1991-’92-ല്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും (1872-ല്‍ ആദ്യം പ്രസിദ്ധപ്പെടുത്തി), മലയാള വ്യാകരണ നിഘണ്ടുവും (1868-ല്‍ ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തി) രണ്ടു പ്രാവശ്യം പുനഃപ്രസിദ്ധീകരിച്ചു. ഏകദേശം 4000 കോപ്പി നിഘണ്ടുവും 3000 കോപ്പി വ്യാകരണവും വിറ്റഴിഞ്ഞു.
വിവര്‍ത്തനത്തിലൂടെ മറ്റു ഭാഷകളില്‍നിന്നും നിരവധി കൃതികളെ മലയാളഭാഷ സ്വീകരിക്കുന്നുണ്ട്. വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളുടെ എണ്ണം കണക്കാക്കിയാല്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും വച്ച് ഏറ്റവും സ്വതന്ത്രവും ഗ്രഹണക്ഷമവുമായ ഭാഷ മലയാളമാണ്. കേരളത്തിന്റെ സാംസ്കാരികവൈവിധ്യം മലയാള പ്രസിദ്ധീകരണങ്ങളിലും ഭംഗിയായി പ്രതിഫലിക്കുന്നു.
ഗൃഹലൈബ്രറികള് നിര്‍മ്മിക്കുന്നതിന് പല കുടുംബങ്ങള്‍ക്കും താത്പര്യം വളര്‍ന്നുവരുന്നുണ്ട്. ഇത് മലയാള പുസ്തകവ്യവസായത്തെ ഗവണ്മെന്റ് നയങ്ങളുടെയും പരീക്ഷാകേന്ദ്രിത വിദ്യാഭ്യാസത്തിന്റെയും വിപരീതപ്രഭാവങ്ങളില്നിന്നു രക്ഷിക്കുമെന്നു നാം പ്രത്യാശിക്കുന്നു.