(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 19,1996
കേരള സാഹിത്യ അക്കാദമി ഏപ്രില്‍ 15-നു സംഘടിപ്പിച്ച സൈലന്റ്വാലി സ്മരണയോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രകാശനത്തിലും കവിയരങ്ങിലും അയ്യപ്പപ്പണിക്കര്‍, എം.കെ. പ്രസാദ്, സുഗതകുമാരി, കുഞ്ഞുണ്ണിമാസ്റ്റര്‍, ജി. കുമാരപിള്ള, തോമസ്മാത്യു തുടങ്ങി ഒട്ടുവളരെ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു. ഇന്ദുചൂഡന് (പ്രൊഫ. കെ.കെ. നീലകണ്ഠന്) രചിച്ച ‘കേരളത്തിലെ പക്ഷികള്‍’, ‘വനപര്‍വ്വം’ (പ്രകൃതികവിതകള്‍) എന്നീ പുസ്തകങ്ങളുടെ പുനഃപ്രകാശനമായിരുന്നു ഒരു ചടങ്ങ്. ‘കേരളത്തിലെ പക്ഷികള്‍’ ഏറ്റുവാങ്ങുകയായിരുന്നു എനിക്കുവച്ചിരുന്ന ജോലി. എനിക്കു പകരം അത് സ്വീകരിച്ചത് ഇന്ദുചൂഡന്റെ പേരക്കുട്ടികളായ ഗായത്രിയും സുകന്യയുമായിരുന്നു എന്നറിയാന്‍ കഴിഞ്ഞു. എന്തുകൊണ്ടും അവര്‍ക്കാണ് എന്നെക്കാള്‍ അര്‍ഹത എന്ന കാര്യം തര്‍ക്കമില്ലല്ലോ.
കേരളത്തിലെ പക്ഷികളെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണ് പ്രൊഫ. കെ.കെ. നീലകണ്ഠന് (1923-1992) രചിച്ച ‘കേരളത്തിലെ പക്ഷികള്‍. ആദ്യപതിപ്പ് 1958-ല്‍ മാതൃഭൂമി പ്രസിദ്ധീകരണശാലയാണ് പ്രസിദ്ധപ്പെടുത്തിയത്. ആദ്യന്തം പരിഷ്കരിച്ച പതിപ്പായിരുന്നു 1986-ല്‍ പുറത്തുവന്നത്. ഇപ്പോഴത്തെ മൂന്നാംപതിപ്പ് വീണ്ടും പരിഷ്കരിച്ചു കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തതത്രേ. നമ്മുടെ പക്ഷികളുടെ 212 ചിത്രങ്ങളാണ് ഈ പതിപ്പിലുള്ളത്. അധികവും ബഹുവര്‍ണ്ണചിത്രങ്ങള്‍. ചിലതിന്റെ പേരു കേള് ക്കുക: ‘അങ്ങാടിക്കുരുവി,’, ‘കാക്കക്കുയില്‍’, ‘കാടുമുഴക്കി’, ‘കാട്ടുഞ്ഞാലി’, ‘കാട്ടുമൂങ്ങ’, ‘കുറിക്കണ്ണന്‍’, ‘ഗൗളിക്കിളി’, ‘ചങ്ങാലം’, ‘ചൂളന്‍’, ‘എരണ്ട’, ‘ചെങ്കണ്ണി’. ഈ പുസ്തകം വായിക്കുമ്പോഴാണ് ഇത്രയധികം പക്ഷികള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്നറിയുക. സലിം അലിപോലും ഇതുകണ്ട് അത്ഭുതപ്പെട്ടു.
520 പേജുകള്‍ ഉള്ള, അതിമനോഹരമായി അച്ചടിച്ച ഡീലക്സ് പതിപ്പിനു കേരളസാഹിത്യ അക്കാദമി നിശ്ചയിച്ചിട്ടുള്ള വില 250ക. മാത്രമാണ്. ദല്‍ഹിയിലെ ഏതെങ്കിലും പ്രസാധകനായിരുന്നെങ്കില് ഈ പുസ്തകത്തിനു 750 ക. വിലവച്ചേനെ.