( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഏപ്രില്‍ 1989
കൊല്ലത്ത് എത്തിയത് കേസരി ജന്മശതാബ്ദി ആഘോഷത്തില്‍ സംബന്ധിക്കാനാണ്. കൊല്ലം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ രണ്ടുദിവസത്തെ ആഘോഷങ്ങള്‍. കേസരി എ.ബാലകൃഷ്ണപിള്ളയുടെ നൂറാം ജന്മദിനം ഏപ്രില്‍ 13-നായിരുന്നു. അന്നും പിറ്റേന്നുമായിരുന്നു കൊല്ലത്ത് ആഘോഷം (ഇതേ ദിവസങ്ങളില്‍തന്നെ തിരുവനന്തപുരത്തും ആഘോഷംനടന്നു. പിന്നെ കൊച്ചിയിലും. പറവൂര്‍ രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷം). ഞാന്‍ ഉദ്ഘാടകനും കോട്ടയത്തെ അഡ്വക്കേറ്റ് എം. എന്‍. ഗോവിന്ദന്‍നായര്‍ അദ്ധ്യക്ഷനും വൈക്കം ചന്ദ്രശേഖരന്‍നായര്‍, എം. വി.ദേവന് എന്നിവര്‍ പ്രസംഗകരുമായിരുന്നു ഒന്നാം ദിവസം. പിറ്റേന്ന് മന്ത്രി കൃഷ്ണകുമാര്‍, തകഴി ശിവശങ്കരപ്പിള്ള എന്നിവര്‍ പങ്കെടുത്തു. കേസരിസദസ്സിലുണ്ടായിരുന്നവരില് രണ്ടുപേര്‍ മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളൂ: എം.എന്നും തകഴിയും. ഇവര്‍ രണ്ടുപേരും കൊല്ലത്തെ ആഘോഷത്തില്‍ പങ്കെടുക്കുകയുണ്ടായി.
തകഴി അന്ന് (1930) പ്ലീഡര്‍ഷിപ്പ് പരീക്ഷയ്ക്കു പഠിക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. ഗോവിന്ദന് നായര്‍ ബി.എല്‍.നും. മള്ളൂര്‍ ഗോവിന്ദപ്പിള്ളയായിരുന്നു ലോ കോളേജ് പ്രിന്‍സിപ്പല്‍. മള്ളൂര്‍ ഒരു ദിവസം തകഴിയെ മുറിയില്‍ വിളിപ്പിച്ചു. എന്നിട്ടിങ്ങനെ ഉപദേശിക്കുകയും ചെയ്തു: ‘നിങ്ങള്‍ ആ ബാലകൃഷ്ണപിള്ളയുമായുള്ള ബന്ധം വിടണം. ഇല്ലെങ്കില്‍ നിങ്ങള്‍ വഴിതെറ്റിപ്പോകും.’ തകഴി തന്റെ ഗുരുവിന്റെ ഉപദേശം ചെവിക്കൊണ്ടില്ല. അങ്ങനെ ‘വഴിതെറ്റി’ ഇന്നത്തെ അവസ്ഥയിലെത്തി. മറിച്ചായിരുന്നെങ്കില്‍ അമ്പലപ്പുഴ മജിസ്ത്രേട്ട് കോടതിയിലെ കൊള്ളാവുന്ന ഒരു വക്കീലായി കഴിഞ്ഞേനെ.
കൊല്ലത്തെ പ്രവര്ത്തകന്മാര്- രവി മുതലുള്ള എല്ലാവരും- അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം കൊല്ലം നഗരത്തിന് കേസരിയുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ല- നാലാംക്ലാസിലോ മറ്റോ ഒരു കൊല്ലം പഠിച്ചിട്ടുള്ളതൊഴിച്ചാല്‍. തിരുവനന്തപുരത്ത് അദ്ദേഹം 1945 വരെ താമസിച്ചിരുന്നു; അരനൂറ്റാണ്ടിലേറെ. പിന്നെ പറവൂരും. 1960-ല്‍ (ഡിസം.18) മരിക്കുന്നതു കോട്ടയത്തുവച്ചാണ്. ചികിത്സയ്ക്കായി ഭാര്യാസഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.
സമദര്‍ശിയുടെ പത്രാധിപരായിരുന്നത് 1922 മുതല്‍ 26 വരെ. കുളക്കുന്നത്തു രാമന്മേനോന് തുടങ്ങിയ പത്രം. പത്രമാരണനിയമം വന്നതോടെ ബാലകൃഷ്ണപിള്ള ആ പത്രം വിട്ടു. 1930 ജൂണ്‍ 4-നു സ്വന്തമായി പത്രം തുടങ്ങി- പ്രബോധകന്. കഷ്ടിച്ചു നാലുമാസമേ അതു ജീവിച്ചുള്ളു. സര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കി. 1930 സെപ്തംബര്‍ 30-ന് ‘കേസരി’ ആരംഭിച്ചു. 1935 ജൂണ്‍വരെ അതു തുടര്‍ന്നു. ദുര്‍വഹമായ തുക കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ പ്രതപ്രവര്ത്തനംതന്നെ നിറുത്തിവയ്ക്കുകയാണുണ്ടായത്.
എങ്കിലും പിന്നീടുള്ള 25 വര്‍ഷക്കാലവും അദ്ദേഹം കേസരി പത്രാധി പരായിരുന്നു. ഒരു കാര്‍ഡില്‍ ആര്‍ക്കെങ്കിലും നാലുവരി എഴുതിയാല്കൂടി അതിനടിയില്‍ എ. ബാലകൃഷ്ണപിള്ള, എഡിറ്റര്‍ കേസരി എന്നെഴുതിയിരുന്നു. മരണശയ്യയില്‍ കിടക്കുമ്പോഴും ഒപ്പിടേണ്ടിവന്നപ്പോള്, എഡിറ്റര്‍, കേസരി എന്നെഴുതിയിട്ടുണ്ട് എന്ന് കേസരിയുടെ പത്നി എഴുതുന്നു. പത്രം നടത്തിയവകയില്‍ വന്ന കടംവീട്ടാന്‍ നിവര്ത്തിയില്ലാഞ്ഞ് തിരുവനന്തപുരം വിട്ടപ്പോള്‍ വീട്ടുസാമാനങ്ങള്‍- കസേര, മേശ, അലമാര എല്ലാം- വില്‍ക്കേണ്ടിവന്ന കഥയും അവര്‍ എഴുതിയിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിനുപോലും പലപ്പോഴും മുട്ടുവന്നിട്ടുണ്ടെന്നും. പക്ഷേ, 1935-ല്‍ നിറുത്തിവച്ച ‘കേസരി’ ഇന്നും ജീവിക്കുന്നു. 1960- ല്‍ മരിച്ച കേസരി പത്രാധിപരും ജീവിക്കുന്നു. ഈ നില വളരെ വര്‍ഷങ്ങളില്‍ തുടരുകയും ചെയ്യും.