(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും) ജൂണ്‍ 4, 1987
തെരഞ്ഞെടുപ്പുപ്രചാരണം കാണണമെങ്കില്‍ കോട്ടയത്തു വരണമായിരുന്നു. വാശിയേറിയ നിരവധി തെരഞ്ഞെടുപ്പുമത്സരങ്ങളില് ഞാന്‍ പോയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല; 1977 മാര്‍ച്ചില്‍ ഇന്ദിരാഗാന്ധിയും രാജ്നാരായണനും തമ്മില്‍ ഏറ്റുമുട്ടിയ റായ്ബറേലിവരെ. അതിനെയൊക്കെ വെല്ലുന്നതായിരുന്നു കോട്ടയത്തെ പ്രവര്‍ത്തനശൈലി. ജൂണ്‍ 11-നാണല്ലോ ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്. മിസ്സിസ് താച്ചറും മിസ്റ്റര്‍ കിന്നോക്കിനും ഇവിടെ വന്നിരുന്നെങ്കില്‍ പലതും പഠിക്കാന്‍ കഴിഞ്ഞേനെ.
ടി. കെ. രാമകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥികള്‍. പിന്നെ 11 പേരുംകൂടിയുണ്ടായിരുന്നു. ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി മാര്‍ച്ചില്‍ മരിച്ചതുകൊണ്ടാണ്, കോട്ടയത്തും വാമനപുരത്തും തെരഞ്ഞെടുപ്പു മാറ്റിവച്ചത്. സ്വതന്ത്രന്മാരുടെ എണ്ണം ഇത്ര കൂടുതലായിരുന്നതുകൊണ്ട്, രണ്ടാം പ്രാവശ്യവും ആരെങ്കിലും മരിച്ചുകളയുമോ എന്ന ഭയത്തിലായിരുന്നു ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍. ഭാഗ്യത്തിന് അതുണ്ടായില്ല. ഈ സ്വതന്ത്രന്മാരെ ഇങ്ങനെ കയറൂരിവിടണോ എന്ന് ഇലക്ഷന് കമ്മീഷന് പരിശോധിക്കണം. ഇന്നു 250 രൂപയാണ് ഡിപ്പോസിറ്റ് തുക. ഇത്രയും തുക മുടക്കിയാല്‍ പത്രങ്ങളില്‍ പല പ്രാവശ്യം പേരച്ചടിച്ചുവരും. റേഡിയോയിലും കുറെയൊക്കെ കേള്‍ക്കാം. ബാലറ്റ്പേപ്പറില്‍ പേരടിച്ചുവരുന്നു.
ഒരു ലക്ഷത്തിലധികം പേര് ഇതു കാണും. ഇതൊക്കെയാണ് മിക്ക സ്വതന്ത്രസ്ഥാനാര്ത്ഥിയുടെയും ലക്ഷ്യം. സ്ഥാനാര്‍ത്ഥിക്കു ടെലഫോണ്‍ കിട്ടുമെന്ന ഗുണം വേറെയുണ്ട്. അംഗീകൃത രാഷട്രീയപ്പാര്ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു വച്ചിട്ടുള്ള ഡിപ്പോസിറ്റ് തുകയുടെ പത്തോ ഇരുപതോ ഇരട്ടിയായിരിക്കണം സ്വതന്ത്രസ്ഥാനാര്‍ത്ഥി കെട്ടിവയ്ക്കേണ്ട തുക. ഒരു ശതമാനം വോെട്ടങ്കിലും കിട്ടാത്ത സ്വതന്ത്രസ്ഥാനാര്ത്ഥിക്കു പത്തു വര്‍ഷത്തേക്ക് അയോഗ്യത കല്പിക്കണം. ഇങ്ങനെ വല്ലതുമൊക്കെ ചെയ്ത് ഈ ശല്യം ഒഴിവാക്കിയേ മതിയാവൂ. മൂന്നോ നാലോ സ്ഥാനാര്ത്ഥിയിലധികം ഉണ്ടായിക്കൂടാ ഒരിടത്തും.
കോട്ടയത്ത് പതിനൊന്നു സ്ഥാനാര്ത്ഥികള്ക്കുംകൂടി കിട്ടിയ വോട്ട് 1364 മാത്രമായിരുന്നു. ഏറ്റവും കൂടിയത് 387. കുറഞ്ഞത് 29. ഇനി ശരാശരികൂടി വേണമെങ്കിലാവാം, 124. മൊത്തം പോള്‍ ചെയ്തത് 102970. ‘തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അന്ത്യമുഹൂര്ത്തമായപ്പോള് കോട്ടയത്ത് ഏത് കൃഷ്ണന് (രാമകൃഷ്ണനോ രാധാകൃഷ്ണനോ) ജയിക്കുമെന്ന് ഭഗവാന് കൃഷ്ണനുപോലും പറയാന്‍ പറ്റാത്ത അവസ്ഥ.’ മലയാള മനോരമയില്‍ വന്ന റിപ്പോര്‍ട്ടാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഭഗവാന് കൃഷ്ണനുറപ്പുണ്ടായിരുന്നില്ലെങ്കിലും കോട്ടയത്തെ വോട്ടര്‍മാര്‍ക്ക് ആരു ജയിക്കുമെന്നറിയാമായിരുന്നു.
പക്ഷേ, രണ്ടു കൃഷ്ണന്മാര് വന്നതുകൊണ്ട്, ഭഗവാന് കൃഷ്ണന്റെ ഏറ്റവും അടുത്ത ആളായ കരുണാകരന് ഒരബദ്ധം പറ്റിയതായി കേട്ടു. മുന്‍മുഖ്യമന്ത്രി കോട്ടയത്ത് തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയില് ഒരു യോഗത്തില്‍ ആവേശത്തോടെ പ്രസംഗിച്ചു. പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: ‘അതുകൊണ്ട് ജൂണ്‍ 2-ാം തീയതി, നിങ്ങളെല്ലാം നമ്മുടെ പ്രിയപ്പെട്ട രാമകൃഷ്ണനു വോട്ടുചെയ്യണം.’
ഫെയര്‍ഫാക്സും ബോഫോഴ്സും വി. പി. സിങ്ങും സെയില്സിങ്ങും മീററ്റും ശ്രീലങ്കയും തൊട്ടു നൂറുകണക്കിനു പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാവാം രാജീവ്ഗാന്ധി പ്രചാരണത്തിനു വന്നില്ല.
വോട്ടിങ്ങിനടുത്ത ദിവസങ്ങളില്‍ ഇടതുമുന്നണിപ്രവര്‍ത്തകര്‍ പറഞ്ഞത് തങ്ങള്‍ 10,000 വോട്ടിനു ജയിക്കുമെന്നാണ്. എൈക്യമുന്നണിക്കാരുടെ പ്രതീക്ഷ അവര്‍ 7000 വോട്ടിനു ജയിക്കുമെന്നായിരുന്നു. വോട്ടെണ്ണിയപ്പോള്‍ ടി. കെ. രാമകൃഷ്ണന് എന്ന ‘കൃഷ്ണ’ന് 9526 വോട്ട് അധികം കിട്ടി. ഇന്ന് മനോരമ ഇടതുമുന്നണിക്ക് ഒരു 100 വോട്ട് സൗജന്യമായി നല്കി. ടി. കെ. രാമകൃഷ്ണന് വിജയിച്ചത് 9526 വോട്ടിനാണ്. മനോരമയില്‍ അത് 9626 ആണ്. ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ രാമകൃഷ്ണന് ഒരു തുറന്ന ജീപ്പില്‍ ചാറ്റല്‍മഴയും നനഞ്ഞ് പട്ടണത്തിന്റെ പ്രധാന വീഥികളില്‍ക്കൂടി സഞ്ചരിച്ച് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു.
ഇത് കണ്ടുനിന്ന ഒരു രസികന്‍ പറഞ്ഞു: ‘ഇവര്‍ (രാമകൃഷ്ണനും വാമനപുരത്തെ കൃഷ്ണന്‍നായരും) ആദ്യം മുന്‍മുഖ്യമന്ത്രി കരുണാകരനെ കണ്ടു നന്ദി പറയട്ടെ. അദ്ദേഹം കാരണമാണല്ലോ ഞാനും എന്നെപ്പോലുള്ള പതിനായിരം പേരും മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുചെയ്തത്. ഞങ്ങളെല്ലാം ഇതുവരെ കോണ്‍ഗ്രസ്സിനല്ലേ വോട്ട് ചെയ്തിട്ടുള്ളു.’ കോട്ടയത്തെ ഫലപ്രഖ്യാപനം ഒരു വിഭാഗം ജനങ്ങളില്‍ ഞെട്ടലുണ്ടാക്കിയെന്നത് സത്യമാണ്. അഞ്ചുവര്‍ഷം മുമ്പ് ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി എന്‍. ശ്രീനിവാസന് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച സ്ഥാനത്ത് എതിര്‍കക്ഷി സ്ഥാനാര്‍ത്ഥി പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു എന്നു കേട്ടാല്‍ ഞെട്ടലുണ്ടാകാതിരിക്കുമോ?