( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1995 ജനുവരി 8
1994 ഡിസംബര്‍ 30-ന് വക്കാഞ്ചേരിയില് പോകേണ്ടിയിരുന്നു- ഒരു സുഹൃത്തിന്റെ മരണം പ്രമാണിച്ച്. അതുവഴി ഒറ്റപ്പാലവുംകൂടി സന്ദര്ശിക്കണമെന്നുവച്ചു. ഇടയ്ക്ക് പാലക്കാടും സന്ദര്‍ശിച്ചു. കാറിലായിരുന്നു യാത്ര. കൂട്ടിനു ഭാര്യയും. പാലക്കാട്ടുവച്ചാണ് ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം സന്ദര്‍ശിക്കുന്ന കാര്യം ഓര്‍മ്മിച്ചത്. കുഞ്ചന്‍നമ്പ്യാരുടെ ജന്മഗൃഹവും മറ്റും കാണണമെന്നുവച്ചത് ദശാബ്ദങ്ങള്‍ക്കു മുന്‍പാണ്. എന്തുകൊണ്ടോ അതു നടന്നില്ല. ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ലക്കിടിയില്‍ പോകാന്‍ വിഷമമുണ്ട്. കാറില്‍ പോകുമ്പോള്‍ ഓര്‍ക്കാറുമില്ല.
ഏതായാലും ഇപ്രാവശ്യം അതു സാധിച്ചു. ലക്കിടിക്കാരനായ കറന്റ് ബുക്സിലെ വിനോദിനെ വഴികാട്ടിയായി കിട്ടിയതും വലിയ കാര്യമായി.
ഉച്ചയൂണിനു വീട്ടില്‍ പോയിരുന്ന വാച്ച്മാന് ഗോവിന്ദന്‍നായരെ വിനോദ് വിളിച്ചുകൊണ്ടുവന്നു. ഒരു മണിക്കൂറില്‍ എല്ലാം തീര്‍ത്തു മടങ്ങാനും കഴിഞ്ഞു. നമ്പ്യാരുടെ വീടാണ്, എന്നെ അധികം ആകര്‍ഷിച്ചത്. നാനൂറു വര്‍ഷം മുന്‍പു നിര്‍മ്മിച്ചതെന്നു കണക്കാക്കപ്പെടുന്ന ഇരുനിലക്കെട്ടിടം. മൂന്നു മുറികള്‍ വീതമുണ്ട്. താഴത്തെ നിലയിലുള്ള ഒരു മുറിയിലാണ് കുഞ്ചന്നമ്പ്യാര് ജനിച്ചത്. (ഞാന്‍ മുറിയുടെ നീളവും വീതിയും അളന്നു. 11 അടി നീളം 9 അടി വീതിയും) ജനിച്ച വര്‍ഷത്തെപ്പറ്റി മഹാകവി ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ പറയുന്നത്, കൊല്ലവര്‍ഷം 875 നടുത്തായിരിക്കുമെന്നാണ്. അതായത് ക്രിസ്തുവര്‍ഷം ഏകദേശം 1700-ാമാണ്ട്.
കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രത്തിനു തൊട്ടാണ്, നമ്പ്യാരുടെ കലക്കത്ത് ഭവനം. ഇവിടെ എല്ലാക്കാലത്തും സാഹിത്യനായക•ാര്‍ ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പക്ഷേ, പലരും സംസ്കൃതപണ്ഡിതന്മാരായിരുന്നു എന്നുമാത്രം. കലക്കത്ത് ഭവനത്തില്പ്പെട്ട നാലു കുടുംബങ്ങളുണ്ട് ഇന്നവിടെ. പ്രസിദ്ധ വ്യാകരണപണ്ഡിതനായ പ്രൊഫ. ഗോവിന്ദന് നമ്പ്യാര്‍ (80) ഇതിലൊരു ശാഖയിലംഗമാണ്. പക്ഷേ, കവിത കൈമുതലായുള്ളവര്‍ ആരുമില്ലത്രെ. കലക്കത്ത് ഭവനത്തിലെ പൂജാമുറിയും ഞങ്ങള്‍ സന്ദര്‍ശിച്ചു. എല്ലാ സമയവും കത്തിനില്‍ക്കുന്ന കെടാവിളക്കും കണ്ടു. സ്മാരകകമ്മിറ്റി നിലവില്‍വന്നത് 1980 ലാണ്. പിറ്റെക്കൊല്ലം മുതല്‍ കെടാവിളക്കു കത്തിനില്ക്കുന്നു. വീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ തുള്ളല്ക്ളാസ് സ്ഥിരമായി നടത്തുന്നുണ്ട്. സംസ്കൃത ക്ളാസ്സുമുണ്ടവിടെ. നമ്പ്യാര്‍ ജനിച്ച മുറിയുടെ ഭിത്തിയില്‍ പി.കുഞ്ഞിരാമന്‍നായര്‍ അവിടെവച്ചു രചിച്ച നാലുവരി കവിത കാണാം.
”തുലാവര്ഷക്കാറിനുള്ളില്
മിന്നും പൊന്നൂലുപോലവേ
ഇറങ്ങിവന്ന സൗന്ദര്യദേവതേ
കവിതേ തൊഴാം.”
23-10-77 എന്ന തീയതിയുമുണ്ട്. കലക്കത്ത് ഭവനത്തിനു തൊട്ടടുത്താണ് സ്മാരകമന്ദിരം. ഒരു ചെറിയ ആഡിറ്റോറിയം. സ്മാരകം ഉദ്ഘാടനം ചെയ്തത് സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ.രാമകൃഷ്ണനാണ്–1989 നവംബര്‍ 28-ന്. ടി.കെ തന്നെയാണ് ’87 ഡിസംബറില്‍ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചത്. അന്ന് പാലക്കാട് ജില്ലാകളക്ടറായിരുന്ന പി. ആര്. സോമന്റെ അത്യുത്സാഹം മൂലമാണ് സ്മാരകമന്ദിരം രൂപംകൊണ്ടതെന്നും അറിയാന്‍ കഴിഞ്ഞു.
തുള്ളലില്‍ പ്രശസ്തരായിത്തീര്ന്നവര്ക്ക് (അവശന്മാരുമായിരിക്കണം) വര്‍ഷംതോറും മെയ് 5-ന് കുഞ്ചന്ദിനത്തില് അവാര്‍ഡ് നല്കിവരുന്നു. ’86 മുതല്‍ മുടങ്ങാതെ നടക്കുന്ന ചടങ്ങാണിത്. 2100 ക.യും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്. ഡോ. വി.എസ്.ശര്‍മ്മയാണ് കുഞ്ചന്സ്മാരകത്തിന്റെ ചെയര്മാന്. പാലക്കാട് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സെക്രട്ടറിയും. കുഞ്ചന്‍സ്മാരക ലൈബ്രറിയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. ഇവിടെ ഒരു മനോഹരമായ പേടകത്തില്‍ കുഞ്ചന്നമ്പ്യാര് ഉപയോഗിച്ചിരുന്ന എഴുത്താണി (നാരായം) സൂക്ഷിച്ചിരിക്കുന്നു. ഈട്ടിയിലും ദന്തത്തിലും തീര്‍ത്തിരിക്കുന്ന പേടകം മുഖ്യമന്ത്രി അച്യുതമേനോന് ലൈബ്രറിക്കു സമ്മാനിച്ചതാണ്. എഴുത്താണി അമ്പലപ്പുഴയില്‍ മാത്തൂര്‍ പണിക്കരുടെ ഭവനത്തില്‍നിന്നാണ് ലഭിച്ചതെന്നും അറിയാന്‍ കഴിഞ്ഞു.
കലക്കത്ത് ഭവനവും സ്മാരകവും സൂക്ഷിക്കുന്ന വാച്ച്മാന് എം. ഗോവിന്ദന്‍നായര്‍ എല്ലാം കാണിച്ചുതരിക മാത്രമല്ല, വിശദമായി പറഞ്ഞുതരികയും ചെയ്തു. സന്ദര്‍ശകഡയറിയില്‍ ഞാന്‍ സ്വല്പം വരികള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. മൂന്നാലു ദിവസം മുന്‍പ് ഗോവിന്ദന്‍നായരുടെ ഒരു കത്തു കിട്ടി. ഞാന്‍ പോന്നുകഴിഞ്ഞ് ഡയറി വായിച്ചപ്പോഴാണ്, ആളെ മനസ്സിലായതെന്നും തന്റെ പെരുമാറ്റത്തില്‍ വല്ല അപാകതയും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നുമായിരുന്നു കത്തിന്റെ ചുരുക്കം. സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരു സാധാരണ ഉദ്യോഗസ്ഥനില്‍നിന്നും ലഭിക്കാവുന്നതില്‍ വളരെ കൂടിയ സഹായമാണ്, പേരറിയാെതതന്നെ എനിക്കു ലഭിച്ചത് എന്നതത്രെ സത്യാവസ്ഥ.
നാലഞ്ചു വര്ഷംമുന്പ് അന്തരിച്ച മാണിമാധവചാക്യാരുടെ വീട് കലക്കത്ത് ഭവനത്തിനടുത്താണ് എന്നുകൂടി പറയട്ടെ.