(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഓഗസ്റ്റ് 5, 1991
കേരളസര്‍ക്കാര്‍ ഈയിടെ ഉദ്യോഗസ്ഥന്മാര്ക്ക് ഓണത്തിന് ബോണസ് കൊടുക്കാന്‍വേണ്ടി ഗുരുവായൂര്‍ ദേവസ്വത്തോട് പത്തുകോടിരൂപ വായ്പ ചോദിച്ചു. ഒരു മാസത്തിനകം തിരികെ കൊടുക്കും. പലിശസഹിതം എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെഴുതുന്ന സമയത്തും ദേവസ്വം ഭരണസമിതി ഇതേപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഭരണ സമിതിയും ഇപ്പുറത്തു ബി.ജെ.പി.യുെമാെക്കയുള്ളതാണ് കുഴപ്പം. ഗുരുവായൂരപ്പന് നേരിട്ടായിരുന്നു കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ കരുണാകരന് സര്‍ക്കാരിന് പന്ത്രണ്ടുമണിക്കൂറിനകം തുക നല്കിയേനെ.
പിന്നെ സര്‍ക്കാരിന്റെ നിലയ്ക്ക് ഇങ്ങനെ ദേവസ്വത്തോടും മറ്റും വായ്പ ചോദിക്കുന്നത് മോശമാണെന്ന് ഒരഭിപ്രായവും കേട്ടു. ഇതുവരെ ചെത്തുതൊഴിലാളിക്ഷേമനിധിയായിരുന്നു സര്‍ക്കാരിനെ ആപത്ഘട്ടങ്ങളില്‍ നിലനിറുത്തിയിരുന്നത്. ചുമട്ടുതൊഴിലാളികള്‍ക്ക് ക്ഷേമനിധിയുണ്ടോ എന്നെനിക്ക് നിശ്ചയമില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പത്തു കോടിക്കുപകരം നൂറുകോടി മറിക്കാന്‍ വിഷമം വരില്ലായിരുന്നു.
പണ്ടൊക്കെ ബിസിനസ്സുകാര്‍ കേരളസര്ക്കാരിനെപ്പോലെ ബോണസ് കൊടുക്കാന്‍ പണമില്ലാതെ വരുമ്പോള്‍ ബ്ലേഡ്കാരെ ആശ്രയിക്കുകയായിരുന്നു, പതിവ്. 36 മുതല്‍ 72 ശതമാനംവരെ പലിശ കൊടുക്കാനും തയ്യാറാകും. എങ്കിലും വീട്ടില്‍ വെറുതെവച്ചിരിക്കുന്ന സ്വര്‍ണ്ണം പണയംവയ്ക്കാന്‍–പലിശ 18 മുതല്‍ 24 ശതമാനംവരെ മതിയെങ്കിലും–പലര്‍ക്കും മടിയായിരുന്നു. സ്റ്റാറ്റസിന് കോട്ടം തട്ടിയാലൊ എന്ന ഭയം. ഇപ്പോള്‍ ആ ഭയം മാറിവരുന്നു. ഇന്ത്യാഗവണ്മെന്റ് തന്നെ ടണ്‍ കണക്കിന് സ്വര്‍ണ്ണം പണയം വയ്ക്കുന്നു. അതും ഇംഗ്ലണ്ടിലെത്തിച്ചു കൊടുക്കണംതാനും. ഈയിടെ ഒരു ബിസിനസ്സുകാരന് എന്റെ അടുക്കല്‍ വന്നു. അയാള്‍ക്ക് ഒന്നോ ഒന്നരയോ ലക്ഷം രൂപവേണം. സ്വര്‍ണ്ണമുണ്ട് കൈയില്‍. കോട്ടയത്ത് ഒരിടത്തുനിന്നും അത്രയും തുക കിട്ടുകയില്ലത്രെ. ഞാന്‍ അയാള്‍ക്ക് കാഞ്ഞിരപ്പള്ളിയിലെ ഒരു വിലാസം നല്കി. ‘ഓ അവിടെവരെ (40 കി. മീറ്റര്‍ ദൂരം) പോകേണ്ടേ’ എന്നു ചോദിച്ചു. അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇംഗ്ലണ്ടില്കൊണ്ടുപോയി സ്വര്‍ണ്ണം പണയം വയ്ക്കുന്ന കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചു. അയാള്‍ സമ്മതിച്ചു.