( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1-6-1997
സാഹിതീസഖ്യം ഇക്കൊല്ലം, എം.പി. പോളിന്റെ ജന്മദിനം ആഘോഷിച്ചു. മെയ് ഒന്ന് ആണ് പോളിന്റെ ജന്മദിനം. 93-ാം ജന്മദിനമാണിത്. സാഹിതീസഖ്യത്തിന് ജന്മം നല്‍കിയത് എം.പി. പോളാണ്. പോള്‍ സാര്‍ കോട്ടയത്ത് പോള്‍സ് കോളേജ് നടത്തിയിരുന്ന കാലത്താണ് സാഹിതീസഖ്യം പ്രവര്‍ത്തിച്ചിരുന്നത്. സാഹിത്യകാരന്മാര് ആഴ്ചയിലൊന്നോ രണ്ടാഴ്ചയിലൊന്നോ ഒന്നിച്ചുകൂടി സൗഹാര്‍ദ്ദം പുലര്‍ത്തുകയായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം. ഓരോ യോഗത്തിലും സഖ്യത്തിലെ അംഗങ്ങളുടെ കവിതയും കഥയുമൊക്കെ ചര്‍ച്ചചെയ്യുക പതിവായിരുന്നു. ബഷീറിന്റെ ബാല്യകാലസഖി അങ്ങനെ ചര്‍ച്ചചെയ്യപ്പെട്ട പുസ്തകമാണ്.
അന്നത്തെ പ്രസിദ്ധ വിമര്‍ശകനായിരുന്ന പി. ദാമോദരന്‍പിള്ള ബാല്യകാലസഖിയെ നിശിതമായി വിമര്‍ശിച്ചു. സദസ്സിലുണ്ടായിരുന്ന മറ്റു പല സാഹിത്യകാരന്മാരും അതിനെ അനുകൂലിക്കയും ചെയ്തു. സാഹിതീസഖ്യത്തിലെ ചര്‍ച്ചയുടെ ഫലമായി ഉണ്ടായതാണ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം. എഴുത്തുകാര്‍ക്ക് അവരുടേതായ ഒരു പുസ്തകപ്രസിദ്ധീകരണശാല ഉണ്ടാകണം എന്ന ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്, സാ.പ്ര.സ. സംഘം. പോള്‍തന്നെ ആദ്യത്തെ പ്രസിഡണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ള സെക്രട്ടറിയും. എം.പി.പോള്‍ തിരുവനന്തപുരത്തേക്കു പോയതോടെ സഖ്യത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. പിന്നീടതു നിലച്ചു. പുനരുജ്ജീവിപ്പിക്കാന്‍ പല ശ്രമങ്ങളും പിന്നീട് പലപ്പോഴും നടന്നിട്ടുണ്ട്. കുറേക്കാലം ഉറൂബ് പ്രസിഡണ്ടായി. പിന്നെ പി. ഭാസ്കരനും. ഒടുവില്‍ കെ.എം. തരകനായിരുന്നു പ്രസിഡണ്ട്. ഇപ്പോള്‍ ഞാന്‍ പ്രസിഡണ്ടും ഡോ. കുര്യാക്കോസ് കുമ്പളക്കുഴി വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിക്കുന്നു.
എം.പി. പോള്‍ മരിച്ചിട്ട് 45 വര്‍ഷം തികയുകയാണ്. 48 വര്‍ഷം മാത്രമേ ആ വലിയ മനുഷ്യന് ജീവിച്ചിരുന്നുള്ളു. ഇപ്രാവശ്യത്തെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു സാഹിത്യമല്‍സരം നടത്തുകയുണ്ടായി. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ രണ്ടു സമ്മാനം വീതം നല്കപ്പെട്ടു. കവിതയില്‍ ഒന്നാം സ്ഥാനം ലഭിച്ച ഉണ്ണിക്കൃഷ്ണന് സി. പൂഴിക്കാട്, കഥയില്‍ രണ്ടാംസ്ഥാനവും നേടി. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് നടത്തിയ സാഹിത്യമല്സരത്തിലും ഉണ്ണിക്കൃഷ്ണന് സമ്മാനം കരസ്ഥമാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എം.എ. (മലയാളം) വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം.
തകഴി ശിവശങ്കരപ്പിള്ളയാണ്, അവാര്‍ഡുകള്‍ നല്‍കിയത്. ”പ്രായമായി, അതിന്റേതായ എല്ലാ അസുഖങ്ങളുമുണ്ട്” എന്ന മുഖവുരയോടെയാണ് 85-കാരനായ തകഴി പ്രസംഗമാരംഭിച്ചത്. (മെയ് 5-ന് തകഴിക്ക് 85 തികഞ്ഞു). ”എം.പി. പോളുമൊന്നിച്ച് എനിക്ക് പല രംഗങ്ങളിലും പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. പോള്‍ എവിടെയായാലും ആകര്‍ഷണകേന്ദ്രമായിരുന്നു. എനിക്ക് തിരുവനന്തപുരത്തെ കേസരിസദസ്സില്നിന്ന് എം.പി. പോള്‍ സദസ്സിലേക്കു വന്നപ്പോള്‍ അതൊരു പുതുമയായിരുന്നു. ഒരു മാറ്റം അനുഭവപ്പെട്ടു. പുരോഗമനസാഹിത്യം തുടങ്ങി. ശക്തിപ്പെടുത്തി. ഒടുവില്‍ തല്ലിപ്പൊളിച്ചു.
ഇതിനെല്ലാം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. മുണ്ടശ്ശേരിമാസ്റ്ററും കേശവദേവുമൊക്കെയുണ്ടായിരുന്നു കൂടെ. പുരോഗമനസാഹിത്യം ആവശ്യമുണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നൊക്കെ കാലം തീരുമാനിക്കട്ടെ.” ഇങ്ങനെപോയി തകഴിയുടെ പ്രസംഗം. പക്ഷികള്‍ക്കു ചേക്കേറാനും വഴിപോക്കര്‍ക്കു തണല്‍ നല്‍കാനും പറ്റിയ വടവൃക്ഷമായിരുന്നു പോളെന്ന് പ്രൊഫ. എം.കെ. സാനു അനുസ്മരണപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സാംസ്കാരികമണ്ഡലത്തില്‍ ഭൂരിപക്ഷത്തിനു കാര്യമായി ഒന്നും ചെയ്യാനില്ല. ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനനിരതമായ തലച്ചോറു കൃത്യമായി പ്രതികരിക്കും. മലയാളത്തില്‍ സൗന്ദര്യശാസ്ത്രത്തിനു മികച്ച സംഭാവന നല്‍കിയത് എം.പി.പോളാണ്. അദ്ദേഹം സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രപക്ഷത്തിനു പ്രാമുഖ്യം നല്കി. പ്രൊഫ. ജോര്‍ജ് തോമസും പ്രസംഗിച്ചു. അധ്യക്ഷത വഹിച്ചതു ഞാനും.