( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 22-6-1997
അടുത്തകാലത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയ എം.പി. വീരേന്ദ്രകുമാറിനെ അനുമോദിക്കാന്‍ ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയ യോഗം മുന്‍മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഞാന്‍ അധ്യക്ഷത വഹിച്ചു. വീരേന്ദ്രകുമാറിന്റെ ‘ഗാട്ടും കാണാച്ചരടുകളും’ എന്ന പുസ്തകം മലയാളത്തിലെ വൈജ്ഞാനിക സാഹിത്യശാഖയ്ക്കു നല്കിയ സംഭാവന വളരെ വലുതാണെന്ന് ജോസഫ് അഭിപ്രായപ്പെട്ടു. ഡോ. ഇക്ബാല്‍, ഡോ. സിറിയക് തോമസ്, ചെറിയാന് ഫിലിപ്പ് എന്നിവര്‍ വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ദര്‍ശന സാംസ്കാരിക കേന്ദ്രം, വീരേന്ദ്രകുമാറിനു സമ്മാനിച്ച ദര്‍ശന അവാര്‍ഡ് കേരള ഗ്രന്ഥശാലാസംഘം പ്രസിഡണ്ട് കടമ്മനിട്ട രാമകൃഷ്ണനാണ് നല്‍കിയത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും സങ്കീര്‍ണ്ണമായ വിഷയങ്ങളെപ്പറ്റി ഇത്ര ആഴത്തില്‍ പഠിച്ച് എഴുതാനുള്ള കഴിവിനെ കടമ്മനിട്ട പ്രശംസിച്ചു. വീരേന്ദ്രകുമാര്‍, കേരളത്തിന്റെ അത്ഭുതപുത്രനാണെന്നു ഞാന്‍ ചൂണ്ടിക്കാണിക്കയുണ്ടായി. വീരേന്ദ്രകുമാര്‍ രാഷ്ട്രീയം വിട്ടിട്ട്, സാംസ്കാരികരംഗത്തെ മുഴുവന്‍സമയ പ്രവര്‍ത്തകനായി വരണമെന്നും ഞാന്‍ അഭിപ്രായപ്പെട്ടു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലും വീരേന്ദ്രകുമാറിന് ഒരു സ്വീകരണം നല്കി. അന്നു രാത്രി മാതൃഭൂമിയുടെ ആറ് യൂണിറ്റുകളിലെയും പ്രതിനിധികള്‍ വീരേന്ദ്രകുമാറിനെ അനുമോദിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മാതൃഭൂമിയുടെ വിവിധ വകുപ്പധ്യക്ഷന്മാര് ഉള്‍പ്പെടെ ഒരു ഡസനോളം പേര് പ്രസംഗിച്ചു. പുറമേ, മുനിസിപ്പല്‍ ചെയര്മാന് പി.സി. ചെറിയാന് ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് ഇടയാടി ഇവരും ഞാനും കൂടി പ്രസംഗിക്കുകയുണ്ടായി.
പൊന്‍കുന്നം വര്‍ക്കി, തകഴി ശിവശങ്കരപ്പിള്ള എന്നീ സാഹിത്യനായകന്മാരെ സന്ദര്‍ശിച്ചു തന്റെ ആദരവു കാണിക്കാന്‍ മന്ത്രി വീരേന്ദ്രകുമാര്‍ സമയം കണ്ടെത്തി. കോട്ടയത്തുനിന്നു 18 കിലോമീറ്റര്‍ കിഴക്ക് പാമ്പാടിയിലാണ് പൊന്‍കുന്നം വര്‍ക്കി ഏകനായി താമസിക്കുന്നത്. വയസ്സ് 86. താന്‍ സ്ഥിരമായി ഇരിക്കുന്ന കസേരയില്‍തന്നെ വര്‍ക്കിസാര്‍ ഇരുന്നു. തൊട്ടടുത്തുള്ള അരമതിലില്‍ വീരേന്ദ്രകുമാറും ഞാനും ഇരുന്നു. 20-25 മിനിറ്റ് നേരം കുശലം പറഞ്ഞു. താന്‍ ഏകാകിയാണ്. ഈ ജീവിതം തീര്‍ത്തും ദുസ്സഹമാണ്. അയല്പക്കത്തെ വീട്ടില്‍നിന്നും ഭക്ഷണംകൊണ്ടുവന്നു തരും. ഇതാണ് ഇന്നത്തെ ജീവിതരീതി എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഞങ്ങള്‍ ഒരുമിച്ചു കഴിച്ചുകൂട്ടിയ കാല(1946-’47) ത്തെപ്പറ്റി ഞാന്‍ ഓര്‍മ്മിച്ചു.
വര്‍ക്കിസാറിന് ആരോഗ്യത്തിലുണ്ടായിരുന്ന ശ്രദ്ധ സഹതടവുകാരില്‍ അസൂയ ഉണ്ടാക്കിയിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു. ആരോഗ്യത്തിന് ഇപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പിന്നീട് ചങ്ങമ്പുഴയെപ്പറ്റിയും എന്‍.വി.കൃഷ്ണവാരിയരെപ്പറ്റിയുമായി സംസാരം. ഇന്നു ചങ്ങമ്പുഴയെ പൊക്കിക്കൊണ്ടു നടക്കുന്നവര്‍ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍, അത്യന്തം ക്ലേശം സഹിച്ചപ്പോള്‍, ഒരു സഹായവും ചെയ്യാത്തവരായിരുന്നു എന്നു മന്ത്രി പറഞ്ഞു. ”ജീവിച്ചിരിക്കുമ്പോള്‍ കിട്ടണം സഹായം. മരിച്ചു കിട്ടുന്ന സഹായം കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം” വര്‍ക്കി ചോദിച്ചു. കുറ്റിപ്പുഴ അവസാനകാലത്ത് എത്രമാത്രം ക്ലേശിച്ചിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
സംസാരം ചുറ്റിത്തിരിഞ്ഞു എന്‍.വി.യിലെത്തി. എന്‍.വി.യുടെ പാണ്ഡിത്യം ചര്‍ച്ചാവിഷയമായി. തന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്‍.വി.യാണെന്ന് വീരേന്ദ്രകുമാര്‍ ഓര്‍മ്മിച്ചു. പ്രസംഗം കുറച്ചിട്ട് എഴുത്തിലേക്ക് തിരിയണമെന്ന് അദ്ദേഹം പലപ്പോഴും തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൈനദേവന്റെ ചരിത്രം എന്‍.വി.യുടെ നിര്‍ബന്ധംകൊണ്ടാണ് എഴുതിയത്. 300 പേജുവരെയെത്തി. ഇനി 200 പേജുകൂടി എഴുതണം. അതിനുള്ള സമയം കണ്ടുപിടിക്കണം. പൊന്‍കുന്നം വര്‍ക്കിയെ ഇങ്ങനെ കുറെ മിനിട്ടുമാത്രം സമയംകൊണ്ട് മനസ്സിലാക്കാനൊക്കില്ല. അടുത്ത മാസത്തില്‍ ഞാനൊരു ദിവസം ഇവിടെ വരും. ആരെയും അറിയിക്കാതെ. മന്ത്രി ഔദ്യോഗിക കാറിലല്ല പാമ്പാടിയിലെത്തിയത്. പിറ്റേന്നു പാലക്കാട്ടായിരുന്നു പ്രോഗ്രാം. എങ്കിലും തകഴിയെ കാണാന്‍ വേണ്ടി 60 കിലോമീറ്റര്‍ യാത്ര ചെയ്ത്, തകഴിയിലെത്തി. കുറച്ചുമിനിറ്റേ അവിടെ ചെലവഴിക്കാനായുള്ളു. തകഴിയില്‍നിന്നു നേരേ പാലക്കാട്ടേക്ക്.