( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1993 നവംബര്‍ 23
പുസ്തകപ്രകാശനം വൈകിട്ട് ആറരയ്ക്കാണു വച്ചിരുന്നത്. അതിനുമുമ്പ് ഞങ്ങള്‍– രാധാകൃഷ്ണനും ഞാനും– പൂജപ്പുരയിലെ പഞ്ചകര്‍മ്മ ആശുപത്രിയില്‍ പോയി. മലയാറ്റൂര്‍ രാമകൃഷ്ണന് എന്ന രോഗിയെ കാണാന്‍. മൂന്നാഴ്ചമുമ്പ് വയലാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ (ഒക്ടോബര്‍ 27) വച്ച് രാമകൃഷ്ണനെ കണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിലാക്കപ്പെട്ടു!
ഒക്ടോബര്‍ 26-ന് എനിക്കയച്ച ഒരു കാര്‍ഡില്‍ അഞ്ചോ ആറോ വാക്കുമാത്രമേ ഉള്ളൂ. കത്ത് ഇംഗ്ലീഷിലാണ്. ”ബ്രിഗേഡിയര്‍ രണ്ടു മാസത്തേക്ക് നേഴ്സിങ് ഹോമില്‍ പ്രവേശിക്കുന്നു.” താനവിടെ കിടക്കുന്ന ഒരു ചിത്രവും വരച്ചിട്ടുണ്ട്. ആ കാര്‍ഡ് ഇതൊന്നിച്ചയച്ചിരിക്കുന്നു. 10 ദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ കത്ത് കിട്ടി. അത് കവറിലാണ്. ”ഞാന്ചികിത്സയില്. 30-10-ന് ഷെഡ്ഡില്‍ കയറി. ഇവിടെ രണ്ടുമാസക്കാലം തടവ്. ബ്രിഗേഡിയര്‍.” ആറാം വിരല്‍ (നോവലിന്റെ മാറ്റര്‍) രണ്ടാഴ്ചയ്ക്കുള്ളില്‍ അയയ്ക്കുമെന്നൊരു കുറിപ്പും.
ഞാനുടനെ മറുപടി നല്കി. പൂജപ്പുരയില്‍ത്തന്നെ (ആശുപത്രിയിലല്ല, സെന്‍ട്രല്‍ ജയിലില്‍) ഞാനും കിടന്നിട്ടുണ്ടെന്നും അതു കൂടുതല്‍ കാലം ഉണ്ടായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. ആശുപത്രിയിലെത്തി 18 ദിവസം കഴിഞ്ഞാണിപ്പോള്‍ കണ്ടത്. വലിയ മാറ്റമുണ്ട്. നാലു വര്‍ഷമായി ചെരിപ്പ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോളത് ആകാം. പരസഹായം കൂടാതെ നടക്കാം. വയലാര്‍ അവാര്‍ഡിലെ ശില്പം രാമകൃഷ്ണനാണ്, ആനന്ദിന് സമ്മാനിച്ചതെങ്കിലും അത് പൊക്കാന്‍ രണ്ടുപേരുടെയും സഹായം വേണ്ടിവന്നു. ഇപ്പോള്‍ കണ്ടിട്ട് ഒരാളുടെ സഹായം മതിയെന്ന് തോന്നി.