( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ജനുവരി 1994
പുസ്തകപ്രകാശനം വൈകിട്ട് ആറരയ്ക്കാണു വച്ചിരുന്നത്. അതിനുമുമ്പ് ഞങ്ങള്‍- രാധാകൃഷ്ണനും ഞാനും- പൂജപ്പുരയിലെ പഞ്ചകര്‍മ്മ ആശുപത്രിയില്‍ പോയി. മലയാറ്റൂര്‍ രാമകൃഷ്ണന് എന്ന രോഗിയെ കാണാന്‍. മൂന്നാഴ്ചമുമ്പ് വയലാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ (ഒക്ടോബര്‍ 27) വച്ച് രാമകൃഷ്ണനെ കണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിലാക്കപ്പെട്ടു! ഒക്ടോബര്‍ 26-ന് എനിക്കയച്ച ഒരു കാര്‍ഡില്‍ അഞ്ചോ ആറോ വാക്കുമാത്രമേ ഉള്ളൂ. കത്ത് ഇംഗ്ലീഷിലാണ്. ”ബ്രിഗേഡിയര്‍ രണ്ടു മാസത്തേക്ക് നേഴ്സിങ് ഹോമില്‍ പ്രവേശിക്കുന്നു.” താനവിടെ കിടക്കുന്ന ഒരു ചിത്രവും വരച്ചിട്ടുണ്ട്. ആ കാര്‍ഡ് ഇതൊന്നിച്ചയച്ചിരിക്കുന്നു. 10 ദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ കത്ത് കിട്ടി. അത് കവറിലാണ്. ”ഞാന്ചികിത്സയില്. 30-10-ന് ഷെഡ്ഡില്‍ കയറി. ഇവിടെ രണ്ടുമാസക്കാലം തടവ്. ബ്രിഗേഡിയര്‍.” ആറാം വിരല്‍ (നോവലിന്റെ മാറ്റര്‍) രണ്ടാഴ്ചയ്ക്കുള്ളില്‍ അയയ്ക്കുമെന്നൊരു കുറിപ്പും.
ഞാനുടനെ മറുപടി നല്കി. പൂജപ്പുരയില്‍ത്തന്നെ (ആശുപത്രിയിലല്ല, സെന്‍ട്രല്‍ ജയിലില്‍) ഞാനും കിടന്നിട്ടുണ്ടെന്നും അതു കൂടുതല്‍ കാലം ഉണ്ടായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. ആശുപത്രിയിലെത്തി 18 ദിവസം കഴിഞ്ഞാണിപ്പോള്‍ കണ്ടത്. വലിയ മാറ്റമുണ്ട്. നാലു വര്‍ഷമായി ചെരിപ്പ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോളത് ആകാം. പരസഹായം കൂടാതെ നടക്കാം. വയലാര്‍ അവാര്‍ഡിലെ ശില്പം രാമകൃഷ്ണനാണ്, ആനന്ദിന് സമ്മാനിച്ചതെങ്കിലും അത് പൊക്കാന്‍ രണ്ടുപേരുടെയും സഹായം വേണ്ടിവന്നു. ഇപ്പോള്‍ കണ്ടിട്ട് ഒരാളുടെ സഹായം മതിയെന്ന് തോന്നി.
പുതുവര്‍ഷത്തെ ആദ്യ ലേഖനംതന്നെ മരണത്തോടുകൂടി തുടങ്ങേണ്ടി വന്നതില്‍ വളരെ വ്യസനമുണ്ട്. മരിച്ചത്, അതുല്യനായ ഒരു സാഹിത്യകാരന്. മലയാറ്റൂര്‍ രാമകൃഷ്ണനാണ് അതെന്ന് എല്ലാ വായനക്കാര്‍ക്കും അറിയാമെന്നു കരുതുന്നു. ഡിസംബര്‍ 27 ശനിയാഴ്ച ഞാന്‍ ഊണുകഴിഞ്ഞ് കിടക്കുകയായിരുന്നു. അതിനിടയിലാണ് ത്രിവിക്രമന്‍ (വയലാര്‍ സാഹിത്യ അവാര്‍ഡ് ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമന്‍) വിളിച്ച് ഈ ദുഃഖവാര്‍ത്ത അറിയിച്ചത്. മരിച്ചസമയം ഏകദേശം ഉച്ചയ്ക്ക് 12-നടുത്താവുമെന്നുമാത്രം പറഞ്ഞു. ഞാന്‍ വിശ്രമംവേണ്ടെന്നുവച്ച് എന്റെ ഓഫീസിലേക്കു പോയി. കുറച്ചു വൈകിയിട്ടാണ്, ശവസംസ്കാരത്തിന്റെ സമയത്തെപ്പറ്റി വിവരം കിട്ടിയത്. ഞായറാഴ്ച 11 മണിക്ക് കരമനയില്ത്തന്നെയുള്ള ബ്രാഹ്മണശ്മശാനത്തിലാണത്രെ സംസ്കാരം. കാറില്‍ ഇത്ര നീണ്ടയാത്ര ചെയ്തുകൂടാ.
രാവിലെ ഞാന്‍ സാധാരണ പോകുന്ന വഞ്ചിനാട് എക്സ്പ്രസ്സില്‍ സഹായിയുമൊത്ത് യാത്ര പുറപ്പെട്ടു. 10.15-നാണ് വണ്ടി തിരുവനന്തപുരത്ത് എത്തേണ്ടത്. വഞ്ചിനാട് എക്സ്പ്രസ്സ് പലടത്തും വിശ്രമിച്ചിട്ട്, 11 മണിക്ക് തിരുവനന്തപുരം സ്റ്റേഷനിലെത്തി. ശീഘ്രം ടാക്സിയുടെ അടുക്കലേക്കു നടന്നു. മൂന്നരകിലോമീറ്ററാണ്, കരമനയിലെ ശാസ്ത്രിനഗറിലേക്ക് ദൂരം. ടാക്സിക്കാരന് ഒരു മടിയുംകൂടാതെ 75 ക.യാണ് ചാര്‍ജെന്നു പറഞ്ഞു. എന്തിനാണ് ഇത്രകൂടിയ ചാര്‍ജ് വാങ്ങുന്നത് എന്നോ മറ്റോ ചോദിച്ചുപോയി. വയസ്സനായ ഡ്രൈവര്‍ മറുപടി പറഞ്ഞു: ‘ഒറ്റപ്പൈസ കുറയ്ക്കില്ല. വേണമെങ്കില്‍ കയറിക്കോ.’ ഒന്നോ രണ്ടോ ടാക്സിയേ ബാക്കിയുള്ളു. അവയും ഉടനെ അപ്രത്യക്ഷമാകാം. ജോര്‍ജും ഞാനും പെട്ടെന്ന് വണ്ടിയില്‍ കയറി.
ഏഴോ എട്ടോ മിനിറ്റില്‍ ശാസ്ത്രിനഗറിലെത്തി. പോലീസ് ഉദ്യോഗസ്ഥന്മാര്, ചെല്ലുന്നവരെ സഹായിക്കാനായി കാത്തുനില്പുണ്ട്. ഒരു പോലീസ് ഓഫീസറോട് ഞാന്‍ സ്വല്പം കയര്‍ത്തു പറഞ്ഞു: ‘ഞാന്‍ കോട്ടയത്തു നിന്നു വരികയാണ്. ഇവിടെ ടാക്സിക്കു നിയമമൊന്നുമില്ലേ?’ അദ്ദേഹം ഉടനെ ഡ്രൈവറെ വിളിച്ചു മീറ്റര്‍ റീഡിങ്ങുമൊക്കെ നോക്കിയിട്ട് എന്തോ ചോദിച്ചു. മൂന്നരകിലോമീറ്ററാണ് ഓടിയതെന്നും 75 ക. വാങ്ങിയെന്നും അയാള്‍ സമ്മതിച്ചു. ഒന്നുരണ്ടു നിമിഷങ്ങള്‍ക്കകം ടാക്സിഡ്രൈവര്‍ 25 ക. മടക്കിത്തന്നു. കൂടുതല്‍ അന്വേഷിക്കാനോ പറയാനോ അതിനുവേണ്ടി ഒരുമിനിറ്റ് നഷ്ടപ്പെടുത്താനോ കഴിയുന്ന സമയമായിരുന്നില്ല അത്. പെട്ടെന്ന്, ഞാന്‍ വീട്ടിനുള്ളില്‍ കയറി. മൃതദേഹം കണ്ടു. മൂന്നാലുമിനിറ്റ് ധ്യാനനിമഗ്നനായിനിന്നുപോയി.
അതിനിടയില്‍ 40-ലധികം വര്‍ഷങ്ങള്‍ എന്റെ മനസ്സില്‍ക്കൂടി മിന്നിമറഞ്ഞു. ഒരു സഹോദരിയുടെ മദ്രാസില്‍നിന്നുള്ള ഫ്ളൈറ്റ് കുറെയധികം താമസിച്ചതുകൊണ്ട് 11 മണിയെന്ന സമയം 12-നപ്പുറത്തേക്കു നീങ്ങി. ഏകപുത്രന്, കണ്ണനെന്നു വിളിക്കുന്ന വിശ്വനാഥനും പത്നിയും ബഹ്റൈനില്‍നിന്നും അതിരാവിലെ എത്തിയിരുന്നു. മകളും ഭര്‍ത്താവും മരിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നുതാനും. തലേന്നുരാത്രി മറ്റു ചില ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വളരെ സന്തോഷവാനായിരുന്നു, അന്ന് മലയാറ്റൂര്‍. ശനിയാഴ്ച രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങുന്നതിനിടയിലാണ് മരണംവന്നു പിടികൂടിയത്.
ഇക്കഴിഞ്ഞ മെയ് 30-ന്, മലയാറ്റൂരിനു 70 തികഞ്ഞു. 1949-ല്‍ നിയമപരീക്ഷ പാസ്സായിട്ട് നാലഞ്ചുസ്ഥലങ്ങളില് വക്കീലായിക്കഴിഞ്ഞുകൂടി. 27-ാം വയസ്സില്‍ മജിസ്ട്രേട്ടായി. മട്ടാഞ്ചേരിയിലായിരുന്നു ഉദ്യോഗം. അതിനു രണ്ടു വര്‍ഷം മുമ്പ് നിയമസഭയ്ക്ക് നിന്നു തോറ്റു. കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. മജിസ്ട്രേട്ടായിരിക്കെ ഐ.എ.എസ്സിനെഴുതി ജയിച്ചു. ഈ ഘട്ടത്തിലെന്നോ മുഖ്യമന്ത്രി പട്ടം താണുപിള്ള നിയമസഭയില്‍ പറഞ്ഞ ഒരു വാചകം ഓര്‍മ്മവരുന്നു: ‘മലയാറ്റൂര്‍ രാമകൃഷ്ണനല്ല വൈകുണ്ഠം പരമേശ്വരനാണെങ്കിലും കമ്യൂണിസ്റ്റാണെങ്കില്‍ എന്റെ ഗവണ്മെന്റ് ഉദ്യോഗം നല്‍കില്ല.’ ഐ.എ.എസ്.കാര്‍ക്ക് 58 വയസ്സുവരെ സര്വീസിലിരിക്കാം. എങ്കിലും അദ്ദേഹം നാലുവര്‍ഷം മുമ്പുതന്നെ ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞു. പിന്നീട് സ്വന്തം പുസ്തകങ്ങള്‍ സ്വയം പ്രസാധകനായി പുറത്തിറക്കാനുള്ള ഒരു പദ്ധതി ബാങ്ക് സഹായത്തോടെ നടപ്പാക്കിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല.