(‘കാലത്തിന്റെ നാള്‍വഴിയില്‍’ നിന്നും) നവംബര്‍18,1987
വിശിഷ്ടാതിഥികളായി എത്തിയിരുന്നത് നമ്മുടെ ബാലസാഹിത്യ രംഗത്തെ അതിപ്രസിദ്ധരായ മാലിയും (വി. മാധവന്‍നായര്‍), പി. നരേന്ദ്രനാഥും. കുട്ടികളും സ്ത്രീകളുമടക്കം നിറഞ്ഞ സദസ്സ്.
‘മുതിര്‍ന്നവരോട് സംസാരിക്കുന്ന പതിവ് എനിക്കില്ല കുട്ടികളോട് കഥ പറയും. അതിലൂടെ കാര്യം പറയും. കോഴിക്കോട്ട് ആറു ദിവസം നീണ്ട പരിപാടി കഴിഞ്ഞു വരികയാണ് ഞാനിപ്പോള്‍. തിരുവനന്തപുരത്ത് ഏഴു ദിവസമാണ് കുട്ടികളോടു കഥ പറഞ്ഞത്. കുട്ടികള്‍ക്കുവേണ്ടി പതിനായിരം പേജ് കഥകളെഴുതിയ മാലിയുടെ വാക്കുകളാണ് ഇത്. സാഹിത്യം, സ്പോര്‍ട്സ്, കഥകളി, പ്രക്ഷേപണം, സംഗീതം, നൃത്തം ഇവയൊക്കെയാണ് തനിക്കിഷ്ടപ്പെട്ട വിഷയങ്ങളെന്ന് മാലി പറഞ്ഞു. ഇതില്‍ എന്തിനെപ്പറ്റിയും നിങ്ങളോട് ഒരു മണിക്കൂര്‍ പ്രസംഗിക്കാന്‍ എനിക്കു കഴിയും. പക്ഷേ, പിന്നെ നിങ്ങള്‍ എന്നെ ഇവിടെ പ്രസംഗിക്കാന്‍ വിളിക്കില്ല എന്നെനിക്കറിയാം എന്നു പറഞ്ഞിട്ട്, സംഗീതത്തെപ്പറ്റി സാമാന്യം നീണ്ട ഒരു പ്രസംഗംതന്നെ ചെയ്തു.
സംഗീതശാസ്ത്രഗ്രന്ഥകാരന്കൂടിയായ മാലി സിനിമാസംഗീതം വന്ന് യഥാര്ത്ഥസംഗീതത്തിന്റെ കഴുത്ത് ഞെരിച്ചുകൊല്ലുകയാണെന്ന് പ്രസ്താവിച്ചു. നമ്മുടെ സംഗീതം ലോകോത്തരമാണെന്ന് കുട്ടികളറിയണം എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.