( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 12.10.1997
സെപ്തംബര്‍ 18. കോട്ടയത്തിന് ഒരു നല്ല ദിവസം. കോട്ടയത്തിന് അതീവ സുന്ദരവും ബൃഹത്തുമായ ഒരു ടൗണ്‍ഹാള്‍ ലഭിച്ച ദിവസം. കോട്ടയത്തിന്റെ പുത്രനായ കെ.ആര്.നാരായണനാണ്, ആ വലിയ സമ്മാനം കോട്ടയം നിവാസികളുടെ മുന്നില്‍ തുറന്നുകൊടുത്തത്. അതാണ്, പുതുക്കിപ്പണിത കെ.സി. മാമ്മന്മാപ്പിളഹാള്. 1957-ല്‍ ആരംഭിച്ച മാമ്മന്മാപ്പിളഹാള് നാല്‍പ്പതു വര്‍ഷത്തോളം നിലനിന്നു. പിന്നെ രണ്ടുവര്‍ഷംകൊണ്ടു മൂന്നുകോടിയിലധികം രൂപ ചെലവാക്കി നിര്‍മ്മിച്ച സൗധമാണിപ്പോള് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്. മുക്കാല്‍കോടി രൂപ മുനിസിപ്പാലിറ്റിയും ബാക്കി തുക മനോരമയും (മാമ്മന്മാപ്പിളയോടു ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും ചേര്‍ന്ന്) ആണ് മുടക്കിയിട്ടുള്ളത്.
വൈകീട്ട് 5.30-ന് വച്ചിരുന്ന രാഷ്ട്രപതിയുടെ പരിപാടി ഒന്നേമുക്കാല്‍ മണിക്കൂര്‍ താമസിച്ചേ തുടങ്ങാന്‍ കഴിഞ്ഞുള്ളു. തിരുവനന്തപുരത്തെ കാലാവസ്ഥ മോശമായതിനാല്‍ രാഷ്ട്രപതിക്ക് ഹെലിക്കോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ യാത്രചെയ്യേണ്ടി വന്നു. മനോരമയുടെ എക്സി. ഡയറക്ടര്‍ ജേക്കബ് മാത്യുവിന്റെ സ്വാഗതപ്രസംഗത്തെ തുടര്‍ന്ന്, കെ.ആര്.നാരായണന് 1936-ല്‍ എഴുതിയ ആദ്യത്തെ കവിതയുടെ സംഗീതാവിഷ്കരണം നാലു യുവാക്കള്‍ ചേര്‍ന്നു നടത്തി. രമേശ് ചെന്നിത്തലയും മന്ത്രിമാരായ ജോസഫ്, രാമകൃഷ്ണന് എന്നിവരും ആശംസാപ്രസംഗം ചെയ്തു. അദ്ധ്യക്ഷത വഹിച്ചത് മുഖ്യമന്ത്രി നായനാരാണ്.
സാംസ്കാരികമായി എപ്പോഴും ഉയര്ന്നുനില്ക്കുന്ന മനസ്സ് കോട്ടയത്തിന് എന്നും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യ സാംസ്കാരികരംഗങ്ങളിലെ ഉണര്‍വ്വിന്റെ പ്രതീകമാണ് മാമ്മന്മാപ്പിളഹാള്. സജീവസംവാദങ്ങള്ക്കും വ്യത്യസ്ത ആശയങ്ങളുടെ സംഘര്ഷസമന്വയങ്ങള്ക്കും, ജനങ്ങളുടെ ബോധനിലവാരത്തെ ഉയര്‍ത്തുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്ക്കുമൊക്കെ മാമ്മന്മാപ്പിളഹാള് വേദിയായിട്ടുണ്ടെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി. വ്യാവസായിക താത്പര്യങ്ങളില്മാത്രം ഒതുങ്ങിനില്ക്കാതെ, സാംസ്കാരികമായ ഉയര്‍ച്ചയെപ്പറ്റിയുള്ള ചിന്തയും കാത്തുസൂക്ഷിക്കാന്‍ കെ.എം.മാത്യുവും മറ്റും തയ്യാറായിയെന്നത് ചെറിയകാര്യമല്ല. മാത്യുവിന്റെയും മനോരമയുടെയും രാഷ്ട്രീയാദര്ശങ്ങളോട് വിയോജിക്കുമ്പോള്‍തന്നെ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കാനും തങ്ങള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവാണ് ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ രാഷ്ട്രപതിയെ ക്ഷണിച്ചത്. വെല്ലുവിളികള്‍ക്കുമുമ്പില്‍ അടിപതറാതെ നില്‍ക്കണമെന്ന് സ്വജീവിതംകൊണ്ട് തന്നെ പഠിപ്പിച്ചത് പിതാവ് മാമ്മന്‍ മാപ്പിള തന്നെയാണ്. അതുകൊണ്ടാണ് നിരവധി പ്രതിബന്ധങ്ങള്‍ മുന്നില്‍ വന്ന് നിരന്നുനിന്നിട്ടും ഈ സ്മാരകസൗധം ഉയര്‍ത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മാമ്മന്‍മാപ്പിളയുടെ പുത്രന്മാരായ കെ.എം. ഫിലിപ്പും കെ.എം. മാമ്മന്‍മാപ്പിളയും രാഷ്ട്രപതിക്ക് ഉപഹാരം സമര്‍പ്പിച്ചു (മാമ്മന്‍മാപ്പിളയുടെ നാലു മക്കളാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. കെ.എം. ഫിലിപ്പ് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും ബിസിനസ്സുകാരനുമാണ്. കെ.എം. മാമ്മന്‍മാപ്പിള ഏറ്റവും ഇളയപുത്രനത്രെ. കലാകാരന്‍കൂടിയായ അദ്ദേഹം എം.ആര്.എഫിന്റെ സര്വ്വാധിപതിയാണിപ്പോള്. മറ്റൊരാള്‍ ഇവരുടെ സഹോദരിയാണ്. ബാംഗ്ലൂരില്‍ താമസിക്കുന്നു. അനാരോഗ്യംമൂലം വരാനായില്ല).
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിന്റെ ജനാധിപത്യ മുന്നേറ്റത്തിലും സാമൂഹികവികസനത്തിലും സാംസ്കാരിക നവോത്ഥാനത്തിലും മാമ്മന്‍മാപ്പിള വഹിച്ച പങ്ക് തലമുറകള്‍ക്ക് ആവേശം പകരുന്നതാണെന്ന്, പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് രാഷ്ട്രപതി നാരായണന് പറഞ്ഞു. താനിവിടെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ആധുനികസൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന കോട്ടയത്തെ, ഇന്ത്യയിലെ ഏറ്റവും വലിയ പത്രപ്രവര്ത്തനകേന്ദ്രവും മാധ്യമകേന്ദ്രവുമാക്കിമാറ്റുന്നതില് മാമ്മന്‍മാപ്പിളയ്ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക രംഗത്തിന് ഇത്രയേറെ പ്രാധാന്യം നല്കിയ പത്രങ്ങള്‍ വേറെയുണ്ടോയെന്ന് രാഷ്ട്രപതി സംശയം പ്രകടിപ്പിച്ചു. മനോരമയുടെ പ്രധാന ശക്തി ഈ സാംസ്കാരികമായ അടിത്തറയാണെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
കെ.എം.മാത്യു ഇന്ത്യയിലെ ഏറ്റവും മികച്ച പത്രാധിപരാണ്. പത്രലോകത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഡല്‍ഹിയില്‍വച്ചുതന്നെ തനിക്ക് മനസ്സിലാക്കാന്കഴിഞ്ഞിട്ടുണ്ടെന്ന് രാഷ്ട്രപതി നാരായണന് പ്രസ്താവിച്ചു. ഇനിയും രാഷ്ട്രത്തിന് നിരവധി സംഭാവന നല്കാന് മനോരമയ്ക്കു കഴിയുമെന്ന ആശയും അദ്ദേഹം പ്രകടിപ്പിച്ചു. മനോരമ പത്രം പൂട്ടി മുദ്രവച്ച ദിവസത്തെപ്പറ്റി തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. അന്നു താനിവിടെ സി.എം.എസ്. കോളേജില്‍ പഠിക്കയാണ്. വിവരമറിഞ്ഞ ഉടനെ താനും ചില കൂട്ടുകാരുംകൂടി മനോരമയിലെത്തി. വലിയ ഒരു താഴിട്ടു പൂട്ടിയിരിക്കുന്നു. രണ്ടുമൂന്നു പോലീസുകാര്‍ പാറാവുനില്ക്കുന്നു. മനോരമയും അതോടു ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളും തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സി.പി.രാമസ്വാമി അയ്യര്‍ പില്ക്കാലത്ത് മദ്രാസില്‍ വച്ചു പറഞ്ഞു: ”മാമ്മന്‍മാപ്പിള ഒരു ജയന്റ് ആണ്.”