( കാലത്തിന്റെ നാള്‍വഴിയില്‍ നിന്ന് ) ജനുവരി 14, ’89
ജനുവരി ഒന്നാം തീയതിയിലെ കാര്യങ്ങള്‍ പറഞ്ഞാണ് കഴിഞ്ഞ ലക്കത്തില്‍ അവസാനിപ്പിച്ചത്. രണ്ടാം തീയതി രാവിലെ മന്നം സ്റ്റാമ്പിന്റെ പ്രകാശനം. പെരുന്നയില്‍ നടന്നതാണ് പ്രധാന ചടങ്ങ്. അതോടൊപ്പം മറ്റു ചില കേന്ദ്രങ്ങളിലും പ്രകാശനം നടന്നു. കോട്ടയത്ത്, താലൂക്ക് എന്‍. എസ്.എസ്. യൂണിയന് സംഘടിപ്പിച്ച ചടങ്ങിലാണ് ഞാന്‍ പങ്കെടുത്തത്. സ്വാഗതം പറഞ്ഞ എം.ആര്.ജി. പണിക്കര്‍, തന്റെ സുദീര്‍ഘമായ പ്രസംഗത്തില്‍, പിന്നീട് പ്രസംഗിക്കാനുണ്ടായിരുന്ന അഞ്ചെട്ടുപേര്ക്കു പറയാനുണ്ടായിരുന്ന മിക്ക കാര്യങ്ങളും പറഞ്ഞിരുന്നു.
അതുകൊണ്ടായിരിക്കണം, സമ്മേളനം ഉദ്ഘാടനംചെയ്ത കെ. എം. മാത്യുവും അദ്ധ്യക്ഷതവഹിച്ച അല്‍ഫോന്‍സ് കണ്ണന്താനവും പ്രകാശനം നിര്‍വഹിച്ച പോസ്റ്റല്‍ ഡിവിഷന്റെ സീനിയര്‍ സൂപ്രണ്ട് കെ.ആര്. ഗോപാലകൃഷ്ണനും രണ്ടും രണ്ടരയുമൊക്കെ മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ചത്. കളക്ടര്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ അല്ഫോന്സിനു പകരം അല്‍ഫോന്‍സ എന്നായിപ്പോയി. ‘പുണ്യവതി’ എന്നുകൂടി പറഞ്ഞില്ലല്ലോ, ഭാഗ്യം എന്ന് അദ്ദേഹം പറയുന്നതു കേട്ടു.
ഞാന്‍ പ്രസംഗിക്കാനുദ്ദേശിച്ചത് അഞ്ചു മിനിട്ടായിരുന്നു. അത് ഉപയോഗിക്കുകയും ചെയ്തു. അതിനകത്തു മൂന്നു കാര്യങ്ങളും പറഞ്ഞു — മന്നത്തിന്റെ സമയനിഷ്ഠ, നിസ്വാര്‍ത്ഥത, രാഷ്ട്രീയം. അതില്‍ ആദ്യത്തേതു മാത്രം ഇവിടെ കുറിക്കുന്നു. 10 മണിക്ക് മീറ്റിങ് തുടങ്ങുന്നു എന്നുവച്ചാല്‍ 10-നുതന്നെ തുടങ്ങും. ഒരിക്കല്‍ എന്‍.എസ്.എസ്സ്-ന്റെ ഒരു ജൂബിലി സമ്മേളനത്തിലാണെന്നു തോന്നുന്നു മുഖ്യാതിഥി മൈസൂര്‍ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം എത്തിച്ചേരാന്‍ കുറെ മിനിറ്റുകള്‍ താമസിച്ചു. പക്ഷേ മന്നം പറഞ്ഞു, മീറ്റിങ് സമയത്ത് തുടങ്ങാന്‍. തുടങ്ങുകയും ചെയ്തു. പലപ്പോഴും അദ്ദേഹം ഈ മാതൃക കാണിച്ചിട്ടുണ്ട്.
മന്നത്തിന്റെ സ്മാരകസ്റ്റാമ്പ് പ്രകാശിപ്പിക്കുന്ന ഈ യോഗം 10 മിനിറ്റ് താമസിച്ചു തുടങ്ങിയത് അദ്ദേഹത്തിന് (മന്നം) ഇഷ്ടപ്പെട്ടിരിക്കില്ല എന്നുകൂടി ഞാന്‍ പറഞ്ഞു. മന്നത്ത് പത്മനാഭന് പെരുന്നയിലുള്ള സമയത്ത്, പെരുന്ന കോളജിന്റെ കേ്ളാക്ക് ടൗവറിലെ കേ്ളാക്ക് നോക്കി സമയം ശരിപ്പെടുത്താന്‍ കഴിയുമായിരുന്നു. എപ്പോഴെങ്കിലും ക്ലോക്ക് തെറ്റിക്കണ്ടാല്‍ മന്നം ചികിത്സയ്ക്കുവേണ്ടി എവിടെയോ പോയിരിക്കയാണ് എന്നു മനസ്സിലാക്കുകയും വേണം.