( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 14.4.1996
കരുനാഗപ്പള്ളിയില്‍നിന്നു പത്തുപന്ത്രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള മാതാ അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്ശിക്കുകയെന്നുള്ളതും എന്റെ അന്നത്തെ പരിപാടിയുടെ ഭാഗമായിരുന്നു. അമ്മ എന്നു ഭക്തജനം വിളിച്ചുവരുന്ന അമൃതാനന്ദമയി സ്ഥലത്തില്ലാത്തതുകൊണ്ട് പോകേണ്ട കാര്യമില്ലെന്നായിരുന്നു ചില സുഹൃത്തുക്കളുടെ ഉപദേശം. ഞാന്‍ പറഞ്ഞു, ”എനിക്കു ‘അമ്മ’യെ കാണണമെന്നില്ല. ആ സ്ഥലം കണ്ടാല്‍ മതി. എന്നു പറഞ്ഞാല്‍ അവിടത്തെ ഏര്‍പ്പാടുകളെപ്പറ്റി ഒരു സാമാന്യജ്ഞാനം ലഭിക്കണം; അത്രതന്നെ.”
കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാലാ സംഘം പ്രസിഡണ്ട് പ്രൊഫ. നീലകണ്ഠപ്പിള്ളയും താലൂക്ക് യൂണിയന് സെക്രട്ടറി സത്യരാജനുമൊന്നിച്ച്, ഞങ്ങള്‍ (എന്നു പറഞ്ഞാല്‍ ഞാനും ഭാര്യയും) ആശ്രമത്തിലേക്കു പുറപ്പെട്ടു. കാറില്‍ 20 മിനിറ്റ് വേണം യാത്രയ്ക്ക് എന്നു മനസ്സിലാക്കിയിരുന്നു. തിരിയെ വരാനും അത്രയുംതന്നെ. പിന്നെ കഷ്ടിച്ചു 15 മിനിറ്റ് മാത്രമേ ആശ്രമവും പരിസരവും കാണാനുണ്ടായിരുന്നുള്ളു. കരുനാഗപ്പള്ളിയില്‍ തിരിച്ചെത്തിയിട്ട് 10 കിലോമീറ്റര്‍കൂടി പോയാലേ എന്റെ യോഗസ്ഥലത്ത് എത്താനാവൂ. ആശ്രമത്തില്‍ കഴിച്ചുകൂട്ടിയ 15 മിനിറ്റിനുള്ളില്‍ എല്ലാം ഓടിനടന്നു കണ്ടു. 100-ലധികം മുറികളുള്ള ബഹുനിലമന്ദിരത്തിലെ താമസക്കാരധികവും വിദേശികളത്രെ. തറ തുടച്ചുവൃത്തിയാക്കുന്നതു മുതലുള്ള എല്ലാ പണികളും നിര്‍വഹിക്കുന്നതും വിദേശികള്തന്നെ. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അവിടത്തെ അച്ചടി വിഭാഗമാണ്. ജപ്പാനില്‍നിന്നും മറ്റും കിട്ടിയ വിലകൂടിയ അച്ചടിയന്ത്രങ്ങള് അവിടെ കണ്ടു. എല്ലാം സംഭാവനയാണ്.
അമ്മ സായിബാബയെപ്പോലെ അത്ഭുതങ്ങള്‍ ഒന്നും കാണിക്കാറില്ലെന്നു തോന്നുന്നു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയ സംഗതി, അമ്പതിലും താഴെ പ്രായമുള്ള, സാമാന്യവിദ്യാഭ്യാസംപോലും ലഭിച്ചിട്ടില്ലാത്ത, കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു സ്ത്രീക്കു ലോകത്തിന്റ നാനാഭാഗങ്ങളിലുംനിന്നുള്ള ആളുകളെ എങ്ങനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്. ‘അമൃതവാണി’ എന്ന മാസിക പ്രധാന ഇന്ത്യന്ഭാഷകള്ക്കുപുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്മ്മന്ഭാഷകളിലും പ്രസിദ്ധപ്പെടുത്തിവരുന്നു. അവര്‍ ഇടപ്പള്ളിയില്‍ പണിയിച്ചുവരുന്ന ആശുപത്രിയുടെ ചെലവ് 150 കോടി രൂപയാണെന്നും കേട്ടു. കഴിഞ്ഞവര്‍ഷം, ഐക്യരാഷ്ട്രസഭയുടെ ഒരു സമ്മേളനത്തില്‍ അമൃതാനന്ദമയി പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട കാര്യവും മറന്നുകൂടാ.