( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഒക്ടോബര്‍ 2, 1987
പുത്തന്‍കാവ് മാത്തന് തരകന് 84 വയസ്സു തികഞ്ഞു. സെപ്തംബര്‍ 26–ന് ‘ശതാഭിഷേക സമാഘോഷം’ കോട്ടയത്ത് മനോരമയുടെ അങ്കണത്തിലായിരുന്നു. ഏകദേശം ഏഴുമണിക്കൂര്‍ ദീര്‍ഘിച്ച പരിപാടി. രണ്ടു സമ്മേളനം. മുപ്പത് പ്രസംഗങ്ങള്‍. മാത്തന് തരകന്റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് രൂപീകരിച്ച ‘മാത്തന് തരകന് ട്രസ്റ്റ്, ആണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. മാത്തന് തരകന്റെ ‘വിശ്വദീപം’ മഹാകാവ്യത്തെ ആദരിച്ച് 1984 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘വിശ്വദീപം അവാര്‍ഡ്’ ഇപ്രാവശ്യം ഡോ. ലീലാവതിക്ക് ലഭിച്ചു (1984-ല്‍ സുകുമാര്‍ അഴീക്കോടിനും 85-ല്‍ ഒ.എന്‍.വി.കുറുപ്പിനുമാണ് ലഭിച്ചത്).
ശതാഭിഷേകം പ്രമാണിച്ച് ഇപ്രാവശ്യം ‘സംസ്കാര ദീപം അവാര്‍ഡ്’ എന്ന പേരില്‍ അഞ്ചുപേര്‍ക്ക് സ്പെഷ്യല്‍ അവാര്‍ഡുകളും നല്കി. —സി. അച്യുതമേനോന്, ശൂരനാട് കുഞ്ഞന്‍പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, ബാലാമണിയമ്മ, സുകുമാര്‍ അഴീക്കോട് എന്നിവര്‍ക്ക്. ആദ്യത്തെ അനുമോദനയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്കാ ബാവാ (ബസേലിയോസ് മാര്തോമ്മാ മാത്യൂസ് പ്രഥമന്‍) ആണ് അദ്ധ്യക്ഷത വഹിച്ചത്. ‘നമുക്ക് 81 ആയി വയസ്സ്. അതുകൊണ്ടാണ് ഇരുന്നുകൊണ്ടു സംസാരിക്കുന്നത്. തരകന് 1000 പൂര്‍ണ്ണചന്ദ്രനെ കണ്ടെങ്കില്‍ നാം 900-ലധികം പൂര്ണ്ണചന്ദ്രന്മാരെ കണ്ടു’ എന്നു പറഞ്ഞുകൊണ്ടു തുടങ്ങിയ അദ്ധ്യക്ഷപ്രസംഗത്തിന്റെ അവസാനത്തില്‍ ‘സഭാവത്സലന്’ എന്ന ബഹുമതി, ശതാഭിഷിക്തനു നല്കി.
മഹാകവി മാത്തന് തരകനെ ആദരിക്കാന്‍ കൂടിയ യോഗത്തില്‍ ബാവാ പത്തു പ്രാവശ്യവും തരകനെ ‘അയാള്‍’ എന്നാണ് പറഞ്ഞത്. ഒരിക്കല്‍ മാത്രം, അറിയാതെയാവും അദ്ദേഹം എന്നും. പാലാനാരായണന്‍ നായരുടെ ഉദ്ഘാടന പ്രസംഗത്തില്‍ കട്ടക്കയത്തിന്റെ ശ്രീയേശുവിജയം, കെ.വി.സൈമന്റെ വേദവിഹാരം പ്രവിത്താനം പി.എം.ദേവസ്യയുടെ നാലു മഹാകാവ്യങ്ങള്‍ എന്നീ കൃതികളെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. എഴുത്തച്ഛനുശേഷം, ഭക്തകവികളില്‍ ഇത്രമാത്രം കവിത്വമുള്ള ഒരാളെ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് അമ്പലപ്പുഴ രാമവര്‍മ്മ പറഞ്ഞു.
പ്രബന്ധം അവതരിപ്പിച്ച ഡോ. സാമുവേല്‍ ചന്ദനപ്പള്ളി പറഞ്ഞത് പ്രബന്ധത്തിലെ ‘പ്രസക്തഭാഗങ്ങളുടെ’ പ്രസക്ത ഭാഗങ്ങള്‍ മാത്രമേ താനിവിടെ വായിക്കുന്നുള്ളൂ എന്നാണ്. വായിക്കാത്ത ഭാഗങ്ങളെല്ലാം അപ്രസക്തമെന്ന് ചുരുക്കം. 84 വര്‍ഷം മുമ്പു നല്ല നസ്രാണി കുടുംബത്തില്‍ ജനിച്ച ഒരു പയ്യന് വല്ല റബ്ബര്‍കൃഷിക്കും പോകാതെ സാഹിത്യത്തിലേക്ക് തിരിഞ്ഞത് അത്ഭുതമാണെന്ന് ചെമ്മനം ചാക്കോ പ്രസ്താവിച്ചു. ഇടയ്ക്ക് മനോരമയുടെ നയത്തെ ‘ചെമ്മനീയ സ്റ്റൈലില്‍’ അദ്ദേഹം പരിഹസിച്ചു. കണ്ടത്തില്‍ വറുഗീസ്മാപ്പിള ഉയിര്‍ത്തെഴുന്നേറ്റു വന്നാല്‍ ഇക്കാണുന്നതെല്ലാം തല്ലിപ്പൊളിച്ചു റോഡില്‍ എറിയുമെന്നും മനോരമ അങ്കണത്തില്‍ വച്ച് ചാക്കോ പറഞ്ഞു.
ഇത്രയുമൊക്കെ പറഞ്ഞതുകൊണ്ട്, മേലില്‍ തന്നെ വിളിക്കാതിരിക്കരുത് എന്നും കൂടി മനോരമക്കാരെ ഓര്‍മ്മിപ്പിക്കാന്‍ ചെമ്മനം മറന്നില്ല. മാത്തന് തരകന്റെ പ്രസംഗത്തില്‍ ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്തു ജനിച്ചു വളര്‍ന്ന തനിക്ക് ഒരു കവിയായിത്തീരുക വളരെ ബുദ്ധിമുട്ടായിരുന്നു എന്നു പറഞ്ഞു. തന്റെ അയല്‍ നാട്ടില്‍പ്പോലും ഒരു കവിയോ സാഹിത്യകാരനോ ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഒരു വൈദ്യശാലയിലെ നമ്പീശനു കവിതയെഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു. അദ്ദേഹത്തെ ദിവസവും സന്ദര്‍ശിച്ചു കവിതയെപ്പറ്റി ചര്‍ച്ചചെയ്തിരുന്ന കാര്യം തരകന് അനുസ്മരിച്ചു.