( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 31-7-’98
ദര്‍ശന ആഡിറ്റോറിയത്തില്‍ അഡ്വ. അനില്‍ ഏബ്രഹാം സ്മാരകപ്രസംഗം നടത്തുന്നതിനായി എത്തിയതാണ് മേധാ പട്കര്‍. അവരുടെ കോട്ടയം സന്ദര്‍ശനത്തിനു വേണ്ടത്ര പബ്ലിസിറ്റി കിട്ടിയിരുന്നില്ല. എങ്കില്‍ക്കൂടി അപ്രതീക്ഷിതമായ ഒരു നല്ല സദസ്സ് ഉണ്ടായിരുന്നു. മേധായുടെ പ്രസംഗം കേള്‍ക്കാനായിമാത്രം എത്തിയ അരുന്ധതിറോയിയെ ആരും അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കുറെക്കഴിഞ്ഞാണ്, ആരോ അരുന്ധതിയെ കണ്ടുപിടിച്ചത്. പിന്നെ കുശുകുശുപ്പായി. ന്യൂസ് സദസ്സ് മുഴുവന്‍ വ്യാപിച്ചു.
അരുന്ധതിയെ കാണാനുള്ള അവസരം കോട്ടയംകാര്ക്കുതന്നെ വളരെ അപൂര്‍വമായി മാത്രമേ ലഭിക്കാറുള്ളു. അവര്‍ സ്ഥിരമായി ഡല്‍ഹിയിലാണ്. അല്ലെങ്കില്‍ തുടര്‍ച്ചയായ ലോകപര്യടനം. അതിനിടയ്ക്ക് വല്ലപ്പോഴും ഒന്നല്ലെങ്കില്‍ രണ്ടു ദിവസം അമ്മയെ (മിസ്സിസ് മേരി റോയി) കാണാന്‍ വരും. ഇപ്രാവശ്യം ഭര്‍ത്താവ് പ്രദീപും കൂടെയുണ്ടായിരുന്നു. പല സ്വീകരണങ്ങള്ക്കുംവേണ്ടി അരുന്ധതിയെ പൊതുരംഗത്തേക്കു കോട്ടയത്ത് ക്ഷണിച്ചിട്ടുണ്ട്. എങ്കിലും ഒഴിഞ്ഞുമാറുകയാണ് സ്ഥിരം പതിവ്. മേരിറോയി നടത്തുന്ന കോര്‍പ്പസ് ക്രിസ്റ്റി എന്ന സ്കൂളിലെ കുട്ടികളോട് ചിലപ്പോള്‍ അരുന്ധതി അരമണിക്കൂറോ മറ്റോ സംസാരിച്ചെന്നുവരും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കോട്ടയംകാരിയായ അരുന്ധതിയെ കാണാന്‍ കോട്ടയംകാര്ക്കുതന്നെ സാദ്ധ്യമാവില്ലെന്ന്.
പരിസ്ഥിതിയും ബദല്വികസനമാര്ഗ്ഗവും എന്ന വിഷയത്തെക്കുറിച്ചായിരുന്നു മേധയുടെ കോട്ടയത്തെ പ്രസംഗം.
”പതിന്നാലു വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എല്ലാവര്ക്കും ആരോഗ്യവും വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണജൂബിലി എത്തിയിട്ടും ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ നാം എത്രയോ പിന്നിലാണ്. സ്ത്രീകളുടെയും ദളിതരുടെയും സ്ഥിതി കൂടുതല്‍ പരിതാപകരമായി തുടരുന്നു. ഗ്രാമപ്രദേശങ്ങളില്‍, പണ്ടത്തേതിനെ അപേക്ഷിച്ച് 50 ശതമാനം ഭൂമിപോലും ഇന്ന് കൃഷിയോഗ്യമല്ല. പക്ഷേ, ജലസേചനപദ്ധതികള്‍ക്കു കുറവൊന്നുമില്ലതാനും. ആന്ധ്രയിലും കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലെ വിദര്ഭമേഖലയിലും നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
അംബേദ്കറുടെ കാലത്ത് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചാണ് ദളിതര്‍ നഗരങ്ങളിലേക്കു കുടിയേറിയതെങ്കില്‍ ഇന്ന്, നഗരങ്ങളില്‍നിന്നും അവര്‍ ആട്ടിയോടിക്കപ്പെടുകയാണ്. കേരളത്തില്‍ സ്ത്രീപീഡനമുണ്ടാവുന്നതില് അതിശയിക്കാനില്ലെന്ന് മേധാ പറഞ്ഞു. ഗള്‍ഫ്പണവും മറ്റും ഒഴുകിയതിനോടൊപ്പം ഇത്തരം സംഭവങ്ങള്‍ കൂടുകയാണ് ചെയ്തത്. സമൂഹമനഃസാക്ഷി ഉണര്‍ന്നാല്‍ മാത്രമേ ഇതൊക്കെ അവസാനിക്കയുള്ളു. ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ദ്ധരും ഒരു ഭാഗത്തും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും മറ്റൊരിടത്തും ചരട് വലിക്കുമ്പോള്‍, വികസനത്തിനു വേദിയായി ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളും പഞ്ചായത്ത്രാജ് നിയമങ്ങളുമെല്ലാം മുന്നിലുള്ളപ്പോളാണ്, ജനങ്ങള്‍ക്ക് ഈ ദുര്‍ഗതി എന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചേ മതിയാവൂ.
നമ്മുടെ ജനകീയസര്‍ക്കാരുകള്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തിനു മുന്നില്‍ നില്‍ക്കുമോ? ഇല്ലെന്നുവേണം ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്നു മനസ്സിലാക്കാന്‍.” മേധ ചൂണ്ടിക്കാണിച്ചു. നിയമസഭകളിലെ വനിതാസംവരണത്തെപ്പറ്റി ഒരഭിമുഖത്തില്‍ മേധാ പട്കര്‍ പറഞ്ഞു: ”പാര്‍ലമെന്റില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഭരണകക്ഷിക്കകത്തും പുറത്തും സമ്മര്‍ദ്ദമുണ്ട്. ലോക്സഭയിലെ പുരുഷ എം.പി.മാരില്‍ ഭൂരിപക്ഷത്തിനും ഇതിനോട് മാനസികമായി യോജിക്കാനാവില്ലെന്നതാണ് ഏറ്റവും വലിയ കടമ്പ. പ്രശ്നം ജനങ്ങളുമായി വേണ്ടവിധം ചര്‍ച്ചചെയ്ത് സംവരണം ഉടന്‍ നടപ്പാക്കേണ്ടതാണ്. പിന്നോക്കവനിതകളുടെ കാര്യം രണ്ടാമത് പരിഗണിക്കേണ്ട വിഷയം മാത്രം.”