(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 21-12-97
എം.ജി. സോമന് എന്ന അതിപ്രശസ്തനായ സിനിമാനടന് അന്തരിച്ചത് ഡിസംബര്‍ 12-നു വൈകുന്നേരമാണ്. ഞാനന്ന്, കാസര്‍കോടുവരെയുള്ള ക്ലേശകരമായ ഒരു യാത്രയ്ക്ക് പുറപ്പെടുന്നതിനു കുറച്ചുമുമ്പാണ്, വിവരം കിട്ടിയത്. അടക്കാനാവാത്ത ദുഃഖം മനസ്സില്‍ ഒതുക്കിപ്പിടിച്ചുകൊണ്ടു ഞാന്‍ പുറപ്പെട്ടു. സോമനു രോഗം കുറച്ചധികമാണെന്ന വിവരം രണ്ടാഴ്ചമുമ്പു ഞാനറിഞ്ഞു. പിറ്റേന്നുതന്നെ എറണാകുളത്തിനു പുറപ്പെടുകയും ചെയ്തു. ഞാന്‍ കുറച്ചു കാലം കഴിച്ചുകൂട്ടിയ പി.വി.എസ്. ആശുപത്രിയില്‍തന്നെയായിരുന്നു സോമനും. കോഴിക്കോട്ടിനു പോകുന്ന വഴി ഒന്നൊന്നരമണിക്കൂര്‍ സമയം ആശുപത്രിയില്‍ പോകാന്‍ മാറ്റിവച്ചു.
പക്ഷേ, കുറുപ്പുംതറയ്ക്കപ്പുറത്തുവച്ച് എന്റെ കാര്‍ കുഴപ്പത്തിലായി. ഒരു മണിക്കൂറിലധികം നഷ്ടപ്പെട്ടു. അഞ്ചുമണിക്കു പുറപ്പെടുന്ന തീവണ്ടിയില്‍ പോയേ മതിയാവൂതാനും. തിരിച്ചെത്തിയപ്പോള്‍ കിട്ടിയ വിവരം സോമന് സുഖപ്പെട്ടുവരുന്നു എന്നാണ്. ഉടനെ ആശുപത്രിയില്‍ പോകാന്‍ തരപ്പെട്ടുമില്ല. സോമന് തങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. സോമന്റെ വീടിനടുത്തുള്ള എന്റെ ഭാര്യയും അവരുടെ ആങ്ങളമാരും സഹോദരിമാരും ഇവരുടെ എല്ലാ മക്കളും സോമന്റെ സുഹൃത്തുക്കളായിരുന്നു.
ഭാര്യാസഹോദരിയുടെ മകനായ ജി. ആയിരുന്നു ഏറ്റവും വലിയ സുഹൃത്ത്. അടുത്തകാലത്ത് അമേരിക്കയില്‍ പോയപ്പോള്‍ ഫിലാഡല്‍ഫിയയില്‍ ബിസിനസ്സ് നടത്തുന്ന ജി.യോടൊത്താണ് സോമന് താമസിച്ചത്. ജി. നാട്ടില്‍വന്നാല്‍ ആദ്യം കാണുക സോമനെയായിരിക്കും. അതു കഴിഞ്ഞാവും ഞങ്ങളെയൊക്കെ അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സോമന് എന്നെ വിളിച്ച് ഒരു തീയതി പറഞ്ഞു. എന്നിട്ട് അന്ന് വീട്ടിലേക്ക് വരട്ടെ, കുറച്ചധികനേരം സംസാരിച്ചിരിക്കണമെന്നു പറഞ്ഞു. വരാന്‍ അനുമതി നല്കി ഞാന്‍. പക്ഷേ, അദ്ദേഹത്തിന് ആ തീയതി മാറ്റേണ്ടിവന്നു. അക്കാര്യം നേരത്തെ അറിയിക്കുകയും ചെയ്തു.
പിന്നെ നിശ്ചയിച്ച തീയതിയും സമയവും തെറ്റിക്കാതെ സോമന് ദേവലോകത്ത് എന്റെ വീട്ടില്‍ വന്നു. കുറെയേറെ സമയം വീട്ടില്‍ ചെലവഴിക്കുകയും ചെയ്തു. ആയിടയ്ക്ക് രാഷ്ട്രപതി കേരളത്തില്‍ വരുമെന്ന വാര്‍ത്തയുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ കണ്ട് ഞാന്‍ ഒരു കാര്യം ശുപാര്‍ശ ചെയ്യണം! സോമന് വളരെ ബന്ധമുള്ള തിരുവല്ലയിലെ ഒരു ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിക്ക് രാഷ്ട്രപതിയെ കിട്ടണം. സംഗതി ’98 ലാണ്. ഞാന്‍ പറയാമെന്ന് ഏറ്റു. പിന്നെ തിരുവോണത്തിന്നാള് മാവേലിക്കരയില്‍ ‘കേളി’യുടെ ഓണാഘോഷത്തിനും സോമനും ഞാനും ഒന്നിച്ചുണ്ടായിരുന്നു; കൂട്ടത്തില്‍ യേശുദാസും.
എനിക്ക് സിനിമാലോകത്ത് പ്രേംനസീറും അടൂര്‍ഭാസിയും മാത്രമേ സുഹൃത്തുക്കളായുണ്ടായിരുന്നുള്ളു. അവരുടെ കാലശേഷവും രണ്ടുമൂന്നുപേരിലധികം സുഹൃത്തുക്കളായി ഉണ്ടായിരുന്നില്ല. ആണ്ടില്‍ ഒരു സിനിമ തന്നെ കാണാത്ത എനിക്ക് സിനിമയില്‍ സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസമാവില്ല. അവരില്‍ പ്രധാനപ്പെട്ട ആളായിരുന്നു സോമന്. വെള്ളിത്തിരയ്ക്കപ്പുറത്ത് ഒരു വലിയ സുഹൃദ്വലയമുണ്ടായിരുന്നു അദ്ദേഹത്തിന്. സോമന്റെ നിര്യാണം മലയാള സിനിമാരംഗത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങള്‍ക്കും അതുപോലെതന്നെ.