‘മനോരമയെ മലബാറുമായി അടുപ്പിച്ച വ്യക്തി’യാണ് മൂര്‍ക്കോത്ത് കുഞ്ഞപ്പയെന്ന് മനോരമ എഴുതിയിരിക്കുന്നു. പ്രസംഗത്തിലും എഴുത്തിലും സംസാരത്തിലും മധുരം ചേര്‍ക്കാന്‍ കുഞ്ഞപ്പയ്ക്കുള്ള കഴിവ് അസൂയാര്‍ഹമായിരുന്നു.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബര്‍ 25, 1993
മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്ററായ മൂര്‍ക്കോത്ത് കുഞ്ഞപ്പ (88) മഹാനവമി ദിവസം(ഒക്ടോബര്‍ 23) ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്, കോഴിക്കോട്ടെ സ്വവസതിയായ ദ്വാരകയില്‍, കുഴഞ്ഞുവീണു മരിച്ചത്. ‘മരിക്കുന്ന ദിവസംവരെ ജീവിച്ച ഒരു വലിയ (കുറിയ) മനുഷ്യന്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തലേന്നു വൈകിട്ടും കോഴിക്കോട്ട് ടൗണ്‍ഹാളിലെ ഒരു യോഗത്തില്‍ കുഞ്ഞപ്പ പ്രസംഗിച്ചിരുന്നു. ജീവിതത്തില്‍, പ്രവര്‍ത്തിക്കാതെ കഴിച്ച ഏതെങ്കിലും ദിവസമുണ്ടോ അദ്ദേഹത്തിന് എന്നെനിക്കു സംശയമുണ്ട്. ബിരുദമെടുത്തശേഷം റെയില്‍വേയില്‍ ഉദ്യോഗം സ്വീകരിച്ച അദ്ദേഹം അവിടെനിന്നു വിരമിക്കുമ്പോള്‍ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്നു. കാല്‍നൂറ്റാണ്ടിലധികമായി മനോരമയില്‍ ഉദ്യോഗം സ്വീകരിച്ചിട്ട്. ‘മനോരമയെ മലബാറുമായി അടുപ്പിച്ച വ്യക്തി’യാണ് മൂര്‍ക്കോത്ത് കുഞ്ഞപ്പയെന്ന് മനോരമ എഴുതിയിരിക്കുന്നു. പ്രസംഗത്തിലും എഴുത്തിലും സംസാരത്തിലും മധുരം ചേര്‍ക്കാന്‍ കുഞ്ഞപ്പയ്ക്കുള്ള കഴിവ് അസൂയാര്‍ഹമായിരുന്നു. മുപ്പതോ അതിലേറെയോ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. കുറേയെണ്ണം ഇംഗ്ലീഷിലാണ്. ശ്രീനാരായണഗുരു ഏറെ പ്രസിദ്ധമത്രെ. ബാലാമണിയമ്മയുടെ ‘അമ്മ’ യുടെ തര്‍ജമയാണ് ‘മദര്‍.’ കുഞ്ഞപ്പയുടെ ചില ഗ്രന്ഥങ്ങള്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമാണ്, പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. മലയാളസാഹിത്യത്തിന് ഒരിക്കലും മറക്കാനാവാത്ത, മഹാനായ മൂര്‍ക്കോത്ത് കുമാരന്റെ മൂത്തപുത്രനാണ് കുഞ്ഞപ്പ. രണ്ടാമനായ മൂര്‍ക്കോത്ത് രാമുണ്ണി, അതിപ്രശസ്തനായ ഒരു ഭരണാധികാരിയായിരുന്നു. നാഗാലാണ്ട്, ഏഴിമല തുടങ്ങിയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഇവരുടെ ഇളയ അനുജനായ മൂര്‍ക്കോത്ത് ശ്രീനിവാസനും ഒരെഴുത്തുകാരനാണ്. പോണ്ടിച്ചേരിയില്‍ ഹെഡ്മാസ്റ്ററായിരുന്നു. സംസ്കാരതരംഗിണി എന്ന പേരില്‍ 1973-ല്‍ പ്രസിദ്ധപ്പെടുത്തിയ മനോരമയുടെ ചരിത്രം രചിച്ചത് കുഞ്ഞപ്പയാണ്. വളരെ വിലപ്പെട്ട ഒരു റഫറന്‍സ് ഗ്രന്ഥം.