( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 28-9-1997
ഇത് എഴുതുന്നതിനിടയിലാണ്, മദര്‍ തെരേസ അന്തരിച്ച വിവരം കിട്ടുന്നത്. വിശ്വപ്രശസ്തയായ ജീവകാരുണ്യപ്രവര്‍ത്തക. ഏഴകളുടെ അമ്മ. അമ്മ എന്ന പേരുതന്നെ അവര്‍ സ്വന്തമാക്കിയിരിക്കുന്നു. നോബല്‍ സമ്മാനജേതാവും കൂടിയാണവര്‍. ലോകം ഇത്രയധികം ആദരവോടെ ഓര്‍മ്മിക്കുന്ന മറ്റൊരു വനിതയെപ്പറ്റി നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു അന്ത്യം. വയസ്സ് 87. കാരുണ്യത്തിന്റെ മാലാഖ യായിരുന്നു മദര്‍ തെരേസ എന്നാണ്, രാഷ്ട്രപതി നാരായണന് പറഞ്ഞത്.
അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ”ലോകം നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നപ്പോഴും നമ്മുടെ സംസ്കാരത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് യഥാര്‍ത്ഥ ഇന്ത്യക്കാരിയായി അവര്‍ ജീവിച്ചു.” ഭാരതരത്നം എന്ന ഇന്ത്യയുടെ ഏറ്റവും വലിയ ബഹുമതിയാണ് മദര്‍ തെരേസയ്ക്ക് നല്‍കിയിരുന്നതെന്ന് പ്രധാനമന്ത്രി ഗുജ്റാള്‍ ഓര്‍മ്മിച്ചു. ”സേവനത്തിന്റെയും വിശുദ്ധിയുടെയും തിളങ്ങുന്ന ഉദാഹരണം” എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നനും പ്രസ്താവിച്ചു.
1910-ല്‍ അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ് 1928-ലാണ് ഇന്ത്യയിലെത്തുന്നത്; കന്യാസ്ത്രീയായി തെരേസ എന്ന പേര് സ്വീകരിച്ചതിനുശേഷം 1931-ല്‍ കല്‍ക്കത്തയില്‍ അദ്ധ്യാപികയായി ജീവിതമാരംഭിച്ച തെരേസ, വിപുലമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി 1950-ല്‍ ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന പുതിയ സഭ സ്ഥാപിച്ചു. ഇന്ന് 105 രാജ്യങ്ങളിലായി 700-ഓളം സ്ഥാപനങ്ങളിലൂടെ മനുഷ്യസേവനം നിര്‍വഹിക്കുന്നു (മലയാളത്തില്‍ മദര്‍ തെരേസയുടെ ജീവചരിത്രം രചിച്ചവരില്‍ ഒരാള്‍ എറണാകുളം എം.പി. സെബാസ്റ്റ്യന്‍ പോള്‍ ആണ്). നവീന്‍ ചൗള ഐ.എ.എസ്സിന്റെ ഒരു പുസ്തകവും ഉടനെ മലയാളത്തില്‍ വരുന്നുണ്ട്.