( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1994 ആഗസ്റ്റ് 19
നമ്മുടെ സാംസ്കാരികരംഗത്തു നേരിട്ട വലിയൊരു നഷ്ടമാണ്, എം.പി.മന്മഥന്റെ മരണം. ആഗസ്റ്റ് 15 തിങ്കളാഴ്ച വെളുപ്പിനായിരുന്നു അതു സംഭവിച്ചത്. രോഗം ഗുരുതരമെന്നു പത്രത്തില്‍ കണ്ട ദിവസം മുതല്‍ ഫോണിലൂടെ വിവരം അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു, ഞാന്‍. എങ്കിലും തിങ്കളാഴ്ച മൂവാറ്റുപുഴയ്ക്കു പോയില്ല. ചൊവ്വാഴ്ചയാണ് സംസ്കാരം. അന്നു പോകുന്നതിനെപ്പറ്റിത്തന്നെ ഉറപ്പില്ലായിരുന്നു. എന്റെ അസുഖം മൂലം റോഡിലൂടെയുള്ള യാത്ര വേണ്ടെന്നു വയ്ക്കാനായിരുന്നു വൈദ്യോപദേശം. എങ്കിലും ചൊവ്വാഴ്ച രാവിലെ കാറില്‍ പുറപ്പെട്ടു. 10 മീറ്റര്‍ പടിഞ്ഞാറുള്ള സ്ഥലമാണത് മന്മഥന് താമസിച്ചിരുന്ന വീട്). മൃതദേഹം സന്ദര്‍ശിക്കാനുള്ള ക്യൂ വളരെ നീണ്ടതാണ്. അതില്‍ നില്‍ക്കാനുള്ള ആരോഗ്യമില്ലായിരുന്നു, എനിക്ക്. ഇതിനിടെ ചില സുഹൃത്തുക്കള്‍ വന്നുകൂടി. ഒരു പ്രത്യേക ചാനലില്‍ക്കൂടി എന്നെ നയിച്ചു. മുറ്റത്തെ പന്തലില്‍ മൃതദേഹം കിടത്തിയിരുന്ന സ്ഥലത്തിനടുത്തായിത്തന്നെ ഇരിപ്പിടവും ലഭിക്കുകയുണ്ടായി.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു; കര്‍മ്മങ്ങള്‍ തുടങ്ങാന്‍ വേണ്ടി. 11.30-നടുത്താണ് പിന്‍വശത്തെ മുറ്റത്തു തയ്യാറാക്കിയിരുന്ന ചിതയിലേക്ക് മൃതദേഹം മാറ്റിയത്. അതു സംസ്ഥാന ബഹുമതികളോടെ ആയിരുന്നു. അതില്‍തന്നെ ചില മാറ്റങ്ങള്‍ ദൃശ്യമായി. വെടി ഉണ്ടായില്ല. മൂന്നാലു ദിവസമായി തെളിഞ്ഞു നിന്ന അന്തരീക്ഷം ഇരുണ്ട്, മഴത്തുള്ളികള്‍ വര്‍ഷിച്ചു. അങ്ങനെ പ്രകൃതി അനുശോചനം പ്രകടിപ്പിച്ചു. തുടര്‍ന്ന് പന്തലില്‍ അനുശോചനയോഗം വച്ചിരുന്നു. ഞാന്‍ അതില്‍ സംബന്ധിക്കാതെ മടങ്ങിപ്പോന്നു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും വ്യത്യസ്ത രംഗത്തു പ്രവര്‍ത്തിക്കുന്ന സാധാരണക്കാരും നേതാക്കളുമടങ്ങിയ വലിയൊരു ജനസഞ്ചയം സംസ്കാരകര്‍മ്മത്തിനു സാക്ഷ്യം വഹിച്ചു.
സര്‍വ്വോദയ പ്രവര്‍ത്തകരും മദ്യനിരോധന സമിതി അംഗങ്ങളും സാഹിത്യകാരന്മാരും എന്‍.എസ്.എസ.് പ്രവര്‍ത്തകരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഓ, രാഷ്ട്രീയക്കാരുടെ കാര്യം വിട്ടുപോയി. മന്ത്രിമാരും, അതിലേറെ മുന്മന്ത്രിമാരും, എം.എല്‍.എ. മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെ തൊട്ടടുത്തിരുന്ന നാലുപേര്‍ മൂന്നു കസേരയിലിരിക്കുന്നതു കണ്ടു. ഒരു മന്ത്രി, ഒരു മുന്‍മന്ത്രി, ഒരു റിട്ട. ജസ്റ്റീസ്, ഒരു കോര്‍ എപ്പിസ്കോപ്പാ എന്നിവര്‍ക്കാണ്, ഈ ‘ഒരുമ’യില്‍ പങ്കുചേരാന്‍ കഴിഞ്ഞത്. എം.പി.മന്മഥന്റെ ‘സ്മൃതിദര്‍പ്പണം’ (ആത്മകഥ) എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍, ഗ്രന്ഥകാരനെപ്പറ്റി കുറച്ചു കാര്യങ്ങള്‍ ഞാനെഴുതിയിരുന്നു. മെയ് 14-നായിരുന്നു പുസ്തകപ്രകാശനം. കൃത്യം മൂന്നുമാസം മുമ്പ്. ആരോഗ്യം മോശമാണെങ്കില്‍ക്കൂടി മന്മഥന് യോഗത്തില്‍ സംബന്ധിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ ദിനമാണതെന്നു മന്മഥന് തുറന്നു പറഞ്ഞു. (മന്മഥന് രചിച്ച, നേരത്തേയുള്ള പുസ്തകം കേളപ്പന്റെ ജീവചരിത്രമാണ്).
മന്മഥനെപ്പോലെ ആദര്‍ശനിഷ്ഠയുള്ള വളരെ കുറച്ചാളുകളെ മാത്രമേ കേരളം മുഴുവന്‍ തപ്പിയാലും കണ്ടുകിട്ടുകയുള്ളൂ എന്നോ മറ്റോ അന്നു ഞാനെഴുതിയിരുന്നു. ഒരു പോലീസുകാരന്റെ മകനായി ജനിച്ച മന്മഥന് ബി.എ. പാസ്സായതിനെത്തുടര്‍ന്ന്, മൂവാറ്റുപുഴയില്‍ ഒരു സ്കൂളുണ്ടാക്കി. അവിടെ പ്രഥമാദ്ധ്യാപകനായി ജീവിതമാരംഭിച്ചു. അറുപത് വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ പത്തുവര്‍ഷം എന്‍.എസ്.എസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു – ജനറല്‍ സെക്രട്ടറി പദം ഉള്‍പ്പെടെ. തന്റെ ആദര്‍ശത്തിനു വിരുദ്ധമായി സൊസൈറ്റി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഉദ്യോഗം രാജിവച്ചിറങ്ങി. മഹാത്മാഗാന്ധി കോളേജിലെ പ്രിന്‍സിപ്പല്‍ ഉദ്യോഗം രാജിവെച്ചതും ഇതേ കാര്യത്തിലായിരുന്നു.