(‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും’) 21-12-97
കോട്ടയത്ത്, നവംബര്‍ 21 ഒരു എം.ടി. ദിനമായിരുന്നു. രാവിലെ 10 മുതല്‍ രാത്രി ഒന്പതുവരെ. രാവിലെ 10-ന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഡി.ലിറ്റ് ബിരുദദാനസമ്മേളനം. ഉച്ചകഴിഞ്ഞ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ സ്വീകരണം. വൈകുന്നേരം കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ ഒരു മണിക്കൂര്‍ പ്രസംഗം. പിന്നെ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന നാടകവും.മലയാളസാഹിത്യത്തിനും സംസ്കാരത്തിനും, ഭാരതീയ ലോകസാഹിത്യങ്ങളില്‍ ശ്രേഷ്ഠമായ സ്ഥാനം നേടിക്കൊടുത്ത എം.ടി.വാസുദേവന്‍നായരെ ആദരിക്കുന്നതിലൂടെ മഹാത്മാഗാന്ധി സര്‍വകലാശാല സ്വയം ബഹുമാനിക്കപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട്, വൈസ് ചാന്‍സലര്‍ വി.എന്‍.രാജശേഖരന്‍പിള്ള എം.ടി.ക്ക് ഓണററി ഡി.ലിറ്റ്. ബിരുദം സമ്മാനിച്ചു.
എം.ടി.യുടെ മറുപടിപ്രസംഗത്തില്‍, നേട്ടങ്ങളുടെ പേരില്‍ ഈ ബഹുമതി സ്വീകരിക്കാനുള്ള അഹങ്കാരം തനിക്കില്ലെന്നു പറഞ്ഞു. ബാദ്ധ്യതകളുടെയും സാദ്ധ്യതകളുടെയും തിരിച്ചറിവിന് ഈ അസുലഭനിമിഷം തന്നെ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ടി. ഇങ്ങനെ തുടര്‍ന്നു: ”ഞാന്‍ കൂടുതലെഴുതിയത് കഥകളാണ്. എവിടെയോ നടന്ന, നടന്നിരിക്കാവുന്ന മനുഷ്യാവസ്ഥകളുടെ കഥകള്‍ ‘സൂക്ഷിച്ച് നോക്ക്’.ഇതില്‍ അസാധാരണമായ എന്തോ ഉണ്ട്’ എന്ന നിശ്ശബ്ദപ്രേരണയോടെ എന്റെ മനസ്സിന്റെ കിളിവാതില്‍ തിരിച്ചറിഞ്ഞ്, കടന്നുവന്ന്, എന്നെ സ്വീകരിച്ച പ്രമേയങ്ങളോട് ഞാന്‍ നന്ദിപറയുന്നു. ഇടവഴികളിലും ഇരുട്ടുമുറികളിലും കുന്നിന്‍ചെരിവിലും പുഴക്കടവിലുമൊക്കെ കഥകള്‍ ഒളിപ്പിച്ചുവച്ച് തിരഞ്ഞുപിടിക്കാന്‍ അടക്കിയ ചിരിയും ഒതുക്കിയ വെല്ലുവിളികളുമായി എന്നെ വിളിച്ചിറക്കിയ ഗ്രാമത്തിനും ഞാന്‍ നന്ദിപറയട്ടെ.
കഥ നാടന്‍ഭാഷയില്‍ കെട്ടുകഥയാണ്. കെട്ടിച്ചമച്ചുണ്ടാക്കുന്ന കഥ. മണ്ണാങ്കട്ടയും കരിയിലയുംകൂടി കാശിക്കു പോയ കഥ,അനേക തലമുറകള്‍ക്കു ശേഷവും സത്യമായി നിലനില്ക്കുന്നു.”എഴുത്തുകാരന് എന്നും അന്വേഷിച്ചുകൊണ്ടിരിക്കണം. കഥയുടെ ബാഹ്യവേഷമണിഞ്ഞ്, സത്യം പല മുഖങ്ങളോടെ പല രൂപങ്ങളോടെ എവിടെയൊക്കെയോ ചുറ്റിത്തിരിയുന്നുണ്ട്. തന്റെനേര്‍ക്കു സമ്മതഭാവത്തില്‍ ദയാപുരസ്സരം സ്വാഗതത്തിന്റെ അടയാളം കാട്ടുന്ന ആ നിമിഷം കാത്ത് അയാള്‍ അലയുന്നു. കാലത്തിന്റെ നെടുംപാതയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി മുന്നിലേക്കും പിന്നിലേക്കും അയാള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതാണു ഞാനും ചെയ്തത്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും.”
മറ്റുള്ളവര്‍ക്ക് അദൃശ്യമായ മേഖലകളിലൂടെയുള്ള സാഹസികമായ അന്വേഷണമാണ് യഥാര്ത്ഥസാഹിത്യമെന്ന് എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു.രേഖപ്പെടുത്തിയ ചരിത്രത്തെക്കാള്‍ രേഖപ്പെടുത്താത്ത ചരിത്രമാണ് വലുത്. ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണമാണ് എഴുത്തുകാരനെ നയിക്കുന്നത്. എഴുത്തുകാരന്റെ ഈ അന്വേഷണയാത്ര പ്രതിസന്ധികള്‍ നിറഞ്ഞതത്രെ. വിജയം സുനിശ്ചിതമല്ലതാനും. എങ്കിലും പതറാതെ വിജയം കണ്ടെത്താമെന്ന പ്രതീക്ഷയോടെ, മുന്നോട്ടുള്ള യാത്രയാണ്, സാഹിത്യത്തിനു പുതിയ ഭാവതലങ്ങള്‍ നല്‍കുന്നത്. ഈ അന്വേഷണയാത്രയിലൂടെ സാഹിത്യം വികാസംകൊള്ളുന്നു.