(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും) നവംബര്‍ 29, 1986
മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ 41-ാം ചരമവാര്‍ഷികമായിരുന്നു, നവംബര്‍ 23-ന്. കൊടുങ്ങല്ലൂരിലെ അബ്ദു റഹിമാന്‍ സ്മാരകസമിതി, അത് യഥോചിതം ആചരിക്കുകയും ചെയ്തു. സമിതി സെക്രട്ടറി അബ്ദു റഹിമാന്‍ കടപ്പൂരിന്റെ ക്ഷണം കിട്ടിയപ്പോള്‍ അതില്‍ സംബന്ധിക്കണമെന്നു തോന്നി. സ്വാതന്ത്ര്യസമര സേനാനിയും പഴയ സുഹൃത്തുമായ ടി.എന്‍.കുമാരനാണ് കമ്മറ്റിയുടെ വര്‍ക്കിങ് ചെയര്മാന് എന്നതും പോകാന്‍ കാരണമായി. അബ്ദു റഹിമാനെ ഒരിക്കലും നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല; എങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്യാദരവോടുകൂടി മാത്രമേ ആ പേര് ഞാന്‍ ഓര്മിക്കാറുള്ളു.
കൊടുങ്ങല്ലൂരിലാണ് അദ്ദേഹം ജനിച്ചത് 1898-ാം ആണ്ട്. കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലേക്കു കുതിച്ചെത്തി. 1924-ല്‍ ‘അല്അമീന്’ പത്രം തുടങ്ങി. മുസ്ലിം ബഹുജനങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്കു കൊണ്ടുവരുന്നതിനാവശ്യമായതെല്ലാം ചെയ്തു.പ്രത്യേകിച്ചും നവീനാശയങ്ങളും നവീന വിദ്യാഭ്യാസവും അവരുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍. 1930-ലെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു; അതിഭയങ്കരമായ മര്‍ദനങ്ങള്‍ക്കു വിധേയനായിക്കൊണ്ടുതന്നെ. നാല്പത്തിഏഴു വര്‍ഷം മാത്രമേ അദ്ദേഹം ജീവിച്ചുള്ളു. സ്വാതന്ത്ര്യസമരത്തിലേക്കു വന്നതിനു ശേഷമുള്ള ഇരുപത്തേഴു വര്‍ഷങ്ങളില്‍ ഒമ്പതുവര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ഒരാളെപ്പറ്റി പുത്തന്‍ തലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമോ?
രാവിലെ ഒമ്പതിനാണ് പരിപാടി ആരംഭിച്ചത്. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന മീറ്റിങ് ഉച്ചകഴിഞ്ഞായിരുന്നതിനാല് ഒരു മണിക്കേ ഞാന്‍ എത്തിയുള്ളു. എത്തിയ ഉടനെ രാവിലത്തെ യോഗത്തെപ്പറ്റി അന്വേഷിച്ചു. മൊയ്തു മൗലവിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അബ്ദുറഹിമാന്റെ സഹപ്രവര്‍ത്തകനായിരുന്ന മൗലവി. മാത്രമല്ല, നൂറാം ജന്മദിനമാഘോഷിക്കാന് തയ്യാറെടുക്കുന്ന ഇന്ത്യയിലാകെത്തന്നെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന സ്വാതന്ത്ര്യസമര പോരാളികൂടിയാണ് ഇ. മൊയ്തു മൗലവി. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടനപ്രസംഗത്തില്‍ കഴിഞ്ഞ പത്തെഴുപതു വര്‍ഷത്തെ സമരസ്മരണകള്‍ വിവരിച്ചു. ആണ്ടും മാസവും തീയതിയും സഹിതം. പ്രത്യേകിച്ചും, അബ്ദുറഹിമാനുമൊന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി (മൊയ്തു മൗലവിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തില്‍ നാല്പത്തിയാറ് അദ്ധ്യായങ്ങളിലായി ഇതൊക്കെ എഴുതിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്കു വായിക്കാം).
എനിക്ക് മൗലവിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, രാവിലത്തെ യോഗം കഴിഞ്ഞ ഉടനെ അദ്ദേഹം സ്ഥലംവിട്ടു. അന്നുതന്നെ മറ്റു രണ്ടു യോഗങ്ങളില്ക്കൂടി പങ്കെടുക്കേണ്ടതുണ്ടത്രെ! കോഴിക്കോട്ടുനിന്നാണ് ഈ തൊണ്ണൂറ്റിയേഴുകാരന് എത്തിയതെന്നുകൂടി ഓര്‍മ്മിക്കുക (മൗലവിയുടെ വയസ്സിന്റെ കാര്യത്തില്‍ സ്വല്പം പിശകുണ്ട്. 95 എന്നാണ് ചിലര്‍ക്ക് കണക്ക്. 99 കഴിഞ്ഞുവെന്ന് മറ്റു ചിലതിലും. ഏതായാലും 100-ാം ജന്മദിനംആഘോഷിക്കാന് പൊന്നാനിയില്‍ കമ്മറ്റി രൂപീകരിച്ചത് ഈയിടെയാണ്. ഒരുലക്ഷം ക.യുടെ പണക്കിഴിയും അന്നു നല്‍കുന്നുണ്ട്.)
സ്വാതന്ത്ര്യസമര ഭടന്മാരുമായി മുഖാമുഖം എന്ന പരിപാടി ഉദ്ഘാടനംചെയ്യാനാണ് എന്നെ ക്ഷണിച്ചിരുന്നത്. രണ്ടരമണിക്ക് കൊടുങ്ങല്ലൂര്‍ ഒ.കെ. ഹാളില്‍ വച്ച്.എന്താണ് ഈ ഒ.കെ.ഹാള്‍ എന്നുവച്ചാല്‍? ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്പോലെ വല്ല മഹാന്മാരുടെയും നാമത്തിലുള്ള ഹാള്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും അതൊന്ന് ഉറപ്പുവരുത്തേണ്ടേ? സാഹിത്യകാരനാണോ, സ്വാതന്ത്ര്യസമരനായകനാണോ, രണ്ടിനും നല്ല പാരമ്പര്യമുള്ള നാടാണല്ലോ കൊടുങ്ങല്ലൂര്‍.
‘ഒന്ന് കുറെ ആയിരം’ എന്നതിന്റെ ചുരുക്കപ്പേരാണ് ഒ.കെ. എന്നു കേട്ടു ഞാന്‍ അന്ധാളിച്ചുപോയി. ‘ഒ.കെ.എ.’ എന്നാണ് ശരിക്ക്. എങ്കിലും സൗകര്യത്തിനുവേണ്ടി ‘ഒ.കെ.’ ആക്കിയതാണത്രെ. ‘ഒന്നു കുറെ ആയിരം’ എന്നു പറഞ്ഞാല്‍ 999 എന്നാണര്‍ത്ഥം. 999 നായര്‍ പ്രമാണികളുടെ ഒരു സംഘം വളരെ (ഒരു വളരെക്കൂടിയാവാം)ക്കാലമായി കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു. പണ്ട് നാടു ഭരിച്ചിരുന്നു, പിന്നെ ക്ഷേത്രം ഭരിച്ചിരുന്നു, ഈ സംഘം എന്നൊക്കെ കേട്ടു. ഏതായാലും ആ സംഘത്തിന്റെ വകയാണ് ‘ഒ.കെ. ഹാള്‍’ എന്നു മാത്രം തത്കാലം ഓര്‍മിച്ചാല്‍ മതി.
(999 ക.വരെ ശമ്പളമുള്ളവരെ മന്ത്രിക്കുതന്നെ നിയമിക്കാം. അതിനപ്പുറമായാല്‍ മന്ത്രിസഭയുടെ അംഗീകാരം വേണം. ഇങ്ങനെയൊരു നിയമമുണ്ടെന്നു ആരോ ഈയിടെ പറഞ്ഞതും ഓര്‍മിക്കുന്നു.)
‘മുഖാമുഖയോഗം’ മൂന്നുമണിക്കേ തുടങ്ങിയുള്ളു. എന്നെക്കൂടാതെ ഇരുപത്തിയഞ്ചുപേര്കൂടി സംസാരിക്കാനുണ്ട്. വേദിയില്‍ മൂന്നു വരിയായി ഇരുത്തിയിരിക്കുന്നു ഇവരെയെല്ലാം. ഏറ്റവും ചെറുപ്പക്കാരന്റെ പ്രായം അറുപതിനു മേലാണ്. തൊണ്ണൂറിന്റെ വക്കത്ത് എത്തിയവര്‍വരെ. അതുകൊണ്ട് അവശത ഉണ്ടാകുമെന്നും കുറച്ചു നേരമേ സംസാരിക്കൂ എന്നുമാണ് നിങ്ങള്‍ ധരിച്ചതെങ്കില്‍ തെറ്റ്! പൊന്നാട സമര്‍പ്പിച്ച് ആദരിക്കുന്ന ഏര്‍പ്പാടല്ലേ ഇപ്പോള്‍. അതിനു പകരം എല്ലാവര്ക്കും (മേപ്പടി 25-1 പേര്‍ക്കും ഖദര്‍ ഷാള്‍ നല്കി ആദരിച്ചു).
വി.ആര്.കൃഷ്ണനെഴുത്തച്ഛനാണ് യോഗാദ്ധ്യക്ഷന്‍. അദ്ധ്യക്ഷപ്രസംഗമായിരുന്നു കാര്യപരിപാടിയിലെ ആദ്യയിനം. അതുകഴിഞ്ഞ് ഉദ്ഘാടനവും. എനിക്കത് ഇഷ്ടപ്പെട്ടു. പക്ഷേ, എഴുത്തച്ഛന് നിര്‍ബന്ധം ഉദ്ഘാടനം ആദ്യം വേണമെന്ന്. അദ്ദേഹത്തിന് എന്നെക്കാള്‍ നിയമം അറിയാം. ഞാന്‍ സമ്മതിച്ചു. സ്മാരകസമിതിയുടെ ചെയര്മാന് ആണ് എന്റെ തൊട്ടിരുന്നത്-പ്രൊഫസര്‍ അബ്ദുസ്സലാം (കൊച്ചി യൂണിവേഴ്സിറ്റിയുടെ പ്രൊ-വൈസ്ചാന്സലരും). അദ്ദേഹത്തോടു ഞാന്‍ പറഞ്ഞിരുന്നു, ഉദ്ഘാടന-അദ്ധ്യക്ഷപ്രസംഗങ്ങള്‍ കഴിച്ചുള്ള പ്രസംഗം ഒന്നും അഞ്ചു മിനിറ്റില്‍ കവിയാതെ ശ്രദ്ധിക്കണമെന്ന്. ഞാന്‍ തന്നെ മാതൃക കാണിക്കാമെന്നുവച്ച് എന്റെ പ്രസംഗം പത്തുമിനിറ്റില്‍ നിറുത്തി. പക്ഷേ, എഴുത്തച്ഛന് 25 മിനിറ്റ് എടുത്തു. തുടര്‍ന്നു സംസാരിച്ചവര്‍ 15 മിനിറ്റിലും നിര്‍ത്താന്‍ വിഷമിച്ചു. സമരകാലത്തെ അനുഭവങ്ങള്‍ വിവരിക്കയാണ്. 70-നപ്പുറത്തെത്തിയ ചിലരുടെ ‘വീറ്’ കണ്ടാല്‍ ബ്രിട്ടീഷുകാരെ പണ്ട് ഇവര്‍ എങ്ങനെ എതിര്‍ത്തിരുന്നുവെന്ന് മനസ്സിലാക്കാം. എഴുപത്തിമൂന്നുകാരനായ പി.പി.കമാല്‍ (പെരുമ്പാവൂര്‍) ഒരു സഹപ്രവര്‍ത്തകന്റെ വീരസ്മരണകള്‍ വിവരിക്കുന്നതിനിടയില്‍ തല കറങ്ങി വേദിയില്‍ വീഴുകകൂടി ചെയ്തു.