(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 06.03.1992
സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ 123-ാം ജന്മദിനം പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയില്‍ ഈയിടെ ആഘോഷിച്ചു. കുറച്ചു ദിവസം നീണ്ടുനിന്ന ആഘോഷമായിരുന്നു. ഞാന്‍ പോയിരുന്നില്ല. പക്ഷേ, പത്രങ്ങളില്‍ ഇതിനെപ്പറ്റി സാമാന്യം നല്ല റിപ്പോര്‍ട്ടുണ്ടായിരുന്നു. സാധാരണ ഗതിയില്‍ നമ്മുടെ പത്രങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ അത്ര താത്പര്യം കാണിക്കാറില്ലല്ലൊ. എല്ലാവര്‍ഷവും കുംഭമാസത്തിലെ തിരുവോണനാളില്‍ ഈ ദിനം ആഘോഷിക്കാറുണ്ട്. ഞാന്‍ ഒരിക്കലേ പോയിട്ടുള്ളു. അത് 1969 മാര്‍ച്ചിലായിരുന്നു.
മഹാകവിയുടെ ജന്മശതാബ്ദിയാഘോഷം നടക്കുന്ന കാലം. മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു മുഖ്യാതിഥി. എനിക്കും ചെറിയൊരു റോള്‍ ഉണ്ടായിരുന്നു. അന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും ഞാനുംകൂടി കൃത്യസമയത്ത് (നാലുമണി) ഹാളിലെത്തിയപ്പോള്‍ എല്ലാ കസേരയും നിറഞ്ഞിരിക്കുന്നു. 4000 പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നുവത്രെ. എനിക്കത്ഭുതം തോന്നിയ സംഗതികള്‍ രണ്ടാണ്. ഒന്ന്, സദസ്യരില്‍ നേര്‍പകുതിയും സ്ത്രീകളായിരുന്നു. രണ്ട്, കൃത്യസമയത്തുതന്നെ യോഗം തുടങ്ങി. ഇലവുംതിട്ടപോലൊരു ഗ്രാമത്തില്‍ നാലുമണിയെന്നു പറഞ്ഞാല്‍ ആറുമണിയെന്നായിരുന്നു ഞങ്ങള്‍ കരുതിയത്.
ഒരു കവിയുടെ ജന്മശതാബ്ദിക്ക് ഇങ്ങനെയൊരാള്ക്കൂട്ടമോ? ഇതിന്റെ രഹസ്യം കണ്ടുപിടിക്കണമെന്ന് എനിക്കു തോന്നി. രണ്ടു മണിക്കൂറേ അവിടെ താമസിച്ചുള്ളു. പ്രസംഗങ്ങള്‍ സശ്രദ്ധം കേട്ടു. ചിലരോടൊക്കെ സംസാരിച്ചു. കാര്യം പിടികിട്ടി. 1931ല്‍ അന്തരിച്ച മൂലൂരിനെ 38 വര്‍ഷം കഴിഞ്ഞും (ഇന്നു 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു.) നാട്ടുകാര്‍ മറക്കാതിരിക്കുന്നത് കവിതയുടെ പേരില്‍ മാത്രമാണോ? തീര്‍ച്ചയായും അതിനപ്പുറം പലതുമുണ്ട്. വലിയൊരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവുമായുള്ള അടുപ്പം മൂലൂരിനെ ഒരു സമുദായപരിഷ്കര്ത്താവാക്കി മാറ്റി.
ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന കവി നാടിന്റെ നന്മയ്ക്ക് വേണ്ടതെല്ലാം ചെയ്തു. സ്കൂളും റോഡും കിണറും മാത്രമല്ല, ഒരുകൂട്ടം ജനങ്ങള്‍ക്ക് അമ്പലം വേണമെന്നു പറഞ്ഞാല്‍ അമ്പലവും പള്ളി വേണമെന്നു പറഞ്ഞാല്‍ പള്ളിയും ഉണ്ടാക്കിക്കൊടുക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മൂലൂര്‍ പത്മനാഭപ്പണിക്കര്‍. സാഹിത്യസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി വാണിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഇഷ്ടത്തിനു പാത്രമായ മൂലൂരിനു ‘സരസകവി’പ്പട്ടം നല്കി തമ്പുരാന് ആദരിച്ചു.
ഇലവുംതിട്ടയിലെ തന്റെ ഭവനത്തിനു കേരളവര്‍മ്മസൗധം എന്ന പേരു നല്കി വലിയകോയിത്തമ്പുരാനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ മൂലൂരും തയ്യാറായി. അതേസമയം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമായി ഏറ്റുമുട്ടാനും അദ്ദേഹത്തിനു പ്രയാസം തോന്നിയില്ല. ‘കവി ഭാരത’ രചനയിലൂടെ കുഞ്ഞിക്കുട്ടന്തമ്പുരാന് ജാതിചിന്ത പ്രകടിപ്പിച്ചു എന്നു തോന്നിയപ്പോള്‍ നിര്‍ഭയം അതിനെ എതിര്‍ക്കാന്‍ മൂലൂര്‍ മുന്നോട്ടുവന്നു. ‘കവിരാമായണ’ത്തിലൂടെ കവിഭാരതത്തിനു മറുപടി പറഞ്ഞു. അക്കാലത്ത് ഇത്തരം കവിതായുദ്ധങ്ങള് കവിതാപ്രേമികളെ മാത്രമല്ല സാധാരണക്കാരേയും അത്യധികം ആകര്‍ഷിച്ചിരുന്ന സംഭവങ്ങളത്രെ.