( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ജൂണ്‍ 1989
മുട്ടത്തു വര്‍ക്കിയുടെ ശവസംസ്കാരം കഴിഞ്ഞ് വന്നതേയുള്ളു. ഒട്ടുവളരെ സാഹിത്യകാരന്മാരുടെ സംസ്കാരച്ചടങ്ങില്‍ ഞാന്‍ സംബന്ധിച്ചിട്ടുണ്ട്. മഹാസാഹിത്യകാരനാണെങ്കില്കൂടി അമ്പതില്‍ താഴെ ആളുകള്‍ മാത്രം സംബന്ധിച്ചിരുന്ന പല ചടങ്ങുകളും ഞാനോര്‍ക്കുന്നു. ഇവിടെ, ചങ്ങനാശ്ശേരി ടൗണിനു തൊട്ടുള്ള ചെത്തിപ്പുഴ ഗ്രാമത്തില്‍ നടന്ന സംസ്കാരച്ചടങ്ങില്‍ സംബന്ധിച്ചവര്‍ ആയിരങ്ങളാണ്. മുട്ടത്തു വര്‍ക്കിയുടെ നിര്യാണം, തങ്ങളുടെ നാടിനു സംഭവിച്ച വലിയൊരു നഷ്ടമാണെന്നു കരുതുന്ന ആയിരങ്ങള്‍. പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് അനുശോചനയോഗം കൂടി. പ്രസംഗിച്ചവരുടെ എണ്ണം ഏതാണ്ട് രണ്ടു ഡസന്‍ വരും. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. തോമസ് ഐക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാകളക്ടര്‍ അല്ഫോന്സും മുനിസിപ്പല്‍ ചെയര്മാന് പി.പി. ജോസും സുരേഷ്കുറുപ്പ് എം.പി.യും സിനിമാ സംവിധായകന് ശ്രീകുമാരന്‍തമ്പിയും മംഗളം ചീഫ് എഡിറ്റര്‍ എം.സി.വര്‍ഗീസും സാ.പ്ര.സ. സംഘം പ്രസിഡന്റ് അഭയദേവും ഡോ. ജോര്‍ജ് ഓണക്കൂറും രണ്ടു മുന്മന്ത്രിമാരും കുറെ എം.എല്‍.എ.മാരും (ഇവരില്‍ ഡോ.കെ.സി.ജോസഫും ഡോക്ടറല്ലാത്ത കെ.സി.ജോസഫും ഉള്‍പ്പെടും) ഒക്കെയുണ്ടായിരുന്നു. സി.എഫ്.തോമസ് എം.എല്‍.എ. അനുശോചനപ്രമേയം അവതരിപ്പിച്ചു.
ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. അവിടെ കല്ലറ അനുവദിക്കയില്ല. ശരിക്കും സോഷ്യ ലിസമാണ്. എങ്കിലും ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഒരു പ്രത്യേക പരിഗണന നല്കാന് പള്ളിക്കാര് തയ്യാറായി. അങ്ങനെ ചെത്തിപ്പുഴ ദേവാലയ സെമിത്തേരിയില്‍ മഹാനായ സാഹിത്യകാരന്റെ ശവകുടീരം തല ഉയര്‍ത്തിപ്പിടിച്ചു നില്ക്കും. പള്ളിക്കുതന്നെ അത് അഭിമാനവുമാവും. മെയ് 28 ഞായറാഴ്ച ഞാന്‍ തിരുവനന്തപുരത്തായിരുന്നു. വൈകിട്ട് ആറുമണിയോടുകൂടി ദൂരദര്ശന് കേന്ദ്രത്തില്‍നിന്ന് മധുവര്‍മ്മ വിളിച്ചറിയിക്കയായിരുന്നു, മുട്ടത്തുവര്‍ക്കി അന്തരിച്ച വിവരം. കൂട്ടത്തില്‍ പറഞ്ഞു. ക്യാമറയുമായി ഒരു സംഘം എന്റെ മുറിയിലേക്കു വരുന്നു എന്നും. വൈകിട്ട് ഏഴരയുടെ വാര്‍ത്തയില്‍ കൊടുക്കാന്‍ ഒന്നരമിനിട്ടോ മറ്റോ നീളമുള്ള ഒരഭിമുഖം. തുടര്‍ന്ന്, ആകാശവാണിയും ഫോണിലൂടെ ‘ഒരഭിമുഖം’ നടത്തി. പിന്നെ ദീപികയും.
രാത്രി അധികമായിട്ടും ഉറക്കം വന്നില്ല. നാല്പത്തഞ്ചു വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു, വര്‍ക്കിയുമായി എനിക്ക്. മൂന്നാലു ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ അദ്ദേഹം കിടന്നെങ്കിലും ഞാനറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഷോക്കുണ്ടായി. മുട്ടത്തുവര്‍ക്കിക്ക് 74 വയസ്സ് മാത്രമായിരുന്നു പ്രായം. എത്ര കുറഞ്ഞാലും പത്തു വര്‍ഷം കൂടിെയങ്കിലും അദ്ദേഹം എഴുതും എന്നാണ്, എനിക്കു തോന്നിയിരുന്നത്. അടുത്തകാലംവരെയും അദ്ദേഹം നാലഞ്ചു വാരികകള്‍ക്ക് ഒരേ സമയം നോവല്‍ എഴുതിയിരുന്നു. ഒരേ സമയം രണ്ടു കൈ കൊണ്ടും എഴുതും എന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
1950-കളില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധപ്പെട്ട നോവലുകളെല്ലാംതന്നെ – പാടാത്ത പൈങ്കിളി, ഇണപ്രാവുകള്‍, മറിയക്കുട്ടി, മയിലാടുംകുന്ന് തുടങ്ങിയവ – പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ മനോരമയില്‍ എം. മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചേര്‍ന്ന് എഴുതിയ ഒരു ലേഖന(നിലാവ് തേടിപ്പോയ മുട്ടത്തുവര്‍ക്കി)ത്തില്‍ വായനക്കാരന് മുട്ടത്തുവര്‍ക്കിയെ ഏറ്റവും ഇഷ്ടപ്പെടുന്നത് അവന്റെ കൗമാരപ്രായത്തിലാണ് എന്ന് എഴുതിക്കണ്ടു. അതു വായിച്ചപ്പോള്‍ ഒരു സംഭവം എന്റെ ഓര്‍മ്മയില്‍ പൊന്തിവന്നു. ഞാനന്ന് എന്‍.ബി.എസിലാണ്. ഏതാണ്ട് 25 വര്‍ഷം മുമ്പ്. എഴുപതി നടുത്തു പ്രായമുള്ള ഒരു മാന്യന് കാറില്‍നിന്നിറങ്ങി ബുക്ക്സ്റ്റാളിലേക്ക് കയറി, കൂട്ടത്തില്‍ നീളംകൂടിയ പ്രായം കുറഞ്ഞ ഒരാളുമുണ്ട്. ആദ്യം പറഞ്ഞ ആളെ എനിക്കറിയാം. വല്ലപ്പോഴുമൊക്കെ പുസ്തകമെടുക്കുന്ന ആളാണ്. ഒരു റിട്ടയേര്‍ഡ് എന്‍ജിനിയര്‍. പേര് എം.പി.മാണി. മല്ലപ്പള്ളി മോടയില്‍ കുടുംബാംഗം. ‘പോകാന്‍ ധൃതിയുണ്ട്. കുറെ പുസ്തകം തരൂ’ എന്നു പറഞ്ഞു. എന്തെല്ലാമാണ് വേണ്ടത് എന്ന് അങ്ങോട്ടു ചോദിക്കും മുമ്പേ വിവരം തന്നു. മുട്ടത്തുവര്‍ക്കിയുടെ പുസ്തകങ്ങള്‍ എല്ലാം വച്ചേക്കൂ. പെട്ടെന്നു പത്തിരുപതു പുസ്തകങ്ങള്‍ മേശപ്പുറത്തെത്തി. ‘ഇതില്‍ കുറെയൊക്കെ നേരത്തെ കൊണ്ടുപോയിട്ടുണ്ട്. അതൊന്നു മാറ്റിയാല്‍…’ ഞാന്‍ മുഴുവനാക്കുംമുമ്പെ അദ്ദേഹത്തിന്റെ മറുപടി: ‘അതു സാരമില്ല; വീട്ടിലുള്ള പുസ്തകങ്ങളില്‍ തന്നെ ചിലതു കൂടുമെന്നല്ലേയുള്ളു.’ അദ്ദേഹത്തിന്റെ പ്രധാന ഹോബി വായനയാണ്; ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന് മുട്ടത്തുവര്‍ക്കിയും. തുടര്‍ന്നുള്ള സംസാരത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബില്‍ വാങ്ങി വരാന്തയില്‍ നില്‍ക്കുകയായിരുന്ന ചെറുപ്പക്കാരന്റെ നേരേ നീട്ടി. എന്നിട്ട് ‘ഇവനെ അറിയുമോ’ എന്ന് എന്നോടൊരു ചോദ്യവും. ഇല്ല എന്നു എന്റെ മറുപടി. ‘എന്റെ മകനാണ്. പേര്. എം.എം.ഫിലിപ്പ്. പി. ആന്‍ഡ് ടി. യുടെ ഡയറക്ടര്‍ ജനറല്‍.’ (ഫിലിപ്പ് പിന്നീട് കമ്യൂണിക്കേഷന്‍സിന്റെ സെക്രട്ടറിയായി. ഇരുവരും മരിച്ചുപോയി.)