(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഡിസംബർ 17, 1995
കഴിഞ്ഞ തിങ്കളാഴ്ച നവംബര്‍ 13-ന്, ഞാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍കൂടി നടക്കുന്നതിനിടയിലാണ്, എന്‍.എന്‍. പിള്ള 102-ാം മുറിയിലുണ്ടെന്ന വിവരം കിട്ടിയത്. ഉടനെ ഞാനും ഭാര്യയും അവിടെയെത്തി. അദ്ദേഹത്തെ തലേദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നറിഞ്ഞു. എന്നെ കണ്ടയുടനെ അടുത്തിരുത്തി സംസാരിക്കാനുള്ള ശ്രമമായി. ശ്വാസത്തിന്റെ തകരാറാണ്. സംസാരിക്കാന്‍ വിലക്കുണ്ട്. ഞാന്‍ കഴിയുന്നത്ര ഒഴിഞ്ഞുമാറിനിന്നു. കഴിഞ്ഞ മാസവും അദ്ദേഹം കുറെ ദിവസം ആശുപത്രിയിലുണ്ടായിരുന്നു. അതിനപ്പുറമൊന്നും ഞാന്‍ വിചാരിച്ചില്ല. പിറ്റേന്ന് തിരുവനന്തപുരത്തുവച്ചാണ്, പിള്ള അന്തരിച്ച വിവരം അറിഞ്ഞത്. ഉടനെ ഞാന്‍ മടങ്ങിപ്പോന്നു. വന്നിട്ട് അടുത്ത ദിവസം സംസ്കാരകര്മ്മത്തിലും പങ്കെടുത്തു.
നാല്പതിലേറെ വര്‍ഷങ്ങളിലെ അടുപ്പമുണ്ടായിരുന്നു, ഞങ്ങള്‍ തമ്മില്‍. ആദ്യം ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന്. പിന്നെ ഐ.എന്‍.എ.യിലെ ഒരു പോരാളി. നാടകത്തിലെത്തുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എന്തെല്ലാമാണ് അദ്ദേഹം ചെയ്തുവച്ചത്. നാടകത്തിനുവേണ്ടി ജീവിതം മുഴുവനും ചെലവഴിക്കാന്‍ ദൈവം പ്രത്യേകം നിയോഗിച്ച ഒരു മനുഷ്യന്. ഏറ്റവും ഒടുവിലത്തെ നാടകം അരങ്ങേറിയ ദിവസം ഞാന്‍ തിരുവനന്തപുരത്തായിരുന്നു. ഞാനന്നു വന്നേ മതിയാവൂ എന്ന് അദ്ദേഹം ശഠിച്ചു. നാടകം തുടങ്ങുന്നതിനുമുമ്പു ഞാനെത്തുകയും ചെയ്തു. പിള്ളയെക്കാള്‍ നാലുവയസ്സെങ്കിലും കൂടുതലുണ്ട് എനിക്ക്. എങ്കിലും എന്നെ എപ്പോഴും ഒരനുജനെപ്പോലെയാണ് അദ്ദേഹം കരുതിയിരുന്നത്, സ്നേഹിച്ചിരുന്നത്.
കുങ്കുമത്തിലെ ‘പ്രതിവചനം’ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. പക്ഷേ, എത്ര എളുപ്പമാണ്, അദ്ദേഹം വായനക്കാരെ തന്നിലേക്കാകര്‍ഷിച്ചത്. ഏറ്റവും ഒടുവില്‍ കിട്ടിയ കുങ്കുമ (ലക്കം 13) ത്തിലെ ഒരു ചോദ്യം ഇതാണ്: ”താങ്കളുടെ ആത്യന്തികമായ ആഗ്രഹം എന്താണ്?” ഉത്തരം: ”കഷ്ടതകൂടാതെയുള്ള ജീവിതവും മരണവും.” കുട്ടിക്കാലത്തേ ഞാന്‍ കേട്ടുപഠിച്ചതും ഇതാണ്.
”അനായാസേന മരണം
ദൈന്യംവിനാ ജീവിതം.”
ആ ലക്കം കുങ്കുമം കോട്ടയത്ത് കിട്ടിയത് 14-ാം തീയതി രാവിലെയാണ്. അന്നുച്ചയ്ക്ക് അദ്ദേഹം വിടപറയുകയും ചെയ്തു.
ഞാനിവിടെ വിസ്തരിക്കുന്നില്ല. ആധുനിക മലയാള നാടകവേദിക്ക് അദ്ദേഹം നല്കിയ സേവനം ഒരിക്കലും മറക്കാനാവില്ല. പുളിമാനയും സി.ജെ. തോമസും എന്‍. കൃഷ്ണപിള്ളയും ജി.ശങ്കരപ്പിള്ളയുമൊക്കെ നല്കിയ സംഭാവന ഈ സമയത്ത് എന്റെ മനസ്സിലുണ്ട്. എങ്കിലും എല്ലാം കൂടിച്ചേര്‍ന്ന ഒരു ഒറ്റ ആളേ നമുക്കുണ്ടായിരുന്നുള്ളൂ. അതാണ് എന്‍.എന്‍.പിള്ള. നാടകം ജീവിതമാക്കിയ മനുഷ്യന്. ജീവിതം നാടകമാക്കിയ മനുഷ്യനും. അരനൂറ്റാണ്ടില്‍ കുറഞ്ഞകാലത്ത്, അഞ്ചുനൂറ്റാണ്ടില്‍ ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട് എന്നുമാത്രം നമുക്കിവിടെ അനുസ്മരിക്കാം.