( കാലത്തിന്റെ നാള്‍വഴി യില്‍ നിന്ന് ) 10.08.1985
അന്ന് കൃഷ്ണസ്വാമിറാവു ആണ് ജയില്‍ സൂപ്രണ്ട്. തമ്പിയോട് അദ്ദേഹത്തിനു തീരെ ഇഷ്ടമില്ല. കാരണം, ജയില്‍നിയമങ്ങള്‍ ഒന്നും അനുസരിക്കുന്ന കൂട്ടത്തിലായിരുന്നില്ല തമ്പി. ജയിലിലെ പുള്ളികള്ക്കെല്ലാം ഇക്കാര്യമറിയാം. പുള്ളികള്‍ എന്നു പറഞ്ഞാല്‍ രാഷ്ട്രീയതടവുകാര്‍ മാത്രമല്ല ക്രിമിനല്‍ കുറ്റവാളികളും ഉണ്ട്.നീലകണ്ഠപ്പിള്ള, കൊലക്കേസില്‍ (ഒന്നല്ല, രണ്ട്) പ്രതിയായി രണ്ടു ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടു കിടക്കുകയാണ്. തമ്പി അന്ന് എ. ക്ലാസ്സ് തടവുകാരനാണ്. സി. ക്ലാസ്സില്‍നിന്നു സമരം നടത്തിക്കിട്ടിയ പ്രൊമോഷന് തമ്പിയുടെ പിതാവ് പേഷ്കാരും പിതൃവ്യന് ജഡ്ജിയുമൊക്കെയായിരുന്നു എന്നതുകൊണ്ടു നല്കിയ പരിഗണനയാവാനും മതി.
ഒരു ദിവസം തമ്പി നീലകണ്ഠപ്പിള്ളയുടെ മുറിയുടെ മുമ്പില്‍ക്കൂടി നടന്നുപോകുമ്പോള്‍, അയാള്‍ തമ്പിയെ കൈകൊണ്ടു തടഞ്ഞുനിറുത്തിയിട്ട് സൂപ്രണ്ടിന്റെ ‘കൊള്ളരുതായ്മ’കളെപ്പറ്റി പറഞ്ഞു. എന്നിട്ട് നീലകണ്ഠപ്പിള്ള ആവേശത്തോടെ പറഞ്ഞവസാനിപ്പിച്ചത്, ‘സാറേ, അവനെ തട്ടിക്കളയാം’ എന്നായിരുന്നു.തമ്പി അയാളെ സമാധാനിപ്പിച്ചു. ‘ഇവരൊക്കെ വെറും ചൂത്തകള്. ഇവിടെ ഒന്നും ചെയ്തുകൂടാ. തട്ടാമെങ്കില്‍ മറ്റവനെ തട്ടിക്കോ (മറ്റവന് എന്നു പറഞ്ഞാല്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍).’
ഇതിനിടെ തമ്പിയെ ഭൂതപ്പാണ്ടി (ഇന്ന് കന്യാകുമാരി ജില്ലയില്‍) ലോക്കപ്പിലേക്കു മാറ്റി (1946 നവംബര്‍ 19-ാം തീയതിയാണ് ഞാന്‍ ഒരു തടങ്കല്തടവുകാരനായി സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍, ജയില്‍സൂപ്രണ്ട് കൃഷ്ണസ്വാമിറാവു നീലകണ്ഠപ്പിള്ളയുടെ കുത്തേറ്റു മരിച്ചു. പണിയാന്‍ കൊണ്ടുപോകുന്നിടത്തുനിന്നു കിട്ടിയ ഒരിരുമ്പുകഷണം തേച്ചുമിനുക്കി കത്തിയായിഉപയോഗിക്കയാണ് നീലകണ്ഠപ്പിള്ള ചെയ്തത്.