(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഏപ്രിൽ 4, 1998
കൊച്ചുകുട്ടികള്‍ക്കുള്ള ‘ഡേ കെയര്‍’ നമുക്ക് സുപരിചിതമാണ്. അച്ഛനും അമ്മയും ജോലിക്കു പോകുമ്പോള്‍, വീട്ടില്‍ മറ്റാരും നോക്കാനില്ലാത്ത കൊച്ചുകുട്ടികള്‍ക്ക് ഈ ഡേ കെയര്‍ വലിയൊരനുഗ്രഹമത്രെ. രാവിലെ എട്ടിനോ എട്ടരയ്ക്കോ കുട്ടികളെ ഇവിടെ ഏല്പിക്കുന്നു; വൈകിട്ട് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. വീട്ടിലെ സൗകര്യങ്ങളോടുകൂടി ഇവരെ അഞ്ചെട്ടുമണിക്കൂര്‍ സംരക്ഷിക്കയാണ്, ഇത്തരം കേന്ദ്രങ്ങളില്‍ ചെയ്യുന്നത്. പലപ്പോഴും ‘വീട്ടിലേതിലും കൂടിയ സൗകര്യങ്ങളോടുകൂടി’ എന്നുതന്നെ പറയേണ്ടിവരും. പിന്നെ ഒട്ടുവളരെ കുട്ടികള്‍ ഒരുമിച്ചുകൂടി കളിക്കുകയും ആടുകയും പാടുകയും ഇടയ്ക്കൊന്നു കരയുകയുമൊക്കെ ചെയ്യുന്നതിന്റെ സുഖം വേറെ.
കോട്ടയത്ത് പ്രായമായവര്‍ക്കു വേണ്ടി ഇങ്ങനെയൊരു കേന്ദ്രം തുറന്നിരിക്കുന്നു. വൃദ്ധസദനം എന്നാണ് ഇതിനെ എളുപ്പം പറയാവുന്നത്. ‘ഗ്രീന്വീസ് എല്‍ഡേഴ്സ് റിസോര്‍ട്ട്’ (ജി.ഇ.ആര്.) എന്നാണിതിന്റെ പേര്. തെക്കുനിന്നുവരുമ്പോള്, കോട്ടയം പട്ടണത്തിലേക്കു കടക്കുന്നതിനു സ്വല്പം മുമ്പ്. കുറച്ചുകൂടി കൃത്യമായി പറയണമെങ്കില്‍ കോടിമതപ്പാലത്തിന്റെ 400 മീറ്റര്‍ മുമ്പ്. രണ്ടേക്കര്‍ സ്ഥലമാണ് ഇതിനു മാറ്റിവച്ചിട്ടുള്ളത്. വെറുതെ രണ്ടേക്കര്‍ സ്ഥലം എന്നങ്ങു പറഞ്ഞാല്‍ പോരാ. ഒരുവശത്ത് എം.സി.റോഡ്, മറുവശത്ത് കൊടൂരാറ് എന്ന കൊച്ചുനദിയും. മുമ്പില്‍ കാറും ബസും മറ്റും കിട്ടുമ്പോള്‍ പിന്നില്‍ കൊച്ചുവള്ളങ്ങളും യാത്രയ്ക്കുള്ള ബോട്ടുകളുംവരെ കിട്ടും. നഗരത്തിന്റെ തിരക്കില്‍നിന്ന് ഒഴിഞ്ഞ്, അതിമനോഹരമായ സ്ഥലം.
കെ.കെ.കുരുവിള ദമ്പതികള്‍, പ്രായമായവര്‍ക്കുവേണ്ടി നല്‍കിയിരിക്കുന്ന സംഭാവന. പിന്നില്‍ നല്ല വെള്ളം ഒഴുകുന്നതുപോലെ റിസോര്‍ട്ടില്‍ നല്ല കാറ്റും സദാ ഒഴുകിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ വിശ്രമിക്കണമെന്നു തോന്നുന്നു എങ്കില്‍ ജി.ഇ.ആറിലെത്തിയാല്‍ മതി. സിമന്റിട്ട നടപ്പാതയിലൂടെ, മരങ്ങള്‍ക്കിടയിലൂടെ ആറ്റിന്തീരത്ത് എത്തുക.
ഇവിടെ പ്രവേശനം നല്‍കുക 60 വയസ്സിനുമേലുള്ളവര്ക്കാണ്. ആദ്യത്തെ അംഗം കുരുവിളയുടെ പ്രിയപ്പെട്ട ഗുരുനാഥനായ കെ.ജെ. കുര്യനാണ്. പ്രായം 97. (മുന്‍ രാജ്യസഭാംഗമായിരുന്നു, അന്തരിച്ചുപോയ മാത്യുകുര്യന്റെ പിതാവ് എന്നുകൂടി ഇദ്ദേഹത്തെ പരിചയപ്പെടുത്താം). ഇപ്പോഴും അരമണിക്കൂറോ അതിലധികമോ പ്രസംഗിക്കാന്‍ കഴിയുന്ന അത്ഭുതമനുഷ്യന്. ഏതു മലയാളകവിതയും കാണാപ്പാഠമാണ്. ഭംഗിയായി ചൊല്ലുകയും ചെയ്യും. ഒന്നാമത്തെ അംഗത്തെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ തന്നെ ഉദ്ഘാടന ദിവസത്തെ മുഖ്യാതിഥികളെക്കൂടി പരിചയപ്പെട്ടിട്ട് അപ്പുറത്തേക്ക് കടക്കാം.
സ്വാമി ആതുരദാസ് ആണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാമത്തെ അംഗത്വം കെ.ജെ. കുര്യനു നല്കിയതും അദ്ദേഹംതന്നെ. ഈ പ്രസ്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ഇതൊരു നല്ല കാര്യമാണെന്നു തോന്നിയെന്ന് സ്വാമികള്‍ പറഞ്ഞു. 62 വര്‍ഷം മുമ്പ് താന്‍ ആരംഭിച്ച പ്രസ്ഥാനമാണ്, ആതുരാനന്ദാശ്രമം. ഇതിന്റെ പ്രധാന പ്രവര്‍ത്തനം കുറിച്ചിയിലെ ഹോമിയോ കോളേജാണ്. സാധാരണക്കാര്‍ക്കു ചികിത്സാരംഗത്ത് കൂടുതല്‍ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോ പഠിക്കുന്നതിനുള്ള വിദ്യാലയം തുടങ്ങിയത്. വികസനരംഗത്ത് നമുക്ക് ഇനി എത്രയോ അധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രായമായ ആളുകള്‍ക്കുവേണ്ടിയുള്ള ഈ സേവനരംഗം വലിയ പ്രയോജനമുണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഷപ്പ് ബഞ്ചമിന് ആണ് യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചത്. 91 കാരനായ താനിങ്ങോട്ടു വന്നത് ഇന്നിവിടെ വരുന്ന ഏറ്റവും പ്രായം കൂടിയ ആളായിരിക്കും താനെന്ന ബോധ്യത്തോടെയായിരുന്നു. ”പക്ഷേ, 97 കാരനായ കുര്യന് സാര്‍ എന്റെ മുന്നിലിരിക്കുന്നു.” അദ്ധ്യക്ഷന്‍ പറഞ്ഞു. ഇന്ന്, 60 വയസ്സ് ഒരു വയസ്സല്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇവിടെ ആരംഭിക്കുന്ന പ്രാണിക് ഹീലിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്, പ്രൊവിന്‍ഷ്യല്‍ ജോബ് വള്ളിപ്പാലം സി.എം.ഐ.യാണ്. ഡോ. പി.എന്‍. നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലാണ്, പ്രാണിക് ഹീലിങ്ങിന്റെ പ്രവര്‍ത്തനം നടത്തുന്നത്. ഈ രംഗത്ത് വളരെയേറെ പ്രശസ്തനാണ്, ഡോ. നാരായണന്‍കുട്ടി. ആചാര്യ കെ.കെ. ചാണ്ടിയും കെ.ഇ. മാമ്മനും ഞാനും ആശംസാപ്രസംഗം ചെയ്തു. 60 തികഞ്ഞാലുടനെ വൃദ്ധനായി എന്ന വിചാരം മാറ്റണമെന്നു ഞാന്‍ ചൂണ്ടിക്കാട്ടി. 60 കഴിഞ്ഞിട്ടാണ്, താന്‍ ബിസിനസ് (ഡി.സി.ബുക്സ്) തുടങ്ങിയതെന്നും ഞാന്‍ ഓര്‍മ്മിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഡോ. നാരായണന്കുട്ടിയുടെകൂടെ പ്രാണിക്ഹീലിങ് നടത്തുന്നതിന്റെ അനുഭവങ്ങളെപ്പറ്റിയും പറയുകയുണ്ടായി. പി.ഐ. മാണി (പ്രസിഡന്റ്, കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി) സ്വാഗതവും ജോണ്‍ മാത്യു നന്ദിയും പറഞ്ഞു.
ഇന്ത്യയിലും പുറത്തും അദ്ധ്യാപനരംഗത്ത് സേവനം അനുഷ്ഠിച്ച കെ.കെ. കുരുവിളയും പത്നി മറിയാമ്മ കുരുവിളയുമാണ്, ഈ കേന്ദ്രത്തിന്റെ ആരംഭകര്‍. ദീര്‍ഘകാലമായി അവര്‍ താലോലിച്ചുകൊണ്ടുനടന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കേന്ദ്രം എന്നു പറഞ്ഞാലും തെറ്റില്ല. ഇവിടത്തെ പരിപാടിയുടെ ഒരു ഏകദേശരൂപം താഴെ കൊടുക്കുന്നു. രാവിലെ എട്ടിനും ഒമ്പതിനും ഇടയ്ക്ക് അംഗങ്ങള്‍ എത്തിച്ചേരുന്നു. ഒമ്പതരയ്ക്കും പത്തിനുമിടയ്ക്ക് പ്രാര്‍ത്ഥനയും മെഡിറ്റേഷനും. 10-നു ചായ, ലഘുഭക്ഷണം. 10.30 മുതല്‍ വ്യായാമം. യോഗാ ഉള്‍പ്പെടെ. പിന്നെ ഒരു മണിക്കൂര്‍ അനുദിനസംഭവങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയും മറ്റും. 12.30 മുതല്‍ ഉച്ചഭക്ഷണം. അതു കഴിഞ്ഞ് സംഗീതവും മറ്റും. 3.30 വരെ മെഡിക്കല്‍ ചെക്കപ്പ്, ചര്‍ച്ചകളും. പിന്നെ ചായ. നാലരയ്ക്കും അഞ്ചരയ്ക്കും ഇടയ്ക്ക് വീട്ടിലേക്കു മടങ്ങുന്നു. ആയുഷ്കാലാംഗത്വഫീസ് 1000 ക.യാണ്. മറ്റുള്ളവര്‍ക്ക് പ്രതിമാസം 100 ക.യും.
ജി.ഇ.ആര്. ഇവിടെ അവസാനിപ്പിക്കാം. വൃദ്ധന്മാരെപ്പറ്റിയാണല്ലൊ പറഞ്ഞുകഴിഞ്ഞത്. ഇനി കുട്ടികളുടെയും വയസ്സന്മാരുടെയും കാര്യമാണ് പറയുന്നത്. പേടിപ്പെടുത്തുന്ന ചില വസ്തുതകള്‍. ഭാവിയെപ്പറ്റി ചിന്തിക്കാനാഗ്രഹിക്കാത്തവര് തത്കാലം പേടിക്കണ്ട.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗവേഷകന്മാര് നടത്തിയ പഠനമനുസരിച്ച്, വരും നൂറ്റാണ്ടില്‍ (ഇതിലേക്കുള്ള ദൂരം വെറും 33 മാസം മാത്രമാണ്) കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം വൃദ്ധജനങ്ങളുടെ പുനരധിവാസവും സംരക്ഷണവുമായിരിക്കും. വൃദ്ധജനങ്ങളുടെ സംഖ്യ പെരുകുന്നു. ഒപ്പം കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. ജനസംഖ്യാനിയന്ത്രണത്തില്‍ കേരളം വരിച്ച വലിയ നേട്ടമാണ്, കുട്ടികളുടെ സംഖ്യ കുറയാന്‍ കാരണം. 1951-’61 കാലത്ത് 5.6 ആയിരുന്നു പ്രജനനനിരക്ക്. 1998-ല്‍ ഇത് 1.7 ആയി കുറഞ്ഞു. ഇന്ത്യാഗവണ്മെന്റിന്റെ പ്ലാനിങ് പ്രകാരം 2000-ാമാണ്ടില്‍ കേരളം 2.05-ല്‍ എത്തിയാല്‍ മതി.
1961 സെന്‍സസ് പ്രകാരം വൃദ്ധജനങ്ങളുടെ സംഖ്യ 10 ലക്ഷമായിരുന്നത് 30 വര്‍ഷം കഴിഞ്ഞപ്പോള്‍ 26 ലക്ഷമായിരിക്കുന്നു. ഇത്രയും വൃദ്ധജനങ്ങള്‍ക്ക് ആരോഗ്യ ചികിത്സാരംഗത്തും സാമൂഹിക സുരക്ഷാരംഗത്തും ആവശ്യമായ സേവനം നല്‍കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വെല്ലുവിളിതന്നെയായിരിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്കുവേണ്ടി 1991-ല്‍ സര്‍ക്കാര്‍ മാറ്റിവച്ചിരുന്ന തുക 100 കോടി രൂപയായിരുന്നു. വൃദ്ധജനങ്ങളുടെ 25 ശതമാനത്തിനുമാത്രമേ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളു. ഇപ്പോള്‍, 60 കഴിഞ്ഞവരെയെല്ലാം ഇതേ പരിഗണനയില്‍ വച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ 100 കോടിക്കു പകരം 400 കോടി രൂപ വേണം. 25 വര്‍ഷത്തിനപ്പുറത്ത് എത്തുമ്പോള്‍ തുക 1300 കോടി കവിയും.
സര്‍ക്കാരിന്റെ പെന്ഷന് ലഭിക്കുന്നവരുടെ എണ്ണം ഇന്ന് മൂന്നുലക്ഷമാണ്. ഇവര്‍ക്ക് പ്രതിവര്‍ഷം 400 കോടി രൂപ ചെലവിടുന്നു. 55-ാം വയസ്സില്‍ പെന്ഷന് പറ്റുന്നവര്‍ ശരാശരി 10 വര്‍ഷംകൂടി ജീവിച്ചിരിക്കുമെന്ന ഒരു മണ്ടന്‍ കണക്കാണ്, സര്‍ക്കാര്‍ ഇന്നും വച്ചു സൂക്ഷിക്കുന്നത്. നമ്മുടെ പെന്ഷന്കാരന് 55-ല്‍ റിട്ടയര്‍ ചെയ്ത് 65-ല്‍ മരിച്ചാല്‍തന്നെ ഭാര്യയ്ക്കു പെന്ഷന് കൊടുത്തേ മതിയാവൂ. വിദഗ്ദ്ധന്മാര് കണക്കാക്കുന്നത്, ഒരാള്‍ക്കു കുറഞ്ഞത് 20 വര്‍ഷം പെന്ഷന് നല്കണമെന്നത്രെ.
ഇനി നമുക്ക് വീണ്ടും കുട്ടികളുടെ അടുക്കലേക്കു വരാം. അടുത്ത നൂറ്റാണ്ടില്‍, കേരളത്തിലെ ഒട്ടേറെ സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും. ഞാന്‍ ഈയിടെ ചില പ്രൈമറി വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ഡിവിഷനിലെ ശരാശരി കുട്ടികള്‍ 20 മാത്രമാണ്. അതിനെ പൊലിപ്പിച്ചു കാണിക്കുന്ന വിദ്യ ചിലടത്തൊക്കെയുണ്ട്. എങ്കിലും 25-നപ്പുറം പോകാനാവുമോ? അതും എത്ര കാലം? അടച്ചുപൂട്ടുന്ന വിദ്യാലയങ്ങള്‍ വ്യവസായശാലകളാക്കാം. പക്ഷേ, കുട്ടികള്‍ കുറയുമ്പോള്‍ വ്യവസായത്തെയും അതു ബാധിക്കും. ഒപ്പം, മറ്റു പലതിനെയും.