(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 5, 1996
സാഹിത്യവിമര്‍ശകനും പത്രാധിപരും പ്രസംഗകനുമായ പി.ഗോവിന്ദപ്പിള്ള 1926 മാര്‍ച്ച് 23-ന് പെരുമ്പാവൂരിനു സമീപമുള്ള പുല്ലുവഴിയില്‍ ജനിച്ചു. കാലടി ആശ്രമത്തിലെ അന്തേവാസിയായി ജീവിതം തുടങ്ങിയ ‘പി.ജി.’ എന്ന ഓമനപ്പേരില്‍ പരക്കെ അറിയപ്പെടുന്ന ഗോവിന്ദപ്പിള്ള, നമ്മുടെ ഏറ്റവും വലിയ ‘ബുദ്ധിജീവി’കളില്‍ ഒരാളാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്ത്വികാചാര്യന്മാരിലും പി.ജി.യുണ്ട്. ബോംബെയില്‍ പഠിക്കാന്‍പോയ അദ്ദേഹം, താമസിയാതെ പൂനെയിലെ യര്‍വാദാ ജയിലില്‍ അടയ്ക്കപ്പെട്ടു. സാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അമ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗോവിന്ദപ്പിള്ളയെ ‘ചലിക്കുന്ന എന്‍സൈക്ലോപീഡിയ’ എന്നു വിളിക്കാം. പാര്‍ട്ടിയുടെ മുഖപത്രമായ ‘ന്യൂഏജി’ന്റെയും ദേശാഭിമാനിയുടെയും പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവിന്ദപ്പിള്ളയുടെ വീട്ടിലെ ലൈബ്രറി തിരുവനന്തപുരത്തെതന്നെ നല്ല ലൈബ്രറികളിലൊന്നാണ്.