( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഡിസംബര്‍ 5, 1988
നവംബര്‍ 25-നാണ് പി.കെ.പരമേശ്വരന്‍നായര്‍ അന്തരിച്ചത്. പി.കെ. കുട്ടനാട്ടിലാണ് ജനിച്ചത്. മരിക്കുമ്പോള്‍ പരമേശ്വരന്‍നായര്‍ക്ക് 86 കഴിഞ്ഞിരുന്നു. അദ്ദേഹം ബി.എ.യ്ക്ക് പഠിക്കുന്ന കാലംതൊട്ടേ തിരുവനന്തപുരത്ത് താമസമാക്കി. ഒരു ക്ലര്‍ക്കായി സ്റ്റേറ്റ് ട്രാന്സ്പോര്ട്ട്വകുപ്പില് ജോലി ആരംഭിച്ച പരമേശ്വരന്‍നായര്‍ ഉദ്യോഗത്തിന്റെ മേല്ത്തട്ടിലെങ്ങുമെത്തിയില്ല. കുറെക്കാലം പത്രപ്രവര്‍ത്തനം നടത്തി. കേരള സര്‍വകലാശാലയുടെ ലെക്സിക്കണ്‍ വകുപ്പില്‍ സൂപ്പര്‍വൈസറായിരുന്നു. സാ.പ്ര.സ.സംഘം വിശ്വവിജ്ഞാനകോശം തയ്യാറാക്കിയപ്പോള്‍, അതിന്റെ ലാംഗ്വേജ് എഡിറ്ററായി പ്രവര്‍ത്തിക്കയുണ്ടായി.
വലിയ ഉദ്യോഗങ്ങളൊന്നും അദ്ദേഹത്തെ തേടി എത്താതിരുന്നത്, മലയാളഭാഷയ്ക്കും സാഹിത്യത്തിനും അനുഗ്രഹമായി ഭവിച്ചു. 1938-ല്‍ പുറത്തുവന്ന പ്രേമഗൗതമന്‍ വായനക്കാരുടെ ഇടയില്‍ ഒരു കോളിളക്കം സൃഷ്ടിച്ച കൃതിയാണ്. നെപ്പോളിയന്റെ ജീവിതസായാഹ്നം (1933), നെപ്പോളിയനും ജോസഫയിനും (1934), തുഞ്ചത്താചാര്യന് (1935) എന്നീ ജീവചരിത്രങ്ങള്‍ അതിനുമുമ്പുതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. എങ്കിലും 1944-ല്‍ സാഹിത്യപഞ്ചാനനന്‍ (പി.കെ.നാരായണപിള്ളയുടെ ജീവചരിത്രം) പുറത്തുവന്നതോടെയാണ് പരമേശ്വരന്‍നായര്‍ക്ക് ജീവചരിത്രകാരന്‍ എന്ന നിലയില്‍ അംഗീകാരം ലഭിച്ചതും. മൂന്നുവര്‍ഷം കൂടി കഴിഞ്ഞു പ്രസിദ്ധപ്പെടുത്തിയ സി.വി.രാമന്‍പിള്ളയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ജീവചരിത്രകൃതിയെന്നു വിമര്ശകന്മാര് പറയുന്നു. ഈ രണ്ട് കൃതികള്‍ക്കും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. കേരളസര്‍വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗം പ്രസിദ്ധീകരിച്ച ‘വോള്‍ട്ടയര്‍’ ആണ്, താന്‍ രചിച്ച ഏറ്റവും മികച്ച ജീവചരിത്ര ഗ്രന്ഥമെന്നാണ് പരമേശ്വരന്‍നായര്‍ പറയുന്നത്. പക്ഷേ, അത് ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല.
1958-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പി.കെ.യുടെ മലയാള സാഹിത്യചരിത്രം മിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, പരമേശ്വരന്‍നായരുടെ കൃതികള്‍. മഹാത്മാഗാന്ധി ഉള്‍പ്പെടെ മറ്റു ചില ജീവചരിത്രങ്ങളും ലേഖനസമാഹാരങ്ങളുമൊക്കെ വേറെയുണ്ട്. പരമേശ്വരന്‍നായര്‍ മരിച്ചപ്പോള്‍ എനിക്ക് തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞില്ല എങ്കിലും ഡിസംബര്‍ രണ്ടിന് സി.വി.രാമന്‍പിള്ള നാഷനല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൂടിയ അനുശോചന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ ഒരു തട്ടിലും അദ്ദേഹത്തെ മറ്റേ തട്ടിലും വച്ചാല്‍ ത്രാസിന്റെ ആദ്യം പറഞ്ഞ തട്ട് താണു നില്ക്കും. അത് കടലാസിന്റെ ഭാരംകൊണ്ടു മാത്രമായിരിക്കയില്ല. ഉള്ളടക്കത്തിന്റെ കനംകൊണ്ടു കൂടിയാവും. എങ്കിലും ഇത്ര വിനയാന്വിതനായ ഒരു ഗ്രന്ഥകാരനെ കണ്ടുകൂടണമെങ്കില് നൂറ്റാണ്ടുകള്‍ കാത്തിരി ക്കേണ്ടിവരും.