( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) 2.2.1991
കഴിഞ്ഞയാഴ്ച എഴുതിയ കോളത്തില്‍ പത്മരാജനെപ്പറ്റി പറയാന്‍ തുടങ്ങിയതാണ്. എങ്കിലും മാറ്റിവച്ചു. കോഴിക്കോട്ടുനിന്നു തിരിച്ചെത്തിയ ദിവസം രാത്രിയിലാണ് അതെഴുതിയത്. അന്നുരാവിലെയാണ് എന്റെ പ്രിയപ്പെട്ട പത്മരാജന് അന്തരിച്ചത്. അദ്ദേഹം കോഴിക്കോട്ടെ പാരമൗണ്ട് ടൗവേഴ്സിലായിരുന്നു. തൊട്ടടുത്തുള്ള കല്പകാ ടൂറിസ്റ്റ്ഹോമിലായിരുന്നു ഞാന്‍. രാവിലത്തെ ട്രെയിനില്‍ എനിക്ക് മടങ്ങേണ്ടിവന്നതുകൊണ്ട് കോഴിക്കോട്ടുവച്ച് ഒന്നും അറിഞ്ഞില്ല.
12.30-ന്റെ പ്രാദേശികവാര്‍ത്ത ട്രെയിനില്‍വച്ചു കേട്ട ചിലരില്‍നിന്നാണ് അറിയുന്നത്. ‘പത്മരാജന് മരിച്ചു’ എന്ന് ഒരു യാത്രക്കാരന് അടക്കിപ്പിടിച്ചു പറയുന്നതാണ്, ആദ്യം ലഭിച്ച വിവരം. ‘ഏതു പത്മരാജന്?’ എന്നു പെട്ടെന്നന്വേഷിച്ചു. സിനിമയിലെ പത്മരാജന് എന്നു കേട്ടപ്പോള്‍ തികച്ചും അവിശ്വസനീയമായി തോന്നി. പിന്നെ, പിന്നെ വിശ്വസിക്കേണ്ടിവന്നു — പത്മരാജന് ‘പറന്ന്, പറന്ന്’ പോയിരിക്കുന്നു എന്ന്. ഒരാഴ്ച കഴിഞ്ഞിട്ടും പത്മരാജന് മനസ്സിന്റെ ഏതോ കോണില്‍ തങ്ങിനില്ക്കുന്നു. സുന്ദരമായ ആ മുഖം തെളിഞ്ഞുനില്ക്കുന്നു. ഫോണിലൂടെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്ന ആ ശബ്ദവും മുഴങ്ങി കേള്‍ക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ഒരു കത്ത് എന്റെ മേശപ്പുറത്തിരിക്കുന്നു. മകളുടെ കല്യാണം പ്രമാണിച്ചയച്ച ആശംസാസന്ദേശം. തിരുവനന്തപുരത്തുനിന്നു ജനുവരി 10-ാം തീയതി അയച്ച കത്തിലെ ചില വരികള്‍ ഇതാ: ‘മകളുടെ കല്യാണക്കുറി ഇന്നലെയാണു കാണുന്നത്. കുറ്റം എന്റേതുതന്നെ. പുതിയ പടമായ ‘ഗന്ധര്‍വ’ന്റെ ജോലികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി മദ്രാസിലായിരുന്നു. മിനിയാന്നു തിരിച്ചെത്തിയതേയുള്ളു.’ എന്നാണ് പത്മരാജനുമായി ബന്ധപ്പെട്ടതെന്ന് എനിക്കോര്‍മ്മയില്ല. കുങ്കുമം നോവല്‍ മത്സരത്തില്‍, 1969ലാണെന്നു തോന്നുന്നു, ജഡ്ജിംഗ് കമ്മറ്റിയില്‍ ഞാനുമുണ്ടായിരുന്നു. അന്നു ഞാന്‍ ആദ്യം വായിച്ചത് പത്മരാജന്റെ ‘നക്ഷത്രങ്ങളേ കാവല്‍’ ആണ്. ശ്രദ്ധിക്കപ്പെടേണ്ട ഒരു കഥാകാരന് എന്ന് അന്നാണ് മനസ്സിലായത്.
പിന്നെ പ്രസാധകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പല കൃതികളുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷമായി വളരെ കുറച്ചു സിനിമയേ ഞാന്‍ കണ്ടിട്ടുള്ളു. കൂടിയാല്‍ ആണ്ടില്‍ രണ്ട്. പക്ഷെ, ‘പെരുവഴിയമ്പലം'(1979)മുതല്‍ ‘ഞാന്‍ ഗന്ധര്വന്'(1991)വരെയുള്ള പത്മരാജന്റെ പടങ്ങളില്‍ ഏതാണ്ട് പകുതി ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും ഒരു സങ്കടം അവശേഷിക്കുന്നു. മുതുകുളത്തു നടന്ന സംസ്ക്കാരച്ചടങ്ങുകളില്‍ എനിക്കു സംബന്ധിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് എനിക്ക് തിരുവനന്തപുരത്ത് ഉണ്ടായിരിക്കേണ്ടിവന്നു. മികച്ച സംവിധായകനും മികച്ച എഴുത്തുകാരനും എന്നറിയപ്പെടുന്നരണ്ടുപേരേ മലയാളത്തിലുണ്ടായിട്ടുള്ളു. എം.ടി. യും പത്മരാജനും.