( കാലത്തിന്റെ നാള്‍വഴിയില്‍ നിന്ന് ) 1-11-’96
കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ (ഇംഗ്ലീഷ്-ഡി.സി. ബുക്സ്) പ്രകാശിപ്പിക്കുന്ന ചടങ്ങ് അന്നു രാവിലെ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്മാന്‍സ് കോളേജില്‍ നടന്നു. കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ‘കമലാദാസ് സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍’ ഡോ. ജയന്ത മഹാപത്ര(പ്രശസ്ത ഇംഗ്ലീഷ് കവി, ഒറിയക്കാരനും) ആണു പുസ്തകപ്രകാശനം നടത്തിയത്.
ഏറെ ഊര്‍ജ്ജവും സ്വാതന്ത്ര്യവും ഉള്‍ക്കൊള്ളുന്നവയാണ് കമലാദാസിന്റെ കവിതകള്‍. അവ ജീവിതത്തിന്റെ ഗൂഢാര്ത്ഥങ്ങളില് വെളിച്ചംവീശുന്നു എന്ന് ജയന്ത അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് വട്ടക്കളം ആദ്യപ്രതി സ്വീകരിച്ചു. ഡോ. സി.പി. ശിവദാസ് ആണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. എന്റെ പ്രസംഗത്തില്‍ ഞാനിങ്ങനെ പറഞ്ഞു: ”മാധവിക്കുട്ടിയുടെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും ഡി.സി. ബുക്സാണ് പ്രസിദ്ധപ്പെടുത്തുന്നത്. ഇടയ്ക്ക്, കമലാദാസിന്റെ ഒരു പുസ്തകവുംകൂടി ആകാമെന്നു ഞങ്ങള്‍ക്കു തോന്നി.”