( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) 12.2.1986
മാര്‍പ്പാപ്പാ കേരളത്തില്‍നിന്നു പോയിട്ട് ഇന്നു മൂന്നു ദിവസമായി. അദ്ദേഹം സസുഖം വത്തിക്കാനിലെത്തിയ വിവരം ഇന്നേ പത്രങ്ങളില്‍ വന്നുള്ളു. ‘സസുഖം എത്തി’ എന്നു പറയാന്‍ സ്വല്പം വിഷമമുണ്ട്. വിമാനം റോമില്‍ എത്തിയപ്പോള്‍ കനത്ത മഞ്ഞുവീഴ്ച. പിന്നെ നേപ്പിള്സിലാണിറങ്ങിയത്. അവിടെനിന്ന് 200 മൈല്‍ തീവണ്ടിയാത്രചെയ്ത് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നു. ജോണ്‍പോള്‍ രണ്ടാമന് കവിയാണ്, നടനാണ്, നാടകകൃത്താണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എപ്പോഴും നാടകീയത ഉണ്ടാകും. അല്ലെങ്കില്‍ ഉണ്ടാക്കും.
കോട്ടയത്ത് എട്ടാം തീയതി രാവിലെയായിരുന്നു മാര്‍പ്പാപ്പയുടെ പ്രധാനപരിപാടി. അതു കഴിഞ്ഞ് ഉച്ചയ്ക്ക് കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറപ്പെടുകയാണ്. മെഡിക്കല്‍ കോളേജിനു സമീപം ഹെലികോപ്ടറില്നിന്നിറങ്ങിയ പാപ്പാ എട്ടു കിലോമീറ്റര്‍ ദൂരം പോപ്പോ മോബൈലില്‍ യാത്രചെയ്താണ് ടൗണിലെത്തിയത്. ആ വാഹനം അപ്പോള്‍ത്തന്നെ തിരുവനന്തപുരത്തേക്കു പോയിക്കഴിഞ്ഞു. മൂന്നരമണിക്കൂര്‍ നീണ്ട പരിപാടിക്കുശേഷം കാറിലായിരിക്കും അടുത്ത യാത്ര എന്ന് എല്ലാവരും കരുതി. വിദേശനിര്‍മിതമായ കാര്‍ കാത്തു കിടപ്പുണ്ടായിരുന്നു. പക്ഷേ, മാര്‍പ്പാപ്പാ അവിടെക്കിടന്ന ഒരു സ്കൂള്ബസ്സിന്റെ മുന്സീറ്റിലേക്കാണ് കയറിയത്.
കോട്ടയത്ത് 30 മിനിറ്റിലധികം നീളാത്ത പ്രസംഗത്തില്‍ 10 പ്രാവശ്യമെങ്കിലും മലയാള വാക്യങ്ങള്‍ പുറത്തുവന്നു. ഗൗരവമായി ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ‘ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനംചെയ്യേണ്ട സുവര്ണ്ണദിവസമാണിന്ന്’ എന്നു നാം കേള്‍ക്കുക. വളരെ കുറച്ചിടത്തു മാത്രമേ മലയാളവാക്കുകള്‍ക്കു തെറ്റുപറ്റുന്നുള്ളു. ‘ദൈവാത്തിനു സ്തുതി’ എന്നും മറ്റും. എങ്കിലും പത്തുവര്‍ഷം മലയാളക്കരയില്‍ ജീവിച്ച യൂറോപ്യന്മാരെക്കാള് ഭേദമായി മലയാളം ഉച്ചരിക്കാന്‍ പാപ്പായ്ക്കു കഴിഞ്ഞു. ചാവറയച്ചനെപ്പറ്റി പറയുമ്പോള്‍ ചവാറ എന്നാണു പറയുക. പക്ഷേ, അന്നുതന്നെ ആകാശവാണിയിലെ ഇംഗ്ലീഷ് ന്യൂസില്‍ ‘ചവേര’ എന്നാണു കേട്ടത്.
മാര്‍പ്പാപ്പയുടെ സ്വീകരണത്തിനു പോയപ്പോള്‍ എന്റെ കൈയില്‍ ഒരു വാരിക ഉണ്ടായിരുന്നു. മോസ്കോയില്‍നിന്നു പ്രസിദ്ധപ്പെടുത്തുന്ന ‘ന്യൂ ടൈംസ്’. ഒരു സുഹൃത്തിന് ഇത് ഇഷ്ടപ്പെട്ടില്ല. ‘മാര്‍പ്പാപ്പയെ കാണാന്‍ പോകുമ്പോള്‍ സോവിയറ്റ് പത്രമോ?’ എന്നാണ് ചോദ്യം.