ഒരത്ഭുതംകൂടി. എത്രയോ പുസ്തകപ്രകാശനയോഗങ്ങള് ഞാന്‍ നടത്തിയിട്ടുണ്ട്. എത്രയോ യോഗങ്ങളില്‍ കേള്‍വിക്കാരനായി സംബന്ധിച്ചിട്ടുണ്ട്. ഇത്രയേറെ ആളുകള്‍ സംബന്ധിച്ച ഒരു പുസ്തകപ്രകാശന യോഗം ഇതിനു മുമ്പ് തിരുവനന്തപുരത്തു നടന്നിട്ടില്ല.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ആഗസ്റ്റ് 1989
ഒരു പുസ്തക പ്രകാശനവുമായി തുടങ്ങാം ഇന്ന്. സംഭവം മിനിയാന്നു വൈകുന്നേരമായിരുന്നു. തലസ്ഥാനനഗരിയില്‍. അതും ഒരൊഴിഞ്ഞ കോണില്‍. ഞാനാദ്യമാണവിടെ പോകുന്നത്. ഐ. എം. ജി.(ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് എന്നാണ് മുഴുവന്‍ പേര്)യുടെ പുതിയ സെമിനാര്‍ ഹാളില്‍വെച്ച്. സാധാരണ ഗതിയില്‍ മനുഷ്യര്‍ അവിടെ എത്തിച്ചേരില്ല. പിന്നെ സമയത്തിന്റെ കാര്യത്തിലുമുണ്ട് കുഴപ്പം. നാലുമണിക്കാണ് യോഗം. അഞ്ചേകാലിനു തീരു(ര്‍ക്കു)മെന്നും കൂടി ക്ഷണക്കത്തില്‍ അച്ചടിച്ചു പിടിപ്പിച്ചിട്ടുണ്ട്.
അഞ്ചെട്ടു വരി ഞാനിവിടെ കുറിച്ചു. പക്ഷെ, ഗ്രന്ഥത്തിന്റെ പേര് പറഞ്ഞില്ല. ഗ്രന്ഥകാരന്റെയും. ‘പ്രസംഗകല — ഒരു പഠനം‘ ആണ് പുസ്തകം. കര്‍ത്താവ്, എന്‍. കൃഷ്ണന്‍നായര്‍. അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുത്തേണ്ടതില്ലെന്നു കരുതുന്നു. പോലീസിലാണ് പണിയെങ്കിലും നോവലിസ്റ്റാണ്. ഒന്നും രണ്ടുമല്ല, അഞ്ചെട്ടു നോവലുകള്‍. ഇടയ്ക്കു കുറ്റാന്വേഷണത്തെപ്പറ്റി ഒരു കൃതിയുമുണ്ട്. എം. എ. ബിരുദം നേടിയ ശേഷം കോളേജ് അദ്ധ്യാപകനായി ജീവിതം ആരംഭിച്ച കൃഷ്ണന്‍നായര്‍ക്ക് മൂന്നു വര്‍ഷമേ അദ്ധ്യാപകനായി കഴിയേണ്ടിവന്നുള്ളു. 1963-ല്‍ ഐ. പി. എസ്. കിട്ടി. പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പോലീസുമായി. ഇപ്പോള്‍ ഐ. എം. ജി.യില്‍ സ്പെഷ്യല്‍ ഓഫീസറാണ്.
ഇപ്പറഞ്ഞതെല്ലാം മനസ്സിലായി; എങ്കിലും ഇദ്ദേഹത്തിന് ‘പ്രസംഗകല’യെപ്പറ്റി എഴുതാനെന്താ കാര്യം എന്നു ചിലര്‍ക്കെങ്കിലും തോന്നിക്കൂടായ്കയില്ല. കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ പ്രസംഗിക്കാന്‍ തുടങ്ങിയ കൃഷ്ണന്‍നായര്‍ ഇക്കാലമത്രയും (ഏതാണ്ട് 36 വര്‍ഷം) ദിവസം ശരാശരി ഒരു പ്രസംഗം ചെയ്തിട്ടുണ്ടെന്നു കണക്കാക്കിയാല്‍ 13000ത്തിനുമേല്‍ പ്രസംഗങ്ങള്‍ ചെയ്തിരിക്കണം. ഒന്നില്‍ക്കൂടുതല്‍ പ്രസംഗങ്ങള്‍ ചെയ്യുന്ന ദിവസങ്ങളും കുറവല്ല. കുറെയൊക്കെ തട്ടികിഴിച്ചാലും പതിനായിരത്തിലധികം പ്രസംഗം നിര്‍വ്വഹിച്ചിട്ടുള്ള ഒരു അപൂര്‍വ്വജീവിയാണ് നമ്മുടെ കഥാപുരുഷന്.
അപ്പോള്‍ ‘പ്രസംഗകല’യെപ്പറ്റി എഴുതാന്‍ കൃഷ്ണന്‍നായരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ കേരളത്തില്‍ ഉണ്ടാവില്ല എന്നു പറയേണ്ടിവരും. അതും രണ്ടു ഭാഷയിലും ഒരുപോലെ. അടുത്തകാലത്ത് കേരള സര്‍വ്വകലാശാലയുടെ യുവജനോത്സവത്തോടനുബന്ധിച്ചു നടന്ന മലയാളം ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളില്‍ 77 പ്രസംഗങ്ങളുടെ വിധികര്‍ത്താക്കളില്‍ ഒരാളായി കഴിയാനുള്ള ഭാഗ്യമോ ദൗര്ഭാഗ്യമോ സിദ്ധിച്ചപ്പോള്‍ ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധപ്പെടുത്തിയേ മതിയാവൂ എന്ന് അദ്ദേഹത്തിനു തോന്നിപ്പോയി. വളരെ അഭിവൃദ്ധി പ്രാപിച്ചിട്ടുള്ള ഒരു ‘വ്യവസായ’മാണിന്നു പ്രസംഗം. പ്രസംഗമില്ലാത്ത എന്തെങ്കിലുമൊരു സംഗതി കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്കാകുമോ? സദ്യയ്ക്ക് ഊണ് ഉദ്ഘാടനവും അവിടെ രണ്ടുമൂന്നു പ്രസംഗവും ആകാമെന്നെനിക്കു തോന്നുന്നു.
ഞാന്‍ വളരെ ആലോചിച്ചിട്ട് മറ്റൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു പഴയ ഒരു സംഭവം പറയാം: കാലം 1957. സാഹിത്യപരിഷത്തിന്റെ സമ്മേളനം കോട്ടയത്ത്. അതിന്റെ പതാകഉയര്‍ത്തല്‍ കര്‍മ്മം. പതാക ഉയര്‍ത്തലിനു ക്ഷണിച്ചിരുന്നത് മലയാള മനോരമയുടെ പത്രാധിപരായ കെ. എം. ചെറിയാനെയാണ്. പതാക ഉയര്ത്തുന്നതിനുമുമ്പ് ഞാന്‍ പറഞ്ഞു. പ്രസംഗമില്ല, വെറും ഉയര്‍ത്തല്‍ മാത്രമേ ഉള്ളു എന്ന്. അദ്ദേഹം അത്ഭുതപ്പെട്ടുപോയി. ‘പ്രസംഗം കൂടാതെ പതാക ഉയര്ത്തലോ?’ അദ്ദേഹം ചോദിച്ചു. അതെ എന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. പ്രസംഗം ഒഴിവാക്കിക്കിട്ടുന്നതില് അതീവ സന്തുഷ്ടനായിരുന്നു അദ്ദേഹമെന്നുകൂടി പറയട്ടെ.
അപ്പോള്‍ നമ്മുടെ വിഷയം ‘പ്രസംഗകല’യുടെ പ്രകാശനമാണ്. സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനായിരുന്നു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. അദ്ദേഹം പറഞ്ഞു, സ്പീക്കര്‍ എന്നു പറഞ്ഞാല്‍ ഇംഗ്ലണ്ടില്‍ പ്രസംഗിക്കാതിരിക്കുന്ന ആളാണെന്ന്. ഒരു വെള്ളി വടി അദ്ദേഹത്തിനുണ്ടാവും. അതൊന്ന് ഉയര്‍ത്തിക്കാണിച്ചാല്‍ മതി പരിപൂര്‍ണ്ണ നിശബ്ദത. ഇവിടെയോ? വടിയല്ല, കൈയും കാലുംകൂടി പൊക്കിയാലും ഫലമില്ല. ഇവിടെ സ്പീക്കര്‍ പ്രസംഗിക്കാന്‍ നിര്‍ബന്ധിതനാണ്.
സ്പീക്കര്‍ ഇങ്ങനെ തുടര്‍ന്നു: ’30-40 വര്‍ഷമായി ഞാന്‍ പ്രസംഗിക്കുന്നു. ശരിക്കു പറഞ്ഞാല്‍ പ്രിപ്പാറട്ടറി ക്ളാസ്മുതല്തന്നെ. പ്രസംഗം രണ്ടുവിധമുണ്ട്. ഒന്നു തൊഴിലിനുവേണ്ടി. മറ്റത് സാമൂഹ്യനന്മയ്ക്കുവേണ്ടി. ആദ്യത്തേതാണെങ്കില്‍ മണിക്കൂറില്‍ ആയിരം രൂപ ഉണ്ടാക്കാന്‍ എനിക്കറിയാം. പക്ഷെ, കുറെ വര്‍ഷങ്ങളായി അതില്ല. പ്രസംഗം നഷ്ടത്തിലാണ്.’
‘എം. എല്‍. എ. മാരുടെ പ്രസംഗങ്ങളെപ്പറ്റി ഞാനിവിടെ പറയുന്നില്ല. മതങ്ങളെല്ലാം പ്രസംഗങ്ങളില്ക്കൂടിയാണ് നീങ്ങുന്നത്. ക്രിസ്തുവും മുഹമ്മദ്നബിയുമൊക്കെ. കൃഷ്ണന്‍നായരുടെ പുസ്തകം സോക്രട്ടീസില്‍ തുടങ്ങുന്നു. അരിസ്റ്റോട്ടിലും പ്ലേറ്റോയും തുടങ്ങി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വരെ എത്തുന്നു. ഇന്ത്യയിലെ കാര്യവും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.’
‘ഇവിടെ പഠിക്കാതെ പ്രസംഗിക്കുന്നവരാണധികം. അതെളുപ്പമാണ്. പഠിച്ചാല്‍ കുഴയും. സത്യം പറയാതെ കഴിക്കാമെങ്കില്‍ പ്രസംഗം കൂടുതല്‍ നന്നാകും. ഒട്ടും പഠിക്കാതെ പ്രസംഗിച്ചാല്‍ രാഷ്ട്രീയം കൂടുതല്‍ നന്നാകും. അഞ്ച് മിനിട്ടില്‍ പ്രസംഗം തയ്യാറാക്കണമെങ്കില്‍ രണ്ടാഴ്ചത്തെ ഒരുക്കം വേണമെന്ന് കേട്ടിട്ടില്ലേ. നേരേമറിച്ച് അര മണിക്കൂര്‍ പ്രസംഗിക്കാനാണെങ്കില്‍ ഒരാഴ്ചത്തെ തയ്യാറാകല്‍ മതി. രണ്ടു മണിക്കൂര്‍ പ്രസംഗിക്കണമെങ്കിലോ, ഒന്നും തയ്യാറാകേണ്ട. പ്രസക്തമായ കാര്യങ്ങള്‍ എത്ര ചുരുക്കിപ്പറയുന്നോ അതാണ് ഭംഗി. ഇന്ന് സമയമാണ് ഏറ്റവും വിലയേറിയ വസ്തു.
(ഞാന്‍ സ്വാതന്ത്ര്യദിനത്തില്‍ ലയണ്‍സ് ക്ളബ്ബിന്റെ മീറ്റിങ്ങിനു പോയി. മൂന്നുപേരെയാണ് പ്രസംഗത്തിനു വച്ചിരുന്നത്. സാധാരണഗതിയില്‍ റോട്ടറിയും ലയണ്‍സും ക്ളബ്ബുകള്‍ മുഖ്യാതിഥിക്ക് 20 മിനിറ്റാണു വയ്ക്കുക. ഞങ്ങളോടു സമയമൊന്നും പറഞ്ഞിരുന്നില്ല. മൂന്നു പേരുള്ളതുകൊണ്ട് 30 മിനിറ്റ് ഉണ്ടാവും എന്നു ഞാന്‍ കരുതി. എന്റെ പേര് മൂന്നാമതാണ്. ഒന്നാമത്തെ മാന്യന് പ്രസംഗിക്കാന്‍ തുടങ്ങി. വളരെ ത്യാഗം കഴിച്ചിട്ടുള്ള ദേഹമാണ്. വേണമെങ്കില്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ സംസാരിക്കാം. എങ്കിലും 10 മിനിട്ടില്‍ നിറുത്തുമെന്നു ഞാന്‍ വിചാരിച്ചു. അതിനപ്പുറത്തേക്കു കടന്നപ്പോള്‍, രണ്ടാമന് എന്നോടു പറഞ്ഞു, എന്തു കഷ്ടമാണ് ഇങ്ങനെ നീട്ടുന്നത്. ഇതൊന്നവസാനിപ്പിക്കാമോ? ഞാന്‍ പറഞ്ഞു: ‘ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല, അദ്ദേഹം എത്രയെങ്കിലും സമയമെടുക്കട്ടെ. ഇനി ചെയ്യാവുന്നത് നമുക്കു രണ്ടുപേര്‍ക്കും അയ്യഞ്ച് മിനിട്ടില്‍ തീര്‍ക്കാം.’ മിസ്റ്റര്‍ ടു എന്റെ നിര്‍ദ്ദേശം സ്വീകരിച്ചു. ഒന്നാമന്റെ പ്രസംഗം പതിനേഴു മിനിറ്റില്‍ തീര്‍ന്നു. രണ്ടാമന് 25 മിനിറ്റാണ് എടുത്തത്. യോഗത്തില്‍ പുരുഷന്മാരും സ്ത്രീകളും കൊച്ചുകുട്ടികളുമുണ്ട്. എന്റെ പ്രസംഗം അഞ്ചുമിനിട്ടില്‍ ഒതുക്കി. ഇനി ലയണ്‍സ് ക്ളബ്ബുകാര്‍ സ്വാതന്ത്ര്യസമരക്കാരെ പ്രസംഗിക്കാന്‍ ക്ഷണിക്കുമെന്നു തോന്നുന്നില്ല).
വര്‍ക്കല രാധാകൃഷ്ണന് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പ്രസംഗങ്ങളെപ്പറ്റി പറഞ്ഞു. ശ്യാമപ്രസാദമുഖര്ജിയും ശ്രീനിവാസ ശാസ്ത്രിയുമൊക്കെ പ്രസംഗകലയില്‍ എത്ര ഉയര്‍ന്നുനിന്നു എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. ഐക്യരാഷ്ട്രസഭയില്‍ പതിനൊന്നു മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച കൃഷ്ണമേനോനെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒപ്പം, സ്വാമി വിവേകാനന്ദന്റെ സുപ്രസിദ്ധമായ ചിക്കാഗോ പ്രസംഗവും.
ഇന്നു രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല, ബിസിനസ് എക്സിക്യൂട്ടീവു കള്‍ക്കും പ്രസംഗിക്കാതെ പറ്റില്ല. എല്ലാവര്ക്കും ഉതകുന്ന ഇത്ര നല്ല ഒരു ഗ്രന്ഥം രചിച്ച കൃഷ്ണന്‍നായരെ സ്പീക്കര്‍ അഭിനന്ദിച്ചു. ഈ ശാഖയില്‍ മലയാളം വളരെ ദരിദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
പേരെടുത്ത പ്രസംഗകനായ കെ. ജയകുമാറും (ഐ. എ. എസ്.) പത്രപ്രവര്‍ത്തകനായ പി.സി. സുകുമാരന്‍നായരും പ്രസംഗിച്ചു. ഐ. എം. ജി. ഡയറക്ടര്‍ കൂടിയായ ശ്രീമതി പത്മാരാമചന്ദ്രനാണ് അദ്ധ്യക്ഷത വഹിച്ചത്.
പ്രസംഗപീഠത്തില്‍ കയറുന്നവര്‍ക്കു കൂടുതല്‍ ഔചിത്യബോധം ഉണ്ടാകട്ടെ എന്ന ആശംസയോടെയാണ് ഗുപ്തന്നായര് ഈ പുസ്തക ത്തിന്റെ അവതാരിക അവസാനിപ്പിച്ചിട്ടുള്ളത്. പ്രസംഗകല പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമഗൈഡായിരിക്കും ‘പ്രസംഗകല’ എന്ന് എല്ലാ പ്രസംഗകരും പറയുകയുണ്ടായി.
ഒരത്ഭുതംകൂടി. എത്രയോ പുസ്തകപ്രകാശനയോഗങ്ങള് ഞാന്‍ നടത്തിയിട്ടുണ്ട്. എത്രയോ യോഗങ്ങളില്‍ കേള്‍വിക്കാരനായി സംബന്ധിച്ചിട്ടുണ്ട്. ഇത്രയേറെ ആളുകള്‍ സംബന്ധിച്ച ഒരു പുസ്തകപ്രകാശന യോഗം ഇതിനു മുമ്പ് തിരുവനന്തപുരത്തു നടന്നിട്ടില്ല.