(‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും) ഡിസംബര്‍ 1989
ചൊവ്വാഴ്ച (ഡിസംബര്‍ 19) തിരുവനന്തപുരത്ത് പരിപാടി വച്ചിരുന്നു. ഒരു പുസ്തകപ്രകാശനം. പേര് ‘കഴുമരച്ചോട്ടില്നിന്ന്’. പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിന്റെ ആത്മകഥ. വിവര്ത്തകന് ഡോ.നന്ദിയോട് രാമചന്ദ്രന്. ഗാന്ധിജി അക്രമരാഹിത്യസിദ്ധാന്തത്തിലൂടെ സ്വാതന്ത്ര്യസമരം നയിച്ചെങ്കില്‍ മറുവശത്ത് വിപ്ലവപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ നേതാക്കളും നമുക്കുണ്ട്. അവരില്‍ ഭഗത്സിങ്, ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ ഇവരെ എല്ലാവര്ക്കും അറിയാം.
24-ാം വയസ്സില്‍ (1931) ഭഗത്സിംഗിനെ തൂക്കിക്കൊന്നു. കൂട്ടുകാരും രക്ഷപ്പെട്ടില്ല. ബിസ്മില്‍ ഇവരെക്കാള്മുമ്പ് തൂക്കിലേറ്റപ്പെട്ടു, 1927 ഡിസംബര്‍ 19-ന് (ഈ സംഭവത്തിന്റെ 62-ാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച). ഗോരഖ്പൂരിലെ കൊലയറയിലിരുന്നുകൊണ്ട് മരണത്തിനു മൂന്നു ദിവസം മുമ്പ് ഡിസം.16-ന് ബിസ്മില്‍ ഇങ്ങനെ എഴുതി: ഇന്ന് 1927 ഡിസംബര്‍ പതിനാറാം തീയതി ഞാന്‍ ഈ വരികള്‍ എഴുതുന്നു. ഡിസംബര്‍ പത്തൊമ്പതാം തീയതി തിങ്കളാഴ്ച രാവിലെ ആറരമണിക്ക് എന്റെ ശരീരം തൂക്കിലിടും. എന്റെ ഈ അവസാനവാക്കുകള്‍ എഴുതി നാട്ടുകാര്‍ക്കു സമര്‍പ്പിക്കാന്‍ ഇവിടെ സൗകര്യം ലഭിച്ചു.
ഫുള്‍സ്കാപ്പ് കടലാസില്‍ പെന്‍സില്‍കൊണ്ടെഴുതിയ ഈ ആത്മകഥ, ഒരു ജയിലറുടെ സഹായത്തോടെ മൂന്നു തവണയായി പുറത്തെത്തിച്ചു. അത് പല കൈമറിഞ്ഞ് പുസ്തകമായി. ബ്രിട്ടീഷ്ഗവണ്മെന്റിന്റെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ ഒന്നാം പതിപ്പ് വിറ്റുകഴിഞ്ഞിരുന്നു. എങ്കിലും പുസ്തകം നിരോധിക്കപ്പെട്ടു.പരിഭാഷ നിര്‍വഹിച്ച ഡോ.രാമചന്ദ്രന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഗവേഷണം നടത്തിവരികയാണ്. അദ്ദേഹത്തിന്റെ പിതാവ് നന്ദിയോട് കുഞ്ഞുകൃഷ്ണന്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു എന്നുകൂടി അറിയുക. കഴുമരച്ചോട്ടില്നിന്ന് (മലയാളപരിഭാഷ) ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് മന്ത്രി കെ.പങ്കജാക്ഷന് പ്രകാശിപ്പിച്ചു.