( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും )
ഉച്ചകഴിഞ്ഞ് എറണാകുളത്ത് ‘സഹോദരന് കെ. അയ്യപ്പന്’ എന്ന പുസ്തകത്തിന്റെ പ്രകാശനം. ഗ്രന്ഥകര്‍ത്താവ് പ്രൊഫ. എം. കെ. സാനു. 1980-ല്‍ പുറത്തുവന്ന ജീവചരിത്രത്തിന്റെ പരിഷ്കരിച്ച പതിപ്പ്. പ്രകാശനം നിര്‍വ്വഹിച്ചത് ജസ്റ്റിസ് കെ. സുകുമാരന്‍. അദ്ധ്യക്ഷത വഹിച്ചത് ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറികൂടിയായ എം. കെ. രാഘവനും. സഹോദരന്റെ ഏക പുത്രി ഐഷാഗോപാലകൃഷ്ണനാണ്, ആദ്യത്തെ കോപ്പി സ്വീകരിച്ചത്. സി. രാധാകൃഷ്ണനും പ്രൊഫ.കെ.ഭാരതി(പ്രിന്‍സിപ്പല്‍, മഹാരാജാസ് കോളേജ്)യും പ്രസംഗിച്ചു. ശ്രീനാരായണ സേവാ സംഘമാണ് യോഗം സംഘടിപ്പിച്ചത്. ഭാരത് ടൂറിസ്റ്റ്ഹോം ആഡിറ്റോറിയം.
കേസരിയുടെ കാര്യത്തിലെന്നപോലെ സഹോദരന്റെയും ജന്മശതാബ്ദി വര്‍ഷമാണ് 1989. കേസരിയുടെ ജന്മദിനം ഏപ്രില്‍ 13 ആയിരുന്നു. സഹോദരന്റേത് ആഗസ്റ്റ് 22ഉം. ഒരു കാര്യംകൂടി ഇവിടെ കുറിക്കട്ടെ: ഈ നൂറ്റാണ്ടില്‍ ജീവിച്ച മൂന്നു മഹാന്മാരാണ്, അല്ലെങ്കില്‍ മഹാന്മാരായ പത്രാധിപന്മാരാണ്, അവരുടെ പത്രത്തിന്റെ പേരും സ്വന്തം പേരും ഒന്നുതന്നെയാക്കി മാറ്റിയത്–സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, സഹോദരന് അയ്യപ്പന്. ഇവര്‍ പേര് മാറ്റിയെടുത്തു എന്നു പറയുന്നതിനെക്കാള്‍ ശരി, ജനം അങ്ങനെ മാറ്റി എന്നു പറയുന്നതാവും.
കേസരി, പ്രധാനമായും ബുദ്ധിജീവികളുടെ മനസ്സിലാണ് ജീവിക്കുന്നതെങ്കില്‍, സഹോദരന്, ബുദ്ധിജീവികള്‍ക്കൊപ്പം സാധാരണക്കാരുടെയും ആളായി മാറി. ആധുനിക കേരളത്തിന്റെ ശില്പികളില് സഹോദരന്റെ പങ്ക് വലുതാണ്. ശതാബ്ദിവര്‍ഷത്തിന്റെ ആരംഭംമുതല്‍ തന്നെ കേരളത്തിന്റെ മുക്കിലും മൂലയിലും അനുസ്മരണയോഗങ്ങളും മറ്റും നടന്നുവരുന്നു. ആഗസ്റ്റില്‍ അത് മൂര്‍ദ്ധന്യത്തിലെത്തുകയും ചെയ്യും.
സാധാരണക്കാരുടെ ഇടയില്‍ അള്ളിപ്പിടിച്ചിരുന്ന അനാചാരങ്ങളെ തൂത്തെറിയുന്നതില്‍ സഹോദരന് വഹിച്ച പങ്ക് എന്താണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാമെന്നു അദ്ധ്യക്ഷന്‍ പ്രസ്താവിച്ചു.
ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെപ്പറ്റിത്തന്നെ ആലോചിക്കുക. അസഭ്യവര്ഷംകൊണ്ടു ദേവനെയും ദേവിയെയും ആരാധിക്കുന്ന വൃത്തികെട്ട ഏര്‍പ്പാടിനെതിരെ സഹോദരന് സമരം ചെയ്തു. അദ്ദേഹം യുക്തിവാദിയുമായിരുന്നു. തെറിപ്പാട്ടുപാടി ആരാധന നടത്തുന്നതു യുക്തിവിരുദ്ധമാണെന്ന് അയ്യപ്പന് ജനങ്ങളെ മനസ്സിലാക്കി. നമ്മള് ദേശീയ ഐക്യത്തെപ്പറ്റി പ്രസംഗിക്കുന്നു. 40 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ജനങ്ങളെ സാക്ഷരരാക്കാന്കൂടി നമുക്കു കഴിഞ്ഞിട്ടില്ല. ജാതി ഇല്ലാതാക്കാനുള്ള ശ്രമവും ഒരിടത്തും എത്തിയിട്ടില്ല.
മന്നത്ത്പത്മനാഭന് വാലുമുറിച്ചു മാറ്റിനോക്കി. എന്നിട്ടോ? മിശ്ര വിവാഹത്തെപ്പറ്റി സഹോദരന് ഉപദേശിച്ചു. മിശ്രഭോജനത്തിനു മുന്‍കൈ എടുത്തു. സഹോദരന് ബഹുമുഖപ്രതിഭയായിരുന്നു എന്ന് ജസ്റ്റിസ് സുകുമാരന്‍ ചൂണ്ടിക്കാട്ടി. അതിലൊന്നു മാത്രമാണ് യുക്തിവാദമെന്നു യുക്തിവാദി എം. സി. ജോസഫ് പറഞ്ഞിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ക്കു സഹോദരന് വലിയസ്ഥാനം നല്കി. സാനുവിന്റെ ഈ പുസ്തകം അനര്‍ഘമായ ഒരു കൃതിയാണെന്ന് ജസ്റ്റിസ് സുകുമാരന്‍ പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇതിലുണ്ട്.