( കാലത്തിന്റെ നാള്‍വഴിയില്‍ നിന്ന് ) 26.6.’96
ഒരു പുസ്തകപ്രകാശനത്തെപ്പറ്റിയാണ്, ഇന്നു പ്രധാനമായും പറയുന്നത്. ദിവസവും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രകാശിപ്പിക്കുന്നുണ്ടല്ലോ. വെറും സാധാരണ സംഭവമല്ലേ അതൊക്കെ. നിങ്ങള്‍ ഇങ്ങനെ ചോദിച്ചെന്നുവരും. ഇല്ലെങ്കില്‍ ചിന്തിച്ചെന്നുവരും.
പക്ഷേ, ഇന്ന് ഇവിടെ പറയുന്ന പുസ്തകം സാധാരണ പുസ്തകമല്ല. ഗ്രന്ഥകാരനും സാധാരണക്കാരനല്ല. ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്, ഗ്രന്ഥകാരന്. ‘ഇ.എം.എസ്സിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ 1935-1995’ എന്നാണ് പുസ്തകത്തിന്റെ പേര്. ഇ.എം.എസ്. കഴിഞ്ഞ അറുപതുവര്‍ഷത്തിനിടയില്‍ ചെയ്ത കണക്കില്ലാത്ത പ്രസംഗങ്ങളില്‍നിന്നു തിരഞ്ഞെടുത്തവയാണ്, ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
‘കോണ്‍ഗ്രസ്സിന്റെ ഇരട്ടമുഖം’ ആണ്, ഒന്നാമത്തേത്. 1935-ല്‍ ഒറ്റപ്പാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചെയ്ത സ്വാഗതപ്രസംഗമാണത് (ഇ.എം.എസ്. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്നു എന്ന കാര്യം ഓര്‍മ്മിക്കുക). അടുത്തത് ‘നമ്പൂതിരി മനുഷ്യനാകാന്‍’ എന്ന പ്രസംഗം നമ്പൂതിരിയോഗക്ഷേമസഭയില് ചെയ്ത അധ്യക്ഷപ്രസംഗമത്രെ. മറ്റൊരു പ്രസംഗം ‘ഇന്ത്യന്‍ ഭരണഘടനയും സോഷ്യലിസവുമാണ്’. പൂനയില്‍ നടത്തിയ ഗോഖലെ സ്മാരകപ്രസംഗം നയപ്രഖ്യാപനം എന്നത്, 1957 ഏപ്രില്‍ 5-ന് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിലെ പ്രസംഗമാകുന്നു. ഇന്ത്യന്‍ തത്ത്വചിന്തയും ഗാന്ധിജിയുടെ പ്രസക്തിയുമാണു മറ്റുരണ്ടു വിഷയങ്ങള്‍. വിവേകാനന്ദ ദര്ശനത്തെപ്പറ്റിയുള്ളതാണ് ഒടുവിലത്തെ പ്രസംഗം. ഇടയ്ക്കു പലതും ഞാന്‍ വിട്ടുകളഞ്ഞു, സ്ഥലപരിമിതിമൂലം.
പുസ്തകപ്രകാശനയോഗത്തെപ്പറ്റി കൂടി രണ്ടു വാക്ക്. സാധാരണഗതിയിലുള്ള പുസ്തകപ്രകാശനമായിരുന്നില്ല തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന് ഹാളില്‍ ജൂണ്‍ 22-ാം തീയതി വൈകിട്ടു നടന്നത്. ഈ യോഗം കഴിഞ്ഞ 13-ന് നടക്കേണ്ടതായിരുന്നു, ഇ.എം.എസ്സിന്റെ 87-ാം ജന്മദിനത്തില്. അന്ന് ഗ്രന്ഥം, ഗ്രന്ഥകാരനു സമര്‍പ്പിക്കാനാണു വച്ചിരുന്നത്. 22-നും അതുതന്നെ നടന്നു. മുഖ്യമന്ത്രി നായനാരാണ്, ഇ.എം.എസ്സിനു പുസ്തകം സമര്‍പ്പിച്ചത്. ചടങ്ങില്‍ ഒ.എന്‍.വി. കുറുപ്പ് അധ്യക്ഷനായിരുന്നു. ഐ. വി. ദാസ് പ്രസംഗിച്ചു. ഞാന്‍ സ്വാഗതവും എഡിറ്റര്‍ സി. ഭാസ്കരന് നന്ദിയും പറഞ്ഞു.
നായനാരുടെ സുദീര്‍ഘമായ പ്രസംഗവും ഇ.എം.എസ്സിന്റെ ഹ്രസ്വമായ പ്രസംഗവും സദസ്യര്‍ ഒരുപോലെ ആസ്വദിച്ചു. തന്റെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും സംഭവിച്ചിട്ടുള്ള കുറ്റങ്ങളും കുറവുകളും കാണുന്നതിനും വീണ്ടുവിചാരം നടത്തുന്നതിനും ഈ പ്രസംഗസമാഹാരം അവസരം നല്കുന്നു എന്ന് ഇ.എം.എസ്. പ്രസ്താവിച്ചു. തന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിനു ഡി.സി. ബുക്സിനു നന്ദിപറഞ്ഞുകൊണ്ടാണ്, ഇ.എം.എസ്. പ്രസംഗമാരംഭിച്ചത്. ”1944-ല്‍ നമ്പൂതിരിയോഗക്ഷേമസഭയില് ഞാന്‍ ചെയ്ത പ്രസംഗത്തെപ്പറ്റി ആമുഖത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അന്നു ഞാന്‍ ചെയ്തത് വലിയ തെറ്റായിരുന്നു. ഇങ്ങനെയുള്ള തെറ്റുതിരുത്തല്‍ ഒരു പ്രക്രിയയാണ്. ജീവിക്കുന്ന മനുഷ്യന്, പ്രവര്‍ത്തിക്കുന്ന മനുഷ്യന്, ശരി മാത്രമല്ല തെറ്റും ചെയ്യുന്നു. തെറ്റ് കഴിയുന്നതും വേഗം കണ്ടുപിടിച്ചു തിരുത്തുകയാണു മനുഷ്യന്റെ കടമ. തെറ്റ് ചെയ്യാത്തവന് പ്രവര്‍ത്തിക്കുന്നില്ല. തെറ്റ് തിരുത്തി മുന്നോട്ടു പോകയാണു വേണ്ടത്.” ഇ.എം.എസ്. പറഞ്ഞു.
ഇ.എം.എസ്സിന്റെ എഴുത്തിന്റെ അടിസ്ഥാനം മാര്‍ക്സിസം ലെനിനിസമായതിനാലാണ് അത് നിരന്തരം തുടരാന്‍ കഴിയുന്നതെന്നു മുഖ്യമന്ത്രി നായനാര്‍ പ്രസ്താവിച്ചു. ഇന്നിവിടെ പ്രകാശിപ്പിക്കുന്ന ഗ്രന്ഥം കേരളചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണെന്ന് നായനാര്‍ ചൂണ്ടിക്കാണിച്ചു. ഇ.എം.എസ്സിന്റെ പ്രസംഗം 1935 മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയവനാണ് താനെന്നു മുഖ്യമന്ത്രി ഓര്‍മ്മിച്ചു. ഇ.എം.എസ്സിന്റെ അന്നത്തെ വിക്കിനെപ്പറ്റി പ്രസംഗിച്ചപ്പോള്‍ നായനാര്‍ കൂടുതല്‍ വാചാലനായി ”അന്ന് ഇ.എം.എസ്സിനു വിക്ക് വളരെ കൂടുതലായിരുന്നു. ഒരുവാക്ക് പറഞ്ഞ് മൂന്നുമിനിറ്റ് കഴിഞ്ഞാവും പിന്നത്തെ വാക്കു പുറത്തുവരിക. ഇന്നത് എങ്ങനെ മാറി എന്നറിയില്ല.”