( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) സെപ്തംബര്‍, 1982
എന്റെയും നിങ്ങളുടെയും പ്രിയപ്പെട്ട എസ്.കെ. ആഗസ്റ്റ് 6-ാം തീയതി നമ്മെ വിട്ടുപിരിഞ്ഞു. ആഗസ്റ്റ് 6 ലോകചരിത്രത്തിലെ ഒരു ദുര്‍ദിനമാണ്. ഹിരോഷിമയിലെ ദുരന്തം (1945) അന്നാണ് സംഭവിച്ചത്. ലോകത്തിന്റെ ആ ദുര്‍ദിനം കൈരളിക്കും ദുര്‍ദിനമായി. 1981 ജൂണ്‍ 7 ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ്ബില്‍ ഒരു കല്യാണം പ്രമാണിച്ചുള്ള ചായസല്ക്കാരത്തിനകത്താണു ഞാന്‍. കുറെ ദൂരെ ഇരുന്നിരുന്ന ബാബുപോള്‍ എന്റെ അടുത്തേക്കു വേഗത്തില്‍ നടന്നുവരുന്നതു കണ്ടു. എന്റെ ചെവിയില്‍ അദ്ദേഹം മന്ത്രിച്ചു: ‘ജ്ഞാനപീഠം എസ്.കെ. പൊറ്റെക്കാട്ടിന് ‘ഒരു ദേശത്തിന്റെ കഥയ്ക്ക്.’ സന്തോഷംകൊണ്ടു പിന്നെ ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല. പുറത്തുവന്ന് കോഴിക്കോട്ടിനു വിളിച്ചു.
എസ്.കെ.യുമായി സന്തോഷം പങ്കിട്ടാലേ ഒരു സുഖം കിട്ടൂ. പക്ഷേ, ഫോണ്‍ എന്നെ അനുഗ്രഹിച്ചില്ല. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍, പൊറ്റെക്കാട്ടിന്റെ പത്നി ജയവല്ലി പറഞ്ഞ കാര്യം ഞാനോര്‍ത്തു: ‘നിങ്ങള്‍ക്ക് ഇതിലും വലിയ അവാര്‍ഡ് ലഭിക്കും.’
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 6-നാണ്, കറന്റ് ബുക്സിന്റെ കോഴിക്കോട് പുതിയ ശാഖ എസ്. കെ. ഉദ്ഘാടനം ചെയ്തത്. സമയത്ത് അതിനു വരത്തക്കവിധം ചന്ദ്രകാന്തത്തിലേക്ക് ഒരു കാറയയ്ക്കാന് ഞാന്‍ ശ്രമിച്ചു. എസ്. കെ. സമ്മതിച്ചില്ല. ഒരു ഓട്ടോറിക്ഷായില്‍ സമയത്തിന് അരമണിക്കൂര്‍മുമ്പ് അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നു. ജ്ഞാനപീഠം അവാര്ഡിനെത്തുടര്ന്ന്, ദിവസം നാലഞ്ചു സ്വീകരണങ്ങള്‍ നടക്കുന്ന ദിവസങ്ങളായിരുന്നു അത്.
ആഗസ്റ്റ് 12-ാം തീയതി രാത്രിയിലാണ് ഞാന്‍ ഈ വരികള്‍ എഴുതുന്നത്. എസ്.കെ.യുടെ ചിത്രമുള്ള നിരവധി പത്രങ്ങള്‍ എന്റെ മേശപ്പുറത്തു കിടക്കുന്നു. അവയൊന്നും എന്നെ ആകര്‍ഷിക്കുന്നില്ല. അദ്ദേഹം ആ ചിരിയുമായി എന്റെ മുറിയിലെവിടെയോ നില്‍ക്കുന്നുവെന്ന് എനിക്കു തോന്നുന്നു.കഴിഞ്ഞ വര്‍ഷം കോട്ടയത്തെ ഒരു സ്വീകരണം കഴിഞ്ഞ്, രാത്രി എന്റെ കൂടെയാണ് എസ്. കെ. താമസിച്ചത്. ഈ മുറിയിലിരുന്ന് എത്രനേരം ഞങ്ങള്‍ സംസാരിച്ചു. തന്റെ പുസ്തകങ്ങളില്‍നിന്നു കിട്ടുന്ന റോയല്‍റ്റി ഉപയോഗിച്ച് ഒരു ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ആദ്യമായി ആലോചിച്ചത് ഈ മുറിയില്‍വച്ചാണ്. ജ്ഞാനപീഠത്തെത്തുടര്ന്നുണ്ടായ സ്വീകരണങ്ങള്‍ ഒരു സാധാരണക്കാരനെ ഉലച്ചുകളയുന്ന വിധമായിരുന്നു.
ഇങ്ങനെ മൂന്നുനാലു മാസം കടന്നുപോയ ഒരു ദിവസം ഞാന്‍ എസ്. കെ.യെ ഫോണ്‍ചെയ്തു: ‘ഇനി ഈ ഏര്‍പ്പാടു നിര്‍ത്തണം. എവിടെയെങ്കിലും അണ്ടര്‍ഗ്രൗണ്ടില്‍ പോയിരുന്ന് ആ നോവല്‍ (നോര്‍ത്ത് അവന്യൂ) പൂര്‍ത്തിയാക്കൂ.’ പക്ഷേ, നല്ലവനായ എസ്. കെ.യ്ക്ക് അതിനു കഴിഞ്ഞില്ല. തന്നെ സ്നേഹിക്കുന്നവരെ താനും സ്നേഹിക്കേണ്ടേ? ജ്ഞാനപീഠം കിട്ടിയിട്ടു പതിന്നാലു മാസം കഴിഞ്ഞാണ് അദ്ദേഹം മരിച്ചത്. ഇക്കാലത്തിനിടയില്‍ ആയിരം സ്വീകരണങ്ങളിലെങ്കിലും പങ്കെടുക്കേണ്ടിവന്നിട്ടുണ്ട്. അരനൂറ്റാണ്ടുകാലം കൈരളിയെ കടാക്ഷിച്ച ആ സാഹിത്യചക്രവര്‍ത്തി, തൊട്ടതിനെയൊക്കെ പൊന്നാക്കി മാറ്റാന്‍ കഴിഞ്ഞ ആ മായാജാലക്കാരന് എവിടെയോ മറഞ്ഞുനിന്നു നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും. എങ്കിലും നമുക്കു കരയാനേ കഴിയൂ.