ക്ഷണക്കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. ‘മലയാളഭാഷയ്ക്കും സാഹിത്യത്തിനും സമഗ്രസംഭാവനകള്‍ നല്കിയ പ്രതിഭാശാലികളെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരം ഏര്‍പ്പെടുത്തിയ വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. തലമുറകള്‍ക്ക് ഗുരുസ്ഥാനീയനായ ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ളയാണ് പ്രഥമ പുരസ്കാരത്തിന് അര്‍ഹനായത്.’
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ജൂണ്‍ 25, 1994
ഇന്നലെ (ജൂണ്‍ 24 വെള്ളി) രാവിലെ ഞാന്‍ തിരുവനന്തപുരത്ത് എത്തിയത്, പ്രധാനമായും എന്‍.ബി.ടി.യുടെ പുസ്തകോത്സവം സംബന്ധിച്ചുണ്ടാക്കിയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാനാണ്. പതിനൊന്നുമണിക്ക് കറന്റ് ബുക്സില്‍ പെന്ഗ്വിന് പുസ്തകങ്ങളുടെ ഒരു പ്രദര്‍ശനം എം. കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തതില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു. ഡര്‍ബാര്‍ഹാളില്‍ ശൂരനാട് കുഞ്ഞന്പിള്ളസാറിന് എഴുത്തച്ഛന് അവാര്‍ഡ് നല്കുന്ന ചടങ്ങ് നടക്കുന്നു എന്ന്. സമയം 11 തന്നെ. ഇതറിയുമ്പോള്‍ 11 കഴിഞ്ഞ് രണ്ട് മൂന്ന് മിനിട്ട് കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയാണ് അവാര്ഡ്നല്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസമായി. കൃത്യസമയത്ത് എത്തുന്ന ഒരു പാരമ്പര്യം അദ്ദേഹത്തിനില്ലല്ലോ. എങ്കിലും ഞാനും രണ്ട് സുഹൃത്തുക്കളും കൂടി അല്പം ധൃതിയില്‍ സെക്രട്ടേറിയറ്റിലേക്ക് നടന്നു. പിന്നെയും പത്തുപതിനഞ്ച് മിനിറ്റു കഴിഞ്ഞാണ് മുഖ്യമന്ത്രി വന്നത്. ഡര്‍ബാര്‍ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പെട്ടെന്നാണ്, പരിപാടി വച്ചത്. കുറെപ്പേരെ ഫോണിലറിയിച്ചു.
ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന്‍നായര്‍ തന്റെ പേരുവച്ചാണ് ക്ഷണക്കത്ത് അച്ചടിച്ചിട്ടുള്ളത്. അതും ചിലര്‍ക്കൊക്കെ കിട്ടിയിരിക്കും. ക്ഷണക്കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. ‘മലയാളഭാഷയ്ക്കും സാഹിത്യത്തിനും സമഗ്രസംഭാവനകള്‍ നല്കിയ പ്രതിഭാശാലികളെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരം ഏര്‍പ്പെടുത്തിയ വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. തലമുറകള്‍ക്ക് ഗുരുസ്ഥാനീയനായ ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ളയാണ് പ്രഥമ പുരസ്കാരത്തിന് അര്‍ഹനായത്.’ ഇതിന്റെ കൂടെ സാംസ്കാരിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ.ജയകുമാറിന്റെ ഒരു കുറിപ്പും വച്ചിട്ടുണ്ട് ”കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ളയ്ക്ക്…’ ഇങ്ങന പോകുന്നു കുറിപ്പ്.
സാംസ്കാരികമന്ത്രി ജേക്കബ് അധ്യക്ഷനായിരുന്നു. പ്രസംഗം ഡോ.കെ.എം.ജോര്‍ജിന്റേതും. അവാര്‍ഡ് നിര്ണ്ണയക്കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ജോര്‍ജ്. മറ്റംഗങ്ങള്‍, അയ്യപ്പപ്പണിക്കര്‍, കെ.അശോകന്, ബാബുപോള്‍, കെ.എം.തരകന് എന്നിവരും. ബാബുപോളിന്റെ സ്വാഗതപ്രസംഗത്തില്‍, കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. സാധാരണ അവാര്ഡുകളെപ്പറ്റി പരാതി പതിവാണ്. ഇതേപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ല. ബാബു ഇങ്ങനെ തുടര്‍ന്നു: ”ഡര്‍ബാര്‍ ഹാളില്‍ എത്തിയപ്പോള്‍ എനിക്കൊരു സംശയം. ഈ ഡര്‍ബാര്‍ ഹാളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ അവസാന ഡര്‍ബാര്‍ സമ്മേളിച്ചത് എന്നാണ്? സംശയം ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ചീഫ് സെക്രട്ടറിയുടെ മറുപടി, കുഞ്ഞന്‍പിള്ള സാറിനോട് ചോദിക്കാനായിരുന്നു.” (എങ്കിലും ബാബുപോള്‍ ആ ചോദ്യം ചോദിച്ചില്ല. അതുകൊണ്ട് മറുപടിയും ലഭിക്കാനിടയില്ല. പക്ഷേ, വായനക്കാര്‍ക്കുവേണ്ടി അതിവിടെ കുറിക്കാം. 1931 നവംബര്‍ ആറ്. ഞാന്‍ ആദ്യമായി തിരുവനന്തപുരം സന്ദര്‍ശിച്ചത് അന്നാണ്.)
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ദത്തന് രൂപകല്പന ചെയ്ത ശില്പവും അടങ്ങിയതായിരുന്നു പുരസ്കാരം. ബാങ്ക് ഡ്രാഫ്റ്റിനു പകരം ട്രഷറിയുടെ പാസ്ബുക്കാണ് നല്കപ്പെട്ടത്. മുഖ്യമന്ത്രി കരുണാകരന്റെ പ്രസംഗം ഹ്രസ്വമായിരുന്നു; ഒപ്പം ഹൃദ്യവും. ‘കുഞ്ഞന്പിള്ളസാറിന് ഈ പുരസ്കാരം നല്കാന് പറ്റിയ ആളിനെ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ വളരെ പരതി. പക്ഷേ, വിജയിച്ചില്ല. അങ്ങനെയാണ് ഞാനിതിന് നിയോഗിക്കപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയായി ഞാന്‍ ഈ പുരസ്കാരം സമ്മാനിക്കുന്നു.” ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നേരെ വരികയായതുകൊണ്ട് തനിക്ക് ഇതിന് സ്വല്‍പ്പമൊക്കെ യോഗ്യത കിട്ടിയിട്ടുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാളസാഹിത്യത്തിന്റെ 800 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള കവി എഴുത്തച്ഛനാണെന്ന് ജോര്‍ജ് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഈ പുരസ്കാരം ലഭിക്കാന്‍ കുഞ്ഞന്പിള്ളയേക്കാള് അര്‍ഹതയുള്ള മറ്റാരും ഇന്ന് മലയാളത്തില്‍ ജീവിച്ചിരിക്കുന്നില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
ശൂരനാടന്റെ മറുപടിപ്രസംഗത്തില്‍ തനിക്ക് പുരസ്കാരം ലഭിച്ചതിനേക്കാള്‍ സന്തോഷം, അത് എഴുത്തച്ഛന്റെ പേരിലുള്ളതാണെന്ന കാര്യത്തിലാണെന്ന് പറയുകയുണ്ടായി. സാമാന്യം നീണ്ട പ്രസംഗം അവസാനിപ്പിച്ചത് ഹരിനാമകീര്‍ത്തനത്തിലെ നാലുവരി ഉദ്ധരിച്ചുകൊണ്ടാണ്.
ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമഃ
ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കവിയാണ് എഴുത്തച്ഛനെന്ന് അദ്ദേഹം പറഞ്ഞു. ഈ നാലുവരിക്കപ്പുറം എന്തെങ്കിലും ലോകത്ത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും കുഞ്ഞന്‍പിള്ള സാര്‍ ചോദിച്ചു. എന്റെ അടുത്തിരുന്ന സാഹിത്യകാരനായിരുന്ന സുഹൃത്ത് എന്നോടു രഹസ്യമായി പറഞ്ഞത്, ഈ വരികള്‍ നമ്മുടെ മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് എഴുതിയതാണത്രെ. ചീഫ് സെക്രട്ടറി രാമചന്ദ്രന്‍നായര്‍ പ്രശസ്തിപത്രം വായിക്കുകയും ചെയ്തു.
നവംബർ 30, 1997
കേരളത്തിലെ ഏറ്റവും മികച്ച സാഹിത്യപുരസ്കാരമായ ‘എഴുത്തച്ഛന് അവാര്‍ഡും’ കോട്ടയത്തിനുതന്നെ ലഭിച്ചു. കോട്ടയത്തിനടുത്തുള്ള പാമ്പാടിയിലാണ് പൊന്‍കുന്നം വര്‍ക്കിയുടെ വീട്. ഇപ്രാവശ്യത്തെ എഴുത്തച്ഛന് പുരസ്കാരം പതിവുപോലെ നവംബര്‍ ഒന്നാം തീയതി പ്രഖ്യാപിച്ചു (മുന്‍പ് ഈ അവാര്‍ഡ് ശൂരനാട്ട് കുഞ്ഞന്‍പിള്ള, തകഴി ശിവശങ്കരപ്പിള്ള, ബാലാമണിഅമ്മ, കെ.എം. ജോര്‍ജ് എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്). സാംസ്കാരികവകുപ്പുമന്ത്രി രാമകൃഷ്ണന് നേരിട്ട് വീട്ടിലെത്തി അവാര്‍ഡ് തീരുമാനം അറിയിക്കുകയും ചെയ്തു. ബാബുപോളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ് പൊന്‍കുന്നം വര്‍ക്കിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
1910 ജൂണ്‍ 30-നു ജനിച്ച വര്‍ക്കി എണ്പത്തൊമ്പതുകാരനാണെന്നു പറഞ്ഞാല്‍ അതിലെന്തോ ‘കണക്കിലെ കളികള്‍’ ഉണ്ടെന്നേ പറയാനാവൂ. അദ്ദേഹത്തിന് ഒരു നിര്ബന്ധംകൂടിയുണ്ട്: ‘പുരസ്കാരം സ്വീകരിക്കാം. പക്ഷേ, വീട്ടിലെത്തിച്ചേരണം.’ സര്‍ക്കാര്‍ പറയുന്നത് പതിവുപോലെ സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളിലാവണം ചടങ്ങെന്നാണ്. പറഞ്ഞതല്ല, പറയാവുന്നത്. രാജ്യവാഴ്ചയ്ക്കും വിദേശാധിപത്യത്തിനുമെതിരായി വര്‍ക്കി രചിച്ച ഏതാനും ചെറുകഥകളുടെ പേരില്‍ 1946-’47 കാലത്ത് അദ്ദേഹത്തിന് ആറുമാസത്തെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. അദ്ധ്യാപകനായിരുന്ന, കഥാകാരന് ഉദ്യോഗവും നഷ്ടപ്പെട്ടു. ഇന്ന് മാസം 4500 ക. പെന്ഷന് ലഭിക്കുന്ന സ്വാതന്ത്ര്യസമരനായകനാണ്, പൊന്‍കുന്നം വര്‍ക്കി. പ്രസിദ്ധമായ തിരുമുല്ക്കാഴ്ച (1939) തുടങ്ങി അമ്പതോളം കൃതികളുടെ കര്‍ത്താവ്; 23 ചെറുകഥാസമാഹാരവും 19 നാടകങ്ങളും ഉള്‍പ്പെടെ. പക്ഷേ, നോവല്‍ ഒന്നുമില്ല. എങ്കിലും നോവലിസ്റ്റ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
നവംബര്‍ 5-ന് കോട്ടയം പ്രസ്ക്ലബ്ബ് പൊന്‍കുന്നം വര്‍ക്കിക്ക് ഒരു സ്വീകരണം നല്കുകയുണ്ടായി. ക്ലബ്ബിനുവേണ്ടി പൊന്നാട അണിയിച്ചത് ഞാനാണ്. വര്‍ക്കിസാര്‍ 1956-ല്‍ എഴുതിത്തുടങ്ങിയ നോവല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നു ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞു. മറുപടിപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ”90 ദിവസത്തിനകം എന്റെ നോവല്‍ നിങ്ങളുടെ മുന്പില് സമര്‍പ്പിക്കും.” ചെറുകഥയില്‍ അദ്ദേഹത്തിന് ഇന്ത്യയ്ക്കപ്പുറത്ത് ബഹുമാന്യസ്ഥാനമുണ്ടെന്നു ഞാന്‍ ചൂണ്ടിക്കാണിക്കയുണ്ടായി. അരുന്ധതിറോയിയുടെ പുസ്തകത്തെപ്പറ്റി പറഞ്ഞ കൂട്ടത്തില്‍ ജീവിച്ചിരിക്കുന്നവരെ കഥാപാത്രമാക്കുന്നതില്‍ തെറ്റില്ലെന്ന് ഇദ്ദേഹം പറഞ്ഞു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്കി. ”തിരഞ്ഞെടുപ്പ് നടത്തി യോഗ്യനായ ഒരു പ്രസിഡണ്ടിനെ സംഘം ഏല്പിച്ചുകൊടുക്കട്ടെ. കഴിവുള്ള ഒരു സെക്രട്ടറിയും വേണം. സംഘം നന്നാകും.”