( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ആഗസ്റ്റ് 24,1986
പഴയ കഥ വിട്ടിട്ടു 39-ാം സ്വാതന്ത്ര്യദിനത്തിലേക്കുതന്നെ വരട്ടെ, രാവിലെ റെഡ്ഫോര്‍ട്ടില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രസംഗം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്തുമെന്ന് അസന്ദിഗ്ദ്ധമായ ഭാഷയില്‍ പ്രധാനമന്ത്രി പറയുന്നു. ജനറല്‍ വൈദ്യയുടെ വധം കഴിഞ്ഞിട്ട് അഞ്ചുദിവസമേ ആയിട്ടുള്ളൂ അന്ന്. എങ്കിലും നമുക്ക് പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ ശ്രമിക്കാം.
സ്വാതന്ത്ര്യദിനത്തില്‍ പഞ്ചാബില്‍ എന്തെല്ലാമാണു നടന്നത്! ജാലിയന്‍ വാലാ കൂട്ടക്കൊല (1919 ഏപ്രില്‍ 13)കൊണ്ടു നനഞ്ഞുകുതിര്‍ന്ന അമൃതസരസ്സിലെ മണ്ണില്‍ത്തന്നെ 1986 ആഗസ്റ്റ് 15-ന് മനുഷ്യരക്തം ചീന്തി. അരുണ്ദള് മേധാവി ബാബാ അജിത് സിംഹിന്റെ നേരെയാണ് അന്ന് അക്രമികള്‍ നിറയൊഴിച്ചത്. ജലന്ധറിലെ ഗാന്ധിപ്രതിമയ്ക്കു കറുത്ത ചായം തേച്ചു. പ്രതിമയുടെ മുകളില ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തി. ബാദല്കക്ഷി സ്വാതന്ത്ര്യദിനം പ്രതിഷേധദിനമായി ആചരിച്ചു.
തൃശൂരിലെ പാലാഴി സംസ്കൃത വിദ്യാപീഠത്തിലെ കൃഷ്ണവാരിയരെ ഓര്‍മയില്ലേ? വിദ്യാലയത്തിന്റെ ഉടമസ്ഥനും പ്രധാനാദ്ധ്യാപകനുമാണ് അദ്ദേഹം. അവിടെ, സ്വാതന്ത്ര്യദിനത്തിന്റെ തലേന്നുതന്നെ ‘ജനഗണമന’ നിറുത്തിവച്ചു. അതോടെ കൃഷ്ണവാരിയരും ‘യഹോവായുടെ സാക്ഷി’യായി മാറി.
അങ്ങനെ നാം എന്തിനും സ്വാതന്ത്ര്യമുള്ള ഒരു ജനതയായി ഉയര്‍ന്നിരിക്കുന്നു എന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ദല്‍ഹിയിലെ ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും ഇന്ത്യ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്തവണ്ണം സെക്യൂരിറ്റി സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വെടിയുണ്ട കയറാത്ത കണ്ണാടിക്കൂട്ടിനുള്ളില്നിന്നാണ് രാജീവ്ഗാന്ധി പ്രസംഗിച്ചത്. ഇതെല്ലാം നടന്നത് മഹാത്മാഗാന്ധിയുടെ ഇന്ത്യയിലാണ് എന്ന് ഓര്‍ക്കുക. എങ്കിലും ഇത്രയുമൊക്കെ മനസ്സിലാക്കാന്‍ നമുക്ക് കഴിയും.