(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
കഴിഞ്ഞ ബുധനും വ്യാഴവും തിരുവനന്തപുരത്തായിരുന്നു ഞാന്‍. ആദ്യദിവസം, സി. കേശവന് സ്മാരകകമ്മിറ്റി. ജൂലൈ ഏഴ്, അദ്ദേഹ ത്തിന്റെ 21-ാം ചരമവാര്‍ഷിക ദിനമാണ്. അതു പ്രമാണിച്ച് കൊല്ലത്ത് രണ്ടു ദിവസം നീളുന്ന പരിപാടി വയ്ക്കുന്നു. കേന്ദ്രമന്ത്രി പാസ്വാന് സംബന്ധിക്കുമെന്നറിയിച്ചിട്ടുണ്ട്. പ്രധാനകാര്യം പ്രതിമയുടേതാണ്. കേശവന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിരിക്കയാണ്. ത്രിമൂര്‍ത്തികളില്‍, പട്ടത്തിന്റെ പ്രതിമ തിരുവനന്തപുരത്ത് നാലഞ്ചു വര്‍ഷം മുമ്പ് സ്ഥാപിച്ചു. കേശവന്റേത് ഇക്കൊല്ലം–എന്നു പറഞ്ഞാല്‍ 1991 മെയ് 23-നോ അതിനുമുമ്പോ — സ്ഥാപിക്കപ്പെടും. ഇവിടെ കൊല്ലംകാരോട് ഒരു ചോദ്യം? എന്തുകൊണ്ട് ടി.എം. വറുഗീസിന്റെ സ്മാരകം ഉണ്ടാകുന്നില്ല. (വറുഗീസ് കൊല്ലംകാരുടെ മാത്രമായിരുന്നു എന്നു ഞാന്‍ പറയുകയല്ല. കൊല്ലംകാര്‍ക്ക് കൂടുതല്‍ ബാദ്ധ്യത ഉണ്ടെന്നു മാത്രമേ പറയുന്നുള്ളൂ.) സി. കേശവന്റെ സ്മരണ നിലനിറുത്തുന്നതിന് അദ്ദേഹത്തെപ്പറ്റി ഇന്നത്തെ യുവതലമുറയ്ക്കും ഭാവിതലമുറകള്‍ക്കും പഠിക്കുന്നതിനുവേണ്ടി ഒരു സ്മരണികയും പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
പിറ്റേദിവസം അക്കമ്മചെറിയാന്റെ പ്രതിമ സംബന്ധിച്ച തീരുമാനവും എടുത്തു. റവന്യൂമന്ത്രി പി. എസ്. ശ്രീനിവാസന് വിളിച്ചുകൂട്ടിയ ഒരു കോണ്‍ഫ്രന്‍സ്–ഉദ്യോഗസ്ഥന്മാരും കമ്മറ്റിക്കാരും–ആണ്, രാജ്ഭവന്റെ മുന്‍വശമുള്ള ഐലണ്ട് പാര്‍ക്കില്‍ പ്രതിമ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അക്കമ്മയുടെ പ്രതിമ സ്ഥാപിക്കാന്‍ നിരവധി സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഏതെങ്കിലുമൊരു വകുപ്പിന്റെ, അല്ലെങ്കില്‍ സിറ്റി കോര്‍പ്പറേഷന്റെ ഉടക്കുകൊണ്ട് കാര്യം നീണ്ടുപോകുകയാണു ചെയ്തത്. കിഴക്കെകോട്ടയുടെ തെക്കേ ഗെയിറ്റും റെയില്‍വേസ്റ്റേഷന്റെ മുമ്പിലുള്ള പാര്‍ക്കും ചില ഐലണ്ടു കളും കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. തന്റെ ജന്മദിനത്തില് (1114 തുലാം ഏഴ്-1938 ഒക്ടോബര്‍ 24) കിഴക്കെകോട്ടയില്‍ എഴുന്നള്ളിപ്പാര്ത്ത മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ സന്നിധിയിലേക്ക് അക്കമ്മ നയിച്ച പതിനായിരങ്ങളുടെ ജാഥ തടഞ്ഞത് ഗേറ്റിലാണ്. ജാഥ പുറപ്പെട്ടത് റെയില്‍വേ സ്റ്റേഷനു മുമ്പില്നിന്നുമത്രെ. ഇതില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് പ്രതിമ വയ്ക്കുന്നതില്‍ കൂടുതല്‍ ഔചിചത്യമുണ്ടായിരുന്നു.
ഒടുവിലത്തെ ശ്രമം, വെള്ളയമ്പലം റോഡില്‍ മ്യൂസിയത്തിന്റെ കിഴക്കേ ഗേറ്റിനു സമീപമുള്ള ഐലണ്ടില് പ്രതിമ വയ്ക്കാനായിരുന്നു. (ഇതിനടുത്ത് വാട്ടര്‍വര്‍ക്സ് കോംപൗണ്ടിലാണ് മുമ്പ് അമ്മമഹാറാണിയുടെ പ്രതിമ സ്ഥാപിച്ചിരുന്നത്. രാജഭരണത്തിനെതിരെ ജനപ്രക്ഷോഭം ആളിക്കത്തിയപ്പോള്‍ ഈ പ്രതിമ തകര്‍ക്കപ്പെട്ടു.) ഈ സ്ഥലം പ്രതിമയ്ക്കുവേണ്ടി തരുന്നതിന് മന്ത്രിതന്നെ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടിയിരുന്നെങ്കിലും, കോര്പ്പറേഷന് ഒരു വ്യാപാരസ്ഥാപനത്തിന്റെ ‘പരസ്യസ്തംഭ’ത്തിന് അതു നല്‍കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ നിര്‍ദ്ദേശം വന്നത്.
ജൂണ്‍ 21-നു രാവിലെ 11.30-നാണ് മന്ത്രിയുടെ മുറിയില്‍വച്ചു തീരുമാനം എടുത്തത്. ടൂറിസം വകുപ്പിന്റെ കൈവശമാണ് പ്രസ്തുതപാര്ക്ക്. തീരുമാനം കഴിഞ്ഞ് 15 മിനിറ്റിനകം ടൂറിസം ഡയറക്ടര്‍ കെ. ജയകുമാര്‍ ഞങ്ങളെയും കൂട്ടിക്കൊണ്ട് പാര്‍ക്കിലെത്തി, ആവശ്യമായ സ്ഥലം അളന്നു തിരിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പ്രതിമാനിര്മ്മാണകമ്മിറ്റിയുടെ ചെയര്മാന് ഡോ. ജി. രാമചന്ദ്രന്, ഉടനെതന്നെ ഉപരാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മയ്ക്ക് കത്തെഴുതുകയും ചെയ്തു. അടുത്തുവരുന്ന തുലാം ഏഴാം തീയതി (1990 ഒക്ടോബര്‍ 24) ചരിത്രപ്രസിദ്ധമായ ജാഥയുടെ 52-ാം വാര്‍ഷികമാണ്. അന്നുതന്നെ പ്രതിമയുടെ അനാവരണം നടത്താനാണ്, ഉപരാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
അങ്ങനെ, തിരുവനന്തപുരത്ത് രണ്ടു പ്രതിമകൂടി വരുന്നു. ഇപ്പോള്‍, തിരുവനന്തപുരത്തുള്ള പ്രതിമകള്‍ ഏതൊക്കെയാണ്? ഒന്നാമത് ഓര്‍മ്മിക്കേണ്ടത് ടി. മാധവറാവു (1828-1891) വിനെയാണ്. സെക്രട്ടേറിയറ്റിന്റെ നേരേ മുമ്പിലുള്ള പ്രതിമ. ആ ഭാഗത്തിനും, റോഡിനുംതന്നെ ‘സ്റ്റാച്യൂ’ എന്ന പേര് വന്നത് അതുകൊണ്ടാണ്. (മഹാരാഷ്ട്രക്കാരനായ റാവു, തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ട്യൂട്ടറായി ഉദ്യോഗമാരംഭിച്ചു. മുപ്പതാം വയസ്സില്‍ ദിവാനായി. ഭരണം ബ്രിട്ടീഷ് മാതൃകയില്‍ പുനസ്സംഘടിപ്പിച്ചു. കൂടുതല്‍ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. സെക്രട്ടേറിയറ്റ് മന്ദിരം പണിയിച്ചു–1890-ല്‍. ഉദ്യോഗസ്ഥന്മാര്ക്കു പെന്ഷന് ഏര്‍പ്പെടുത്തി. 14 വര്‍ഷത്തെ ഭരണംകൊണ്ട് തിരുവിതാംകൂറിനെ ഒരു മാതൃകാ സംസ്ഥാനമാക്കി. ഒടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചു.) സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്തന്നെ നില്ക്കുന്ന വേലുത്തമ്പിയെക്കൂടി കണ്ടിട്ട് അപ്പുറത്തേക്ക് നീങ്ങാം.
വി. ജെ. ടി. ഹാളിന്റെ മുമ്പിലാണ്, പട്ടംതാണുപിള്ളയുടെ പ്രതിമ. സുഭാഷ് ചന്ദ്രബോസ് മസ്ക്കറ്റ് ജങ്ഷനിലും. രണ്ടു മഹാകവികള്‍ക്കും സാഹിത്യകാരന്മാരുടെ കേന്ദ്രമായ രാജധാനിയില്‍ സ്ഥലം ലഭിച്ചു. കേരള സര്‍വ്വകലാശാല സെനറ്റ്മന്ദിരത്തിന്റെ മുമ്പില്‍ കുമാരനാശാനും പബ്ളിക്ലൈബ്രറിയുടെ മുന്നില്‍ ഉള്ളൂര്‍ പരമേശ്വരയ്യരും നില്ക്കുന്നു. അയ്യങ്കാളി (1863-1941)യുടെ പ്രതിമ വെള്ളയമ്പലം ജങ്ഷനിലാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രതിമയുടെ കാര്യം ഞാന്‍ ഒടുവിലേക്കു മാറ്റിവച്ചതാണ്. മഹാത്മാഗാന്ധിയുടെ മഹാമോശമായ ഒരു പ്രതിമയാണ് കിഴക്കേക്കോട്ടയ്ക്കകത്ത് നില്‍ക്കുന്നത്. പ്രതിമ മാത്രമല്ല അന്തരീക്ഷവും മോശം. ഗാന്ധിജിയുടെ നല്ല ഒരു പ്രതിമ കൂടുതല്‍ നല്ല ഒരു സ്ഥലത്ത് വയ്ക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നു പറയട്ടെ. അര്ദ്ധകായപ്രതിമകള് അങ്ങുമിങ്ങുമൊക്കെയുണ്ട്. അത് ഞാനിവിടെ എടുത്തിട്ടില്ല. പൂര്ണ്ണകായപ്രതിമകളില് വല്ലതും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ വായനക്കാര്‍ ചൂണ്ടിക്കാണിക്കട്ടെ.
24-6-’90