മഹാകവി ജീവിച്ചിരിക്കുന്ന കാലത്തുതന്നെ പ്രസിദ്ധികരിച്ചതാണ് (1914) ലീല. ആശാന്റെകാലത്തെ പതിപ്പുകളിലൊന്നും ‘ഹരിതാപം’ കടന്നുകൂടിയിരുന്നില്ല. ഇതൊന്നും ശ്രദ്ധിക്കാതെയാവും നമ്മുടെ പ്രൊഫസര്‍ ഇങ്ങനെയും ഒരു version ഉണ്ടെന്ന് തട്ടിവിട്ടത്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഏപ്രിൽ 30, 1998
ഒരു അക്ഷരപ്പിശക് ഉണ്ടാക്കിവയ്ക്കുന്ന വിനകളെപ്പറ്റി നമ്മള് അത്രതന്നെ ബോധവാന്മാരല്ല. എങ്കിലും ഇവിടെ പറയുന്ന ഒരക്ഷരം ഉണ്ടാക്കിവച്ച കുഴപ്പം ഒട്ടും ചെറുതല്ലെന്നു കാണാം. കുമാരനാശന്റെ പദ്യകൃതികളുടെ പുതിയൊരു പതിപ്പ്, ആശാന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് (ഏപ്രില്‍ 12) ഡി.സി.ബുക്സ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതില്‍ ‘ലീല’യുടെ രണ്ടാംസര്ഗ്ഗത്തിലെ 14-ാമത് പദ്യത്തിലാണ് തകരാറ് സംഭവിച്ചത്.
‘പരിണാഹമെഴും മഹാവനം
ഹരിതാഭം തടവുന്നു സാനുമാന്‍
പരപാര്ശ്വമതില് ചരിപ്പൂസ-
സ്വര ‘രേവാ’ നദി സാഗരോന്മുഖി.’
രണ്ടാംവരിയിലെ ഹരിതാഭം അച്ചടിച്ചു വന്നപ്പോള്‍ ഹരിതാപമായി മാറിപ്പോയി. 1975-ല്‍ പ്രസിദ്ധപ്പെടുത്തിയ ആശാന്റെ പദ്യകൃതികളില്‍ വന്ന തെറ്റ് 1998-ലെ പതിപ്പിലും ആവര്ത്തിക്കയാണുണ്ടായത്. രണ്ട് പതിപ്പിലും ഹരിതാപമാണുള്ളതെങ്കിലും തൊട്ടടിയില്‍ കിടക്കുന്ന ടിപ്പണിയില്‍ ശരിക്കാണ് അച്ചടിച്ചിട്ടുള്ളത്. ഹരിതാഭം=പച്ചനിറമായ എന്ന്. കുഴപ്പം ഇത്രയുംകൊണ്ട് തീര്‍ന്നിരുന്നെങ്കില്‍ വേണ്ടില്ലായിരുന്നു. അതിനപ്പുറം ഭീകരമായ ഒരപകടത്തിലാണ് അതു ചെന്നുവീണത്. ശരിക്കും ഒരു ചെളിക്കുഴിയിലെന്ന് പറഞ്ഞാലും തെറ്റില്ല.
തോന്നയ്ക്കല്പോലെ വലുതല്ലെങ്കിലും കായിക്കരയിലെ ആശാന് സ്മാരകവും സഹൃദയരുടെ, പ്രത്യേകിച്ചും ആശാന്ഭക്തന്മാരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുള്ളതാണ്. എനിക്കും കായിക്കരസ്മാരകത്തോട് സ്വല്പം ബന്ധമുണ്ട്. അതിന് രൂപംനല്കുന്ന കാലത്ത്, മുന്‍ ചീഫ് ജസ്റ്റിസായിരുന്ന കെ. ശങ്കരന് പണപ്പിരിവിന് കോട്ടയത്ത് വന്നിരുന്നു. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു ഓഹരി എടുക്കണമെന്നേ ജസ്റ്റിസ് ശങ്കരന് ഉദ്ദേശിച്ചിരുന്നുള്ളു. അതിനപ്പുറത്ത് സ്വന്തം നിലയില്‍ ഞാനും ഒരു ഓഹരി (100 ക.യാണ് ഓഹരിവില) എടുത്തിട്ടാണ് അദ്ദേഹത്തെ വിട്ടത്. പില്ക്കാലത്തും സൗകര്യം കിട്ടുമ്പോഴൊക്കെ ഞാന്‍ കായിക്കരസ്മാരകം സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ടുമൂന്നു വര്‍ഷം മുമ്പ് വക്കം ഖാദറുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വക്കത്ത് പോയപ്പോള്‍ കായിക്കരകൂടെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു. എങ്കിലും അവിടെ പോകാന്‍ സുഹൃത്തുക്കള്‍ എന്നെ അനുവദിച്ചില്ല. ഇന്ന് ആ നിലയ്ക്ക് മാറ്റം വന്നിരിക്കുമെന്ന് ആശിക്കട്ടെ.
ഞാന്‍ സ്വല്പം കാടുകയറിപ്പോയി. കായിക്കര സ്മാരകത്തിന്റെ മതിലില്‍ ചെമ്പുതകിടില്‍ ലീലയിലെ പദ്യങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതിലും 14-ാം പദ്യത്തിലെ ഹരിതാഭം ഹരിതാപമായി കൊത്തിവച്ചിരിക്കുന്നു. (ഞാന്‍ നേരിട്ട് സ്ഥലം സന്ദര്ശിച്ചല്ല ഇതെഴുതുന്നത്. കായിക്കരയില്‍നിന്ന് ശ്രീ പി.എന്‍. വത്സലന്‍ എനിക്കയച്ചുതന്ന കത്ത് വച്ചുകൊണ്ടാണ്).
ഇത്രയും വായിക്കുമ്പോള്‍, ചെറിയ കാര്യങ്ങളുടെ വായനക്കാര്‍ എങ്ങനെയൊക്കെ വിചാരിക്കുമെന്ന് എനിക്കറിയാം. ‘ഡി.സി. ബുക്സ് 1975-ലെ പദ്യകൃതികളില്‍ ഇങ്ങനെ ഒരക്ഷരമാണെങ്കിലും തെറ്റിച്ചത് കഷ്ടമായിപ്പോയി. ’98-ലെ പതിപ്പിലും തെറ്റ് ആവര്‍ത്തിച്ചത് കൂടുതല്‍ മോശമായി. ഇത് അതേപടി കായിക്കരസ്മാരകത്തിന്റെ മതിലില്‍ ചെമ്പുതകിടില്‍ കൊത്തിവച്ചത് കണ്ടാല്‍ കഷ്ടം, കഷ്ടം, കഷ്ടം എന്ന് മൂന്നു തവണയെങ്കിലും പറയണം. എന്നാല്‍ ഇനി പറയാനുള്ളതുകൂടി കേള്‍ക്കുമ്പോള്‍, നിങ്ങള്‍ക്ക് എന്തു തോന്നുമെന്ന് എനിക്ക് പ്രവചിക്കാനാവില്ല. ഒരു മലയാളം പ്രൊഫസറുടെ ഉത്തരവാദിത്വത്തിലാണ് പദ്യം തകിടില്‍ കൊത്തിവച്ചത്. അദ്ദേഹത്തെ തെറ്റ് ചൂണ്ടിക്കാണിച്ച്, തിരുത്തണമെന്നാവശ്യപ്പെട്ടപ്പോള് കിട്ടിയ മറുപടി ‘ഹരിതാപം എന്നും ഒരു version ഉണ്ട്’ എന്നായിരുന്നുവത്രെ. മഹാകവി ജീവിച്ചിരിക്കുന്ന കാലത്തുതന്നെ പ്രസിദ്ധികരിച്ചതാണ് (1914) ലീല. ആശാന്റെ കാലത്തെ പതിപ്പുകളിലൊന്നും ‘ഹരിതാപം’ കടന്നുകൂടിയിരുന്നില്ല. ഇതൊന്നും ശ്രദ്ധിക്കാതെയാവും നമ്മുടെ പ്രൊഫസര്‍ ഇങ്ങനെയും ഒരു version ഉണ്ടെന്ന് തട്ടിവിട്ടത്.
എഴുത്തച്ഛന്റെയും നമ്പ്യാരുടെയും കൃതികളില്‍ പുതിയ version കണ്ടുപിടിക്കുന്ന പ്രൊഫസര്‍മാര്‍ ആശാനെ വെറുതെ വിടുകയാവും നന്ന്.