സൈക്കിള്ചെയിനും കത്തിയുമൊന്നും ഏന്തിനടക്കേണ്ടവരല്ല വിദ്യാര്‍ത്ഥികള്‍. 21-ാം നൂറ്റാണ്ടില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാദ്ധ്യസ്ഥരായ പൗരന്മാരായി നമ്മുടെ കുട്ടികളെ വളര്‍ത്തുക. രാഷ്ട്രീയത്തിലേക്ക് അവരെ വലിച്ചിഴച്ച് അവരുടെയും നാടിന്റെയും നാശത്തിനിടയാക്കാതിരിക്കുക.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 11.7.’96
കേരളത്തിലെ വിദ്യാഭ്യാസനിലവാരം കുറെ വര്‍ഷങ്ങളായി കുപ്രസിദ്ധി സമ്പാദിച്ചിട്ടുണ്ട്. അതിനുള്ള കാരണങ്ങളെപ്പറ്റി നമ്മുടെ ഭരണാധികാരികളില്‍ ആരെങ്കിലും തലപുകഞ്ഞ് ആലോചിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിനുള്ള കാരണങ്ങളില്‍ ഒന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനുള്ള അവസരം രാഷ്ട്രീയത്തിനുവേണ്ടി മാറ്റിവയ്ക്കുന്നതാണെന്ന സത്യം എല്ലാവര്ക്കും അറിയാം; പലര്‍ക്കും സമ്മതിക്കാനിഷ്ടമല്ലെങ്കിലും.
സ്കൂള്രാഷ്ട്രീയത്തില്നിന്നു കുട്ടികളെ കുറെയെങ്കിലും രക്ഷിക്കാന്‍ കഴിയുന്ന ഒരു ഉത്തരവു വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞവര്‍ഷം ഇറക്കിയിരുന്നു. അതനുസരിച്ച് സ്കൂള്‍ രക്ഷാധികാരസമിതി എന്നു പറയാവുന്ന പി.ടി.എ.യാണ് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്താനുള്ള പരമാധികാരസഭ. രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരുമടങ്ങിയ സമിതിക്കാണല്ലോ വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റി ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിയുക. കഴിഞ്ഞമാസം ഡയറക്ടര്‍ മുന്‍ ഉത്തരവ് റദ്ദാക്കി. വിദ്യാഭ്യാസസുരക്ഷാസമിതി എന്നൊരു സംഘടന ഈ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗുപ്തന്നായരും ഉദയഭാനുവും സത്യവാനുമൊക്കെ ഇതിനുവേണ്ടി മുന്നോട്ടു വന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസ് പോയപ്പോള്‍, ഈ ലേഖകനും അതിന് ഒപ്പിട്ടുകൊടുത്തിരുന്നു. വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവിനെതിരെ ഹൈക്കോടതി ഒരു സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം വേണമോ എന്ന കാര്യത്തില്‍ അവസാന തീരുമാനം എടുക്കുംവരെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാനാണ് കോടതിയുടെ ജൂലൈ അഞ്ചാംതീയതിയിലെ ഉത്തരവില്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ സുഗമമായ പഠനം മൗലികാവകാശമാണെന്നു ഭരണഘടനയുടെ പ്രസക്തവകുപ്പു ചൂണ്ടിക്കാണിച്ച് കോടതി അനുസ്മരിപ്പിക്കുന്നു. പഠിക്കാനായി വിദ്യാലയത്തില്‍ വരുന്ന കുട്ടികളുടെ ചുമതല പഠിപ്പില്‍ മികവ് കാട്ടുകയാണെന്നും, രാഷ്ട്രീയാഭിപ്രായങ്ങള്‍ കാമ്പസ്സില്‍ കൊണ്ടുവരേണ്ട കാര്യങ്ങളല്ലെന്നും കോടതി എടുത്തുപറയുന്നു. പുറമേ നിന്നുള്ളവര്ക്കല്ലാ, അദ്ധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമാണ് കുട്ടികളുടെ ഭാവി നിശ്ചയിക്കേണ്ട ചുമതലയുള്ളതെന്നും ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
പ്രിയപ്പെട്ട രാഷ്ട്രീയനേതാക്കന്മാരേ, നിങ്ങളോട് രണ്ടുവരിയില്‍ ഒരഭ്യര്‍ത്ഥന. നമ്മുടെ കുട്ടികള്‍, പഠിക്കാനുള്ള സമയത്ത് റോഡില്‍ക്കൂടി അലഞ്ഞുനടക്കുന്ന കാഴ്ച ഉണ്ടാകാന്‍ നിങ്ങള്‍ അനുവദിക്കരുത്. സൈക്കിള്ചെയിനും കത്തിയുമൊന്നും ഏന്തിനടക്കേണ്ടവരല്ല വിദ്യാര്‍ത്ഥികള്‍. 21-ാം നൂറ്റാണ്ടില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാദ്ധ്യസ്ഥരായ പൗരന്മാരായി നമ്മുടെ കുട്ടികളെ വളര്‍ത്തുക. രാഷ്ട്രീയത്തിലേക്ക് അവരെ വലിച്ചിഴച്ച് അവരുടെയും നാടിന്റെയും നാശത്തിനിടയാക്കാതിരിക്കുക.
രാഷ്ട്രീയത്തിലും സ്വാതന്ത്ര്യസമരത്തിലും കുറച്ചൊക്കെ പങ്കുവഹിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം നിങ്ങളുടെ മുമ്പില്‍ വയ്ക്കാന്‍ കഴിയും. നമ്മുടെ നേതാക്കന്മാരെല്ലാം ഗാന്ധിജിയും നെഹ്റുവും ബോസും ആസാദും രാജന് ബാബുവും രാജാജിയും പട്ടേലും എല്ലാം പഠിച്ചിട്ടാണു രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചത്. നമ്മുടെ പ്രാദേശികനേതാക്കന്മാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇന്നു നമ്മുടെ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ 90 ശതമാനത്തിനും പഴയ നേതാക്കന്മാരുടെ ആ വിശിഷ്ട സ്വഭാവത്തിന്റെ കണികപോലുമില്ല. കുറച്ചധികം പണം വാരിക്കൂട്ടുകയും സ്ഥാനമാനങ്ങള്‍ നേടുകയും മാത്രമായിരിക്കുന്നു അവരുടെ ലക്ഷ്യം. അടുത്ത തലമുറ ഇതിനെക്കാള്‍ മോശമാകും, ഇന്നത്തെ മട്ടില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍.