( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 2-4-86
ചില ഉദ്യോഗസ്ഥന്മാര് റിട്ടയര്‍ചെയ്യുമ്പോള്‍ അവരുടെ പ്രാരബ്ധങ്ങളെപ്പറ്റി പറയും, നാലു പെണ്‍കുട്ടികളെ കെട്ടിച്ചുകൊടുക്കാനുണ്ട് എന്നൊക്കെ.
ഇവിടെ സുകുമാര്‍ അഴീക്കോട് റിട്ടയര്‍ചെയ്യുന്ന സമയത്ത് നാലു പെണ്മക്കളെയാണ് ഒരുമിച്ചു കെട്ടിച്ചുവിടുന്നത്. അതാണ് ഇന്നിവിടെ പുറത്തിറക്കുന്ന നാലു ഗ്രന്ഥങ്ങള്‍.’ വൈസ് ചാന്‍സലര്‍ ഹബീബ് മുഹമ്മദ് അഴീക്കോടിന്റെ നാലു പുസ്തകങ്ങള്‍–മലയാളസാഹിത്യപഠനങ്ങള്, വിശ്വസാഹിത്യപഠനങ്ങള്‍, ഖണ്ഡനവും മണ്ഡനവും, തത്ത്വവും മനുഷ്യനും–പ്രകാശിപ്പിച്ചുകൊണ്ട് (തിരുവനന്തപുരം മാര്‍ച്ച് 21) പ്രസംഗിക്കയായിരുന്നു.
കേസരി ബാലകൃഷ്ണപിള്ളയും ജോസഫ് മുണ്ടശ്ശേരിയും കുറ്റിപ്പുഴ കൃഷ്ണപിള്ളയും കുട്ടികൃഷ്ണമാരാരും ഒന്നിച്ച് ഒരിടത്തിരിക്കുന്നതു കാണണമെങ്കില്‍ സുകുമാര്‍ അഴീക്കോടിനെ കണ്ടാല്‍ മതിയെന്ന് ഹബീബ് പറഞ്ഞു.
യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ഡോ. കെ.എം.ജോര്‍ജ് ഗ്രന്ഥകാരനും പ്രസാധനസമിതിക്കും പ്രസാധകനും പൂച്ചെണ്ടു(വാക്കുകള്കൊണ്ടുള്ളത്) സമര്‍പ്പിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍കൂടിയായ മധുനായരുടെ പ്രസംഗത്തില്‍ സുകുമാര്‍ അഴീക്കോട് അമേരിക്കയിലായിരുന്നെങ്കില്‍ ഇതിനകം കോടീശ്വരനാകുമായിരുന്നുവെന്നു പ്രസ്താവിച്ചു. ‘അവിടെ പ്രസംഗം സൗജന്യമല്ല. മണിക്കൂറില്‍ 20,000 ഡോളര്‍വരെ പ്രതിഫലം കിട്ടുന്നവര്‍ അവിടെയുണ്ട്.’ അമേരിക്കയിലുള്ള അഞ്ചുലക്ഷം ഇന്ത്യാക്കാരില്‍ 75000 പേര് മലയാളികളാണെന്നും നമ്മുടെ അടുത്ത തലമുറയ്ക്കു മലയാളവുമായി ബന്ധമുണ്ടായിരിക്കയില്ലെന്നും മധു ചൂണ്ടിക്കാണിച്ചു.
അവിടെ മണിക്കൂര്‍ എന്നു പറഞ്ഞാല്‍ മണി (Money)യോടുള്ള കൂറ് എന്നാണര്‍ത്ഥം. അറുപതുവയസ്സായി എന്ന ബോദ്ധ്യം ഇല്ലാത്തതുകൊണ്ടാണ് തന്റെ പ്രസംഗം നല്ലതാണെന്ന് മറ്റുള്ളവര്‍ക്കു തോന്നുന്നതെന്നാണ് അഴീക്കോടിന്റെ അഭിപ്രായം. ‘പുസ്തകം മരിക്കുകയാണ് എന്ന് ഡീസീ പറയുന്നു. രാജ്യംതന്നെ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുസ്തകം മരിക്കുന്നു എന്നു പറയേണ്ട കാര്യമുണ്ടോ?’ അഴീക്കോട് ചോദിച്ചു. അദ്ദേഹം തുടര്‍ന്നു: ‘പ്രസംഗങ്ങളും ലേഖനങ്ങളുംകൂടി 1000 പേജ് വീതമുള്ള 90 വാല്യങ്ങള്‍ ആണ് ഗാന്ധിജിയുടെ സമ്പൂര്‍ണ്ണകൃതികള്‍. ഒരു പുസ്തകത്തിന് അവതാരിക എഴുതിയപ്പോള്‍ അടിയില്‍ ഗാന്ധിജി സ്ഥലവും തീയതിയും വയ്ക്കേണ്ടിടത്ത് ‘കല്ക്കത്തയ്ക്കുള്ള യാത്രയ്ക്കിടയില്‍’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്റെ പേരിലെ ‘സുകുമാരന്‍’പോലെയല്ല ഗാന്ധിയുടെ പേരിലെ ‘കര്മചന്ദ്രന്.’
‘അഴീക്കോട് നിരന്തരം പ്രസംഗിക്കുന്നു. ഓരോ പ്രസംഗത്തില്‍നിന്നും പുതിയ പുതിയ ആശയങ്ങള്‍ ഉരുത്തിരിയുന്നു.’ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ചൂണ്ടിക്കാണിച്ചു. സ്വാഗതപ്രസംഗത്തില്‍ ഞാനിങ്ങനെ പറയുകയുണ്ടായി: ‘സുകുമാര്‍ അഴീക്കോട് ഇങ്ങനെ പ്രസംഗിച്ചു സമയം പാഴാക്കാതെ വല്ലതും എഴുതാന്‍ ശ്രമിക്കണമെന്ന് ഈയിടെ ഒരു മാന്യന് എഴുതിയിരിക്കുന്നതു കണ്ടു. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ അഴീക്കോട് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ അടുക്കി ഇന്ഡെക്സ്ചെയ്തുവച്ചിട്ടുണ്ട്. അതിന്റെ എണ്ണം 1300 ആണ്. ഇതില്‍നിന്നു തിരഞ്ഞെടുത്ത 107 ലേഖനങ്ങളാണ് ഇവിടെ നാലു വാല്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ഇനിയുള്ളതു പ്രസിദ്ധപ്പെടുത്തണമെങ്കില്‍ ഇതുപോലുള്ള 48 വാല്യങ്ങള്‍ കൂടി വേണം. അതിനു പന്ത്രണ്ടു ലക്ഷം രൂപ ചെലവാകും. ഇവയെല്ലാം പ്രസിദ്ധപ്പെടുത്താന്‍ ആര് എന്ന് തയ്യാറാകും?’