നാലു വര്‍ഷത്തിനുശേഷം ഋഷികേശത്തിലെത്തി. ലോകപ്രസിദ്ധനായിരുന്ന സ്വാമി ശിവാനന്ദസരസ്വതി(1887-1963) യുമായി പരിചയപ്പെട്ടു. അധികം വൈകാതെ അദ്ദേഹത്തിന്റെ ശിഷ്യനായിത്തീര്‍ന്നു. പിന്നീട് വേദാന്ത അക്കാഡമിയില്‍ ഹഠയോഗപ്രൊഫസറും ശിവാനന്ദാശ്രമത്തിന്റെ സെക്രട്ടറിയുമായി.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബര്‍ 16, 1993
ഇനി ഒരു ദുഃഖകരമായ കുറിപ്പുകൂടി. ഒരു മരണം. മഹത്ചരമം എന്നോ മറ്റോ വേണം പറയാന്‍. പറക്കുംസ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാമി വിഷ്ണുദേവാനന്ദ മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ അന്തരിച്ചു.
1927-ല്‍ പാലക്കാട് ജില്ലയിലെ നെന്മാറയില് ജനിച്ച സ്വാമി സ്കൂള്‍വിദ്യാഭ്യാസം കഴിഞ്ഞ് സൈന്യത്തില്‍ ചേര്‍ന്നു. കുട്ടന്നായര് എന്നായിരുന്നു അന്നത്തെ പേര്. നാലു വര്‍ഷത്തിനുശേഷം ഋഷികേശത്തിലെത്തി. ലോകപ്രസിദ്ധനായിരുന്ന സ്വാമി ശിവാനന്ദസരസ്വതി(1887-1963) യുമായി പരിചയപ്പെട്ടു. അധികം വൈകാതെ അദ്ദേഹത്തിന്റെ ശിഷ്യനായിത്തീര്‍ന്നു. പിന്നീട് വേദാന്ത അക്കാഡമിയില്‍ ഹഠയോഗപ്രൊഫസറും ശിവാനന്ദാശ്രമത്തിന്റെ സെക്രട്ടറിയുമായി. സ്വാമി ശിവാനന്ദതന്നെയാണ്, വിഷ്ണുദേവാനന്ദയെ ശിവാനന്ദാശ്രമത്തിന്റെ അപ്പോസ്തലനായി അമേരിക്കയിലേക്കയച്ചത്. യോഗപ്രചാരകനായിരുന്ന സ്വാമി അമേരിക്കയിലും കാനഡയിലുമായി അഞ്ച് ആശ്രമങ്ങള്‍ സ്ഥാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 25 ലധികം യോഗാകേന്ദ്രങ്ങളും. അതിരുകളില്ലാത്ത ലോകമായിരുന്നു പറക്കും സ്വാമിയുടെ സ്വപ്നം. 1962-ലാണ്, കാനഡയിലെ വാല്മോറിന് ഗ്രാമത്തില്‍ ശിവാനന്ദാശ്രമം സ്ഥാപിച്ചത്. 300 ഏക്കര്‍ വരുന്ന ഈ ആശ്രമമാണ് ലോകത്തിലെ ശിവാനന്ദകേന്ദ്രങ്ങളുടെ ആസ്ഥാനം. മോണ്ട്രിയാലില്നിന്ന് 80 കിലോമീറ്റര്‍ ദൂരമേയുള്ളു, വാല്മോറിനിലേക്ക്.
1983 ജൂലൈയില്‍ എനിക്ക് ഈ ആശ്രമത്തില്‍ മൂന്നുദിവസം കഴിഞ്ഞുകൂടാനവസരം ലഭിച്ചു. മാതൃഭൂമിയുടെ വീരേന്ദ്രകുമാറും പത്നിയും, മാധവന്‍കുട്ടിയും ഞാനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ന്യൂയോര്‍ക്കില്‍നിന്നു ഞങ്ങളെയുംകൊണ്ട് കാനഡയിലേക്ക് പോയതും, മോണ്ട്രിയാലും ഒട്ടാവയും നയാഗ്രയും ടോറന്റോയുമുള്പ്പെടെ ഒരാഴ്ച നീണ്ടുനിന്ന കാനഡാപര്യടനത്തിനു നേതൃത്വം നല്കിയതും ന്യൂയോര്‍ക്കിലെ ശിവാനന്ദാശ്രമത്തിന്റെ അധിപയായ മഹിളയായിരുന്നു. ഈ ആശ്രമത്തില്‍വെച്ചാണ്, ആശ്രമവാസികളായ സസ്യഭുക്കുകളുടെ പ്രത്യേകതകള്‍ എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇവര്‍ മുട്ട മാത്രമല്ല മൃഗങ്ങളുടെ പാലും ഉപയോഗിക്കയില്ല. പാലിനും തൈരിനുമൊക്കെ സോയാബീന്പാലാണുപയോഗിക്കുക. വാല്മോറിനിലെ താമസത്തിനിടയില്‍ സ്വാമിയുമൊന്നിച്ചായിരുന്നു ഞങ്ങളുടെ ബ്രഞ്ച് (ബ്രേക്ക്ഫാസ്റ്റും ലഞ്ചുംകൂടിയതാണ് ബ്രഞ്ച്).
ഞാന്‍ പിന്നീട് സ്വാമി വിഷ്ണുദേവാനന്ദ നാട്ടില്‍ വരുമ്പോള്‍ കാണുക പതിവായിരുന്നു. (മാത്രമല്ല, അദ്ദേഹം തിരുവനന്തപുരത്തിനടുത്ത് നെയ്യാര്‍ഡാമിനു സമീപം സ്ഥാപിച്ചിട്ടുള്ള ആശ്രമത്തില്‍ എന്റെ മകന് രവി യോഗാപരിശീലനം നേടിയിട്ടുമുണ്ട്). എങ്കിലും അടുത്തകാലത്ത് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല എന്ന ദുഃഖം നിലനില്ക്കുന്നു.