ആളുകളുമായി ഇടപെടുന്ന കാര്യത്തില്‍ സുകുമാരന്റെ കഴിവ് അത്ഭുതാവഹമായിരുന്നു. ഒട്ടുവളരെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞിട്ടുള്ള ടാറ്റാപുരം, ഏതാണ്ട് വയസ്സിനൊപ്പിച്ചു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബര്‍ 30, 1988
കോട്ടയത്ത് എത്തി അന്നത്തെ കത്തുകള്‍ നോക്കിയപ്പോള്‍ ടാറ്റാപുരം സുകുമാരന്റെ മകന്റെ ഒരു കത്ത്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഞാന്‍ സുകുമാരനയച്ച കത്തിനുള്ള മറുപടിയാണത്. ‘അച്ഛന് നാലഞ്ചുദിവസമായി ആശുപത്രിയിലാണ്. രോഗം മൂര്‍ച്ഛിച്ചിരിക്കുന്നു. ആശയ്ക്കു വഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.’ എനിക്കു വല്ലാത്ത വിഷമം തോന്നി. ഞാന്‍ എറണാകുളത്തേക്കു വിളിച്ചു. മകന് ഹരിയെ കിട്ടി. ‘രോഗം എന്താണെന്നു സാര്‍ അറിഞ്ഞിരുന്നോ?’ ഹരിയുടെ ചോദ്യം. ഇല്ല എന്നു മറുപടി. ‘കാന്‍സറാണ്. നാലഞ്ചു ദിവസമായി ബോധമില്ല.’
എന്റെ ആക്സിഡന്റ് കാര്യം ഹരിയെ ധരിപ്പിച്ചിട്ട്, രണ്ടുമൂന്നു ദിവസംകൂടി കഴിഞ്ഞ് ഞാന്‍ വരുമെന്നു പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് ഫോണ്‍ സന്ദേശം: ‘അച്ഛന് മരിച്ചു.’ സംസ്കാരം അതിനടുത്ത ദിവസം രാവിലെയാണെന്നും മനസ്സിലായി. സംസ്കാരകര്‍മങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ഞാനവിടെയെത്തി. കാണേണ്ടതു കണ്ടു. ഒട്ടും നില്ക്കാന് വയ്യാത്ത അവസ്ഥ. സി.പി.ശ്രീധരന്റെ നിര്‍ബന്ധംകൊണ്ട് ഞാനവിടെ കൂടുതല്‍ തങ്ങിയില്ല (ശ്രീധരന്റെ നേതൃത്വത്തിലാണ് അവിടെ കാര്യങ്ങളൊക്കെ നടക്കുന്നതെന്നു തോന്നി). കഴിഞ്ഞ രണ്ടുമൂന്നുമാസത്തിനുള്ളില്‍ സുകുമാരന്‍ എനിക്കു പല പ്രാവശ്യം എഴുതിയിരുന്നു. അതിലൊക്കെ, തനിക്കു സുഖമില്ലാതെ ആശുപത്രിയിലായിരുന്നു, ഇപ്പോള്‍ വീട്ടില്‍ കിടക്കുകയാണ്, കത്തെഴുതാന്‍ വയ്യ. എഴുതിക്കയാണ് എന്നെല്ലാം കണ്ടിരുന്നുതാനും. ഞാന്‍ ഇതിനൊന്നും വലിയ ഗൗരവം കൊടുത്തില്ല. ഞാനും ആശുപത്രിയിലായിരുന്നല്ലൊ എന്നിട്ട് അതു വല്ലതും വകവയ്ക്കുന്നുണ്ടോ. അതുപോലായിരിക്കണമല്ലോ സുകുമാരനും എന്നെല്ലാമായിരുന്നു എന്റെ തോന്നല്‍. എങ്കിലും കത്തില്‍ ഒന്നു ഞാനെഴുതി, അങ്ങോട്ടു വരുന്നുണ്ട് എന്ന്. പക്ഷേ ചെന്നത്, ശവസംസ്കാരത്തിനു ഒരു മണിക്കൂര്‍ മുമ്പുമാത്രം!
ടാറ്റാപുരം സുകുമാരന്‍, ഒടുവില്‍ ടാറ്റാ ഓയില്‍ മില്‍സിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്നു (പടിപടിയായി ഉയര്‍ന്ന് അവിടെയെത്തിയതാണ്). പക്ഷേ ടാറ്റാ ഓയില്‍മില്‍സ് അറിയാത്തവരും ടാറ്റാപുരം സുകുമാരനെ അറിയുമായിരുന്നു. അടങ്ങിയിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിലും സാഹിത്യഅക്കാദമിയിലും സാഹിത്യപരിഷ ത്തിലും അതുപോലെ മറ്റൊട്ടനവധി സംഘടനകളിലും സുകുമാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ 65 വയസ്സുണ്ടായിരുന്നെങ്കിലും ഒരു 35 കാരന്റെ പ്രസരിപ്പോടെമാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളു. ചിരിച്ചുകൊണ്ട് മാത്രമേ ഞാന്‍ സുകുമാരനെ കണ്ടിട്ടുള്ളു എന്നുകൂടി പറയട്ടെ. ആളുകളുമായി ഇടപെടുന്ന കാര്യത്തില്‍ സുകുമാരന്റെ കഴിവ് അത്ഭുതാവഹമായിരുന്നു. ഒട്ടുവളരെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞിട്ടുള്ള ടാറ്റാപുരം, ഏതാണ്ട് വയസ്സിനൊപ്പിച്ചു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.